കായംകുളം: ദേവികുളങ്ങര പഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സിൽ മണ്ണിടിച്ചിൽ കാരണം പമ്പിങ് നിർത്തിയതോടെ ജലവിതരണം തകരാറിലായി. പുതുപ്പള്ളി പമ്പ് ഹൗസിലാണ് മണ്ണിടിച്ചിൽ ശക്തമായത്. പമ്പ് ഹൗസിന്റെ കിഴക്കേ അതിരിലെ വീടിന്റെ മുൻ വശത്താണ് ഇടിവുണ്ടായത്.
പമ്പിങ് നിർത്തിയതുമൂലം പൈപ്പ് ജലം മാത്രം ആശ്രയിക്കുന്ന പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളാണ് പ്രയാസത്തിലായത്. കുഴൽക്കിണറിന്റെ കാലപ്പഴക്കമാണ് മണ്ണിടിച്ചിലിന്റ പ്രധാന കാരണം. നേരത്തേ പലതവണ ചെറിയ രീതിയിൽ മണ്ണും ചളിയും കിണറ്റിലേക്ക് ഇറങ്ങി പമ്പിങ് മുടങ്ങിയ സാഹചര്യമുണ്ടായിട്ടുണ്ട്.
അസി. എക്സിക്യൂട്ടിവ് എൻജിനീയർ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രായോഗിക പരാഹാര മാർഗങ്ങളിലേക്ക് കടക്കാനായില്ല. പുതിയ കുഴൽക്കിണർ നിർമിക്കാൻ യു. പ്രതിഭ എം.എൽ.എയുടെ ഫണ്ടിൽനിന്ന് പണം അനുവദിച്ചിട്ടുണ്ട്.
പ്രശ്ന പരിഹാരത്തിന് ഭൂഗർഭ ജല വകുപ്പുമായി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. അടിയന്തരമായി പരിഹാരമുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.