കായംകുളം: കൃഷ്ണപുരത്ത് ഹോട്ടലുടമയെയും ജീവനക്കാരനെയും തട്ടിക്കൊണ്ടുപോയി മർദിച്ച ഗുണ്ടസംഘത്തെ പിന്തുടർന്ന പൊലീസുകാരന് ഇടുക്കിയിൽ കുത്തേറ്റ സംഭവത്തിൽ ഞെട്ടി കായംകുളം. കായംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ദീപക്കിനാണ് ചിന്നക്കനാലിൽെവച്ച് കുത്തേറ്റത്.
കൃഷ്ണപുരം കാട്ടൂസ് ഹോട്ടൽ ഉടമ റിഹാസ്, സഹായി അമീൻ എന്നിവരെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടയിലായിരുന്നു അക്രമം. 24ന് പുലർച്ചയാണ് റിഹാസിനെയും അമീനെയും ഇവർ ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് കായംകുളം, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ഇടുക്കിയിലേക്ക് കടന്ന ഇവരെ അന്വേഷണസംഘം പിന്തുടരുകയായിരുന്നു.
അമിതപലിശക്ക് പണം നൽകുന്ന ബ്ലേഡ് മാഫിയ സംഘങ്ങളുമായി ബന്ധപ്പെട്ടവരാണ് അക്രമിസംഘമെന്ന് പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട കുടിപ്പകയാണ് ഹോട്ടലുടമയെ തട്ടിക്കൊണ്ടുപോകാൻ കാരണം. ഒരുമാസം മുമ്പ് പൊലീസ് ഈ സംഘാംഗങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തി നിരവധി ബ്ലാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും എയർഗണ്ണും പിടിച്ചെടുത്തിരുന്നു. പലിശസംഘത്തിലെ ഷിനുവിനെ ലക്ഷ്യമിട്ട റെയ്ഡിൽ ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ കഴിയുന്ന തരത്തിലുള്ള രേഖകൾ കണ്ടെത്താനായില്ല. സംഘത്തിൽപെട്ട പത്തിയൂർ എരുവ പാലാഞ്ഞിയിൽ അനൂപിനെ (25) എയർഗൺ അടക്കം അന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ബ്ലാങ്ക് ചെക്കുകൾ, നിരോധിച്ച നോട്ടുകൾ, മുദ്രപ്പത്രങ്ങൾ എന്നിവ പലരുടെ വീടുകളിൽനിന്നായി പിടികൂടി. ഇതിൽ പൊലീസ് ലക്ഷ്യമിട്ട ഷിനുവിനെ ബന്ധിപ്പിക്കുന്ന രേഖകൾ കിട്ടാതിരുന്നത് നടപടികളെ ബാധിച്ചു.
ഇതിനിടെയാണ് അന്നത്തെ സംഭവത്തിൽ പകവീട്ടാനായി സംഘം വീണ്ടും കളത്തിലിറങ്ങിയത്. നഗരത്തിൽ മീറ്റർ പലിശ സംഘങ്ങൾ വർധിക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ പിൻബലത്തിലാണ് സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന സംസാരം ശക്തമായിരുന്നു. അതേസമയം, ഇത് രണ്ടാം തവണയാണ് കായംകുളത്തെ പൊലീസിനെ ഗുണ്ടസംഘം ആക്രമിക്കുന്നത്. 2016ൽ കസ്റ്റഡിയിലെടുത്ത് വിലങ്ങുെവച്ച ക്വേട്ടഷൻ കേസിലെ പ്രതിയെ പൊലീസുകാരെ വെട്ടിവീഴ്ത്തിയശേഷം പിതാവ് മോചിപ്പിച്ച സംഭവം സേനക്കേറ്റ തിരിച്ചടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.