കായംകുളം താലൂക്ക് ആശുപത്രി മുഖഛായ മാറ്റത്തിലേക്ക് പഴയ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി കായംകുളം: അത്യാധുനിക സംവിധാനങ്ങൾ ലക്ഷ്യമാക്കുന്ന താലൂക്കാശുപത്രിയുടെ നവീകരണ പദ്ധതിക്ക് തുടക്കമായി. ഇതിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. 1,40,000 ചതുരശ്രയടിയിൽ അഞ്ച് നിലകളുള്ള പുതിയ കെട്ടിട സമുച്ചയം സ്ഥാപിക്കാനാണ് പഴയത് പൊളിക്കുന്നത്. 14 കെട്ടിടങ്ങളാണ് നീക്കം ചെയ്യേണ്ടത്. ഇതിൽ 12 എണ്ണം പൊളിക്കാനാണ് അനുമതി ലഭിച്ചത്.
പേവാർഡുകൾ പ്രവർത്തിക്കുന്ന രണ്ട് കെട്ടിടങ്ങൾ പൊളിക്കുന്നതിന് അനുമതി ലഭിക്കാനുണ്ട്. ആദ്യഘട്ടത്തിൽ അഞ്ചും രണ്ടാം ഘട്ടത്തിൽ ഏഴ് കെട്ടിടങ്ങളും പൊളിക്കും. എക്‌സ്‌റേ കെട്ടിടം, പഴയ പ്രസവ വാർഡ്, അഭയകേന്ദ്രം, ജലസംഭരണി, പവർഹൗസ് കെട്ടിടം എന്നിവയാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്യുന്നത്. പൊളിക്കുന്ന കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന വിഭാഗങ്ങൾ പുതിയ ഒ.പി. ബ്ലോക്കിന്‍റെ മുകളിലേക്കാണ് മാറ്റുന്നത്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 25 ലക്ഷം രൂപ കിഫ്ബിയിൽ നിന്നും നൽകും. ബാക്കിതുക എച്ച്.എം.സി.യും നഗരസഭയും കണ്ടെത്തും.
താലൂക്കാശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കിഫ്ബിയിൽ നിന്നും 45.70 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. 150 കിടക്ക വാർഡ്, 16 പേവാർഡുകൾ, മേജർ ഒ.പി വിഭാഗം, ലബോറട്ടറി സംവിധാനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, മൂന്ന് മോഡുലാർ ഓപറേഷൻ തിയേറ്ററുകൾ, സെമിനാർഹാൾ, കോൺഫറൻസ്ഹാൾ, ഡൈനിങ്ഹാൾ, പവർ ലോൺട്രി, ഡയാലിസിസ് യൂണിറ്റ്, തീവ്രപരിചരണ വിഭാഗങ്ങൾ, സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ്, വാട്ടർ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ്, ചുറ്റുമതിൽ, സെക്യൂരിറ്റി കാബിൻ, അഗ്‌നിരക്ഷാ ഉപകരണങ്ങൾ, സി.സി.ടി.വി. യൂണിറ്റുകൾ, ലിഫ്റ്റ് സൗകര്യങ്ങൾ, ജനറേറ്ററുകൾ, ലാന്‍റ് സ്‌കേപിങ്, അത്യാധുനിക ആശുപത്രി ഉപകരണങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സംവിധാനങ്ങൾ വരുന്നതോടെ താലൂക്ക് ആശുപത്രി നിലവിൽ നേരിടുന്ന പരിമിതികൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.