പെരിങ്ങാല തോപ്പിൽ പുത്തൻവീട്ടിൽ കുഞ്ഞമ്മയെ ഗാന്ധിഭവൻ പ്രതിനിധികൾ ഏറ്റെടുക്കുന്നു

ഒറ്റപ്പെടലിന്‍റെ നൊമ്പരം ഇനിയില്ല; കുഞ്ഞമ്മക്ക് ഗാന്ധിഭവനിൽ അഭയം

കായംകുളം: തകർന്ന വീട്ടിൽ ഒറ്റപ്പെടലിന്‍റെ നൊമ്പരങ്ങളുമായി കഴിഞ്ഞിരുന്ന വയോധികക്ക് ഗാന്ധിഭവൻ അഭയമേകും. പെരിങ്ങാല തോപ്പിൽ പുത്തൻവീട്ടിൽ കുഞ്ഞമ്മയാണ് (76) പത്തനാപുരം ഗാന്ധിഭവനിലെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനുവേണ്ടി ജീവിതം സമർപ്പിച്ച ഇവർ വാർധക്യത്തിൽ ഒറ്റപ്പെടുകയായിരുന്നു. മേൽക്കൂര തകർന്ന് ഭിത്തികൾ വിണ്ടുകീറി ചോർന്നൊലിക്കുന്ന വീട്ടിലാണ് പ്രാരാബ്ദങ്ങളോട് മല്ലടിച്ച് കുഞ്ഞമ്മയും സഹോദരൻ ജോണിക്കുട്ടിയും കഴിഞ്ഞിരുന്നത്.

അഞ്ച് സഹോദരങ്ങളിൽ രണ്ടുപേർ നേരത്തേ മരിച്ചു. മാന്നാറിലേക്ക് വിവാഹം കഴിച്ചയച്ച സഹോദരി മെച്ചപ്പെട്ട അവസ്ഥയിലായിരുന്നില്ല. മലങ്കര കാത്തോലിക്ക ലിറ്റിൽഫ്ലവർ ചർച്ച്‌ ഇടവക അംഗങ്ങളായ ഇരുവർക്കും പള്ളിയുടെയും ചേതനയുടെയും സഹായം ലഭിക്കുന്നതായിരുന്നു ആശ്വാസം.

അയൽവാസികളും ആശ്വാസമായി എത്തുമായിരുന്നു. കുഞ്ഞമ്മക്ക് വാർധക്യസഹജമായ അവശതകളേറിയതോടെ ഇവരുടെ തണലിൽ കഴിഞ്ഞിരുന്ന ജോണിക്കുട്ടിയുടെ സ്ഥിതിയാണ് കഷ്ടത്തിലായത്. തുടർന്ന് ദുരിതങ്ങൾക്കിടയിലും മാന്നാറിലുള്ള സഹോദരി ജോണിക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. സഹോദരൻ പോയതോടെ കുഞ്ഞമ്മയുടെ സ്ഥിതി കൂടുതൽ മോശമായി.

വീട് ഏതുസമയത്തും നിലംപതിക്കുമെന്ന സ്ഥിതിയിലായതോടെ താമസം അപകട നിഴലിലായി. ചേതന ഡയറക്ടർ ഫാ. ലൂക്കോസ് കന്നിമേലാണ് ഇവർക്കായി ഗാന്ധിഭവനെ സമീപിച്ചത്. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്‍റെ നിർദേശപ്രകാരം സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ്‌ ഷമീർ എത്തിയാണ് ഏറ്റെടുത്തത്. സുരേഷ് വി.ആനന്ദ്, ടോം തോമസ്, അച്ചാമ്മ അലക്സ്‌ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - Kunjamma took refuge in Gandhi Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.