കായംകുളം: നിർമാണം പുരോഗമിക്കുന്ന ദേശീയ പാതയിലൂടെയുള്ള യാത്ര ദിനങ്ങൾ പിന്നിടുന്തോറും കൂടുതൽ ദുസ്സഹമാകുന്നു. കുഴിപ്പാതയും ജലപാതയുമായി മാറിയ നിരത്തിലൂടെയുള്ള യാത്ര സാഹസികമായി മാറി. പാതയുടെ ഇരുവശത്തുമുള്ള ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും വർധിക്കുന്നു.
ലക്കും ലഗാനുമില്ലാത്ത നിർമാണപ്രവർത്തനം മൂലം കുടിവെള്ളവും വൈദ്യുതിയും മുടങ്ങുന്നത് പതിവാണ്. തൂണുകളിലെ ഉയരപ്പാതക്കായി സമരം നടക്കുന്നതിനാൽ കായംകുളം നഗരത്തിലെ നിർമാണം നിലച്ചിരിക്കുകയാണ്.
ജില്ല അതിർത്തിയായ ഓച്ചിറ മുതൽ കരീലക്കുളങ്ങര വരെ ഭാഗത്ത് യാത്ര ഏറെ ദുഷ്കരമാണ്. കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര നടുവൊടിക്കും. ബസുകളിൽ യാത്ര ചെയ്യുന്നവർ സീറ്റ് ഒഴിവുണ്ടെങ്കിലും നിൽക്കലാണ് പതിവ്. മഴയിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴികൾ തിരിച്ചറിയാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നത് വർധിക്കുന്നു.
നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ഇരുവശത്തും കോൺക്രീറ്റ് ബാരിക്കേഡുകൾ സ്ഥാപിച്ചതും സുഗമമായ ഗതാഗതത്തെ ബാധിക്കുന്നു. രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് പോകാൻ കഴിയുന്ന രീതിയിലാണ് ഇവ സ്ഥാപിച്ചത്. മഴയുള്ള രാത്രികളിൽ റോഡും ബാരിക്കേഡും തിരിച്ചറിയാൻ കഴിയാതെയുള്ള അപകടങ്ങളും പതിവായിട്ടുണ്ട്. റോഡ് തിരിക്കുന്ന ഭാഗങ്ങളിൽ മതിയായ തിരിച്ചറിയൽ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലാത്തതും പ്രശ്നമാണ്.
ദേശീയപാത നിർമാണം കാരണം റോഡിന്റെ ഇരുവശങ്ങളിലുമായി താമസിക്കുന്നവരാണ് പ്രയാസത്തിലായത്. മഴക്കാലത്ത് വെള്ളക്കെട്ടും വേനൽക്കാലത്ത് പൊടി ശല്യവും ജീവിതം ദുസ്സഹമാക്കുന്നു. വീട്ടിൽ നിന്നും സുഗമമായി പുറത്തേക്കിറങ്ങാൻ കഴിയാത്തതിന്റെ പ്രയാസങ്ങളും നേരിടുന്നു. നീരൊഴുക്ക് സംവിധാനങ്ങൾ അടച്ചതും ഓടകൾ ഉയർത്തി സ്ഥാപിച്ചതുമാണ് വെള്ളക്കെട്ടിന് കാരണം.
കരീലക്കുളങ്ങര മുതൽ ഓച്ചിറ വരെ നിരവധി കലുങ്കുകളാണ് നിർമാണത്തിനായി മൂടിയത്. ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെ കാര്യമായി ബാധിച്ചു. ചെറിയ മഴയിൽ പോലും വീടുകൾക്കുള്ളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. പാതയുടെ പടിഞ്ഞാറൻ ഭാഗത്തെ താമസക്കാരാണ് ഇതിന്റെ പ്രയാസം കൂടുതൽ അനുഭവിക്കുന്നത്.
വികസനം സൃഷ്ടിക്കുന്ന ദുരിതങ്ങളാണ് പാതയുടെ ഇരുവശത്തുമുള്ള താമസക്കാർക്ക് പങ്കുവെക്കാനുള്ളത്. വഴിതടസ്സം, വൈദ്യുതി മുടക്കം, കുടിവെള്ള പ്രശ്നം തുടങ്ങി ഓരോ ദിവസവും ഓരോ പ്രശ്നങ്ങളാണ് റോഡിന്റെ ഇരുവശത്തുമായി താമസിക്കുന്നവർ നേരിടുന്നത്.
മുൻകരുതലുകളും ദീർഘവീക്ഷണവും ഇല്ലാതെ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയുമുള്ള നിർമാണമാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണം.അശാസ്ത്രീയ ഓട നിർമാണവും ബാരിക്കേഡുകൾ സ്ഥാപിക്കലും കാരണം പലർക്കും വീടിന് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. വീട്ടിലേക്ക് ഇരുചക്രവാഹനങ്ങൾ പോലും കയറ്റാനാകാതെ പ്രയാസപ്പെടുന്നവർ നിരവധിയാണ്.
നിരന്തരം ജലവിതരണ പൈപ്പുകൾ തകർക്കുന്നത് നാട്ടുകാരുടെ കുടിവെള്ളം മുട്ടുന്നതിന് കാരണമാകുന്നു. നഗരത്തിന്റെ വടക്കൻ ഭാഗത്തെ ജനങ്ങളാണ് ഒടുവിൽ ഇതിന്റെ ദുരിതം പേറിയത്. കോളജ് ജങ്ഷന് സമീപത്തെ പ്രധാന ജലവിതരണ പൈപ്പ് തകർത്തതിനാൽ ഒരാഴ്ചയോളമാണ് ജനം കുടിവെള്ളത്തിനായി ഓടേണ്ടി വന്നത്. ഈ ഭാഗത്ത് അര നൂറ്റാണ്ടിലേറെ പഴക്കമുള്ള മൺപൈപ്പുകളാണുള്ളത്.
ഇതെല്ലാം തൊട്ടാൽ പൊട്ടുന്ന അവസ്ഥയിലാണ്. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകളുടെ സ്ഥാനം മനസ്സിലാക്കാതെയുള്ള നിർമാണമാണ് പ്രശ്നമാകുന്നത്. പോസ്റ്റുകളുടെ തകർച്ച പതിവായി വൈദ്യുതി മുടക്കത്തിനും കാരണമാകുന്നു. കൂടാതെ ടെലികോം കേബിളുകളടക്കമുള്ളവയുടെ തകർച്ചയും ജനങ്ങളെ ബാധിക്കുന്നു.
ഹരിപ്പാട്: ജനങ്ങളെ കടുത്ത പ്രയാസത്തിലാക്കിയും യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടത്ര പ്രാധാന്യം നൽകാതെയുമാണ് ദേശീയപാതയുടെ നിർമാണം പുരോഗമിക്കുന്നതെന്ന് ആക്ഷേപം. ദിനേന ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ദേശീയ പാതയാണ് നിർമിക്കുന്നതെന്ന ഗൗരവം കരാറുകാർക്കോ ബന്ധപ്പെട്ട അധികൃതർക്കോ ഇല്ലെന്നാണ് യാത്രക്കാരുടെ അനുഭവം.
നിസ്സാരമായി ഒഴിവാക്കാൻ കഴിയുന്ന പ്രയാസങ്ങളും അപകടങ്ങളുമാണ് ബന്ധപ്പെട്ടവരുടെ അലംഭാവം മൂലം യാത്രക്കാർ നേരിടുന്നത്.മഴ കടുത്തതോടെ ദേശീയ പാതയിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്.
തകര്‍ന്ന റോഡില്‍ അപകടങ്ങൾ പതിവാണ്. നിര്മാണത്തിനുവേണ്ടി പഴയ റോഡ് പൊളിച്ച് വഴി തിരിച്ചുവിടുന്ന സ്ഥലങ്ങളിലാണ് കൂടുതല്‍ ദുരിതം. ചെളിക്കുളങ്ങളായ സ്ഥിതിയിലാണ് റോഡ് കിടക്കുന്നത്. ചെറുതും വലുതുമായ കുഴികളും കൂടിയാകുമ്പോൾ പ്രയാസം ഇരട്ടിക്കുന്നു. ഇഴഞ്ഞല്ലാതെ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയില്ല.
വാഹനങ്ങൾ വിറക്കുന്ന തരത്തിലുള്ള ചെറിയ ഗട്ടറുകളാണ് പ്രശ്നം. രോഗികളുമായി യാത്ര ചെയ്യുമ്പോഴാണ് ഇത് കടുത്ത പ്രയാസം സൃഷ്ടിക്കുന്നത്. ഭാര വാഹനങ്ങള്‍ കുഴികളില്‍ വീണ് തകരാറാകുന്നതും വർധിക്കുന്നു. റോഡിലെ കുഴികൾ ഒഴിവാക്കിയാൽ തന്നെ വലിയ പ്രയാസം ഇല്ലാതാകും.
നിസ്സാരമായി പരിഹരിക്കാവുന്ന തരത്തിലുള്ള എല്ലാത്തരം യന്ത്ര സൗകര്യങ്ങളും സ്ഥലത്ത് ഉണ്ടായിരിക്കെയാണ് വിഷയം ബന്ധപ്പെട്ടവർ അവഗണിക്കുന്നതെന്നത്. കായംകുളത്തിനും തോട്ടപ്പള്ളിക്കും ഇടയിൽ കൊറ്റുകുളങ്ങര, ചേപ്പാട്, നങ്ങ്യാർകുളങ്ങര, ഹരിപ്പാട് ബസ്സ്റ്റാൻഡ്, മാധവാ ജങ്ഷൻ,
കരുവാറ്റ വഴിയമ്പലം തുടങ്ങിയ സ്ഥലങ്ങളിൽ റോഡിന്റെ ശോചനീയാവസ്ഥ കടുത്ത ദുരിതമാണ് തീർക്കുന്നത്. സൂചന ബോർഡുകൾ സ്ഥാപിക്കാത്തതാണ് ഗുരുതരമായ മറ്റൊരു വിഷയം. റോഡിന്റെ സ്ഥിതി ഓരോ ഭാഗത്തും വ്യത്യസ്തമായത് അപകട സാധ്യത ഉയർത്തുന്നു. മെച്ചപ്പെട്ട റോഡിൽ നിന്നും പെട്ടെന്ന് വഴുക്കലുള്ള ഭാഗത്തേക്ക് കയറുന്നത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമാകുന്നു.
മുന്നറിയിപ്പ് ബോർഡുകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നമാണിത്. രാത്രിയാണ് ഇത് കൂടുതൽ ഭീഷണിയാകുന്നത്. പുതുതായി നിർമിച്ച റോഡുകൾ അവസാനിക്കുന്ന ഘട്ടത്തിൽ താഴേക്കുള്ള ചരിവും പ്രശ്നമാണ്.
രാത്രി വേഗതയിൽ വരുന്ന വാഹനങ്ങൾ ചരിവ് തിരിച്ചറിയാതെ അപകടത്തിൽപ്പെടുന്നു. ഏറെ തിരക്കുള്ള നങ്ങ്യാര്‍കുളങ്ങര ജങ്ഷനിൽ സൂചനാ ബോര്‍ഡുകൾ സ്ഥാപിക്കാത്തത് അപകടത്തിനും ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്. ഇക്കാര്യങ്ങൾ കരാറുകാരെയും ദേശീയപാത അധികൃതരെയും അറിയിച്ചിട്ടും നടപടിയുണ്ടായില്ലന്നാണ് ആക്ഷേപം. ഇവിടെ നിന്നും ഹരിപ്പാട് എത്തുമ്പോൾ ദുരിതം ഇരട്ടിക്കും. ബസ് സ്റ്റാന്റിന് മുന്നിൽ ഉയരപ്പാതയുടെ നിര്‍മാണം കാരണം സർവത്ര കുരുക്കാണ്.
ഹരിപ്പാട്: ദേശീയപാത നിർമാണം വഴിമുടക്കിയതിനാൽ അടിയന്തര ചികിത്സ കിട്ടാതെ ഡോക്ടർ മരിച്ച സംഭവം കഴിഞ്ഞദിവസം ചേപ്പാട് ഉണ്ടായി. ചേപ്പാട് ഫലമൂട്ടിൽ ഡോ. ചെറിയാൻ ഫിലിപ്പാണ് (77) മരിച്ചത്.
വീടിനു മുന്നിൽ ഉയരത്തിൽ കാനയുടെ നിർമാണം നടക്കുന്നതിനാൽ മാസങ്ങളായി വീട്ടിലേക്കുള്ള വഴി അടഞ്ഞ നിലയിലാണ്. കൂടാതെ ഗർഡറും തടസ്സം സൃഷ്ടിക്കുന്നു. ഹൃദയാഘാതമുണ്ടായ ഡോക്ടറെ ഈ തടസ്സങ്ങളെല്ലാം അതിജീവിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ദേശീയപാതയുടെ നിർമാണം നൂറുകണക്കിന് കുടുംബങ്ങളെ ബന്ധനത്തിൽ ആക്കിയിരിക്കുകയാണ്. ഒരു സൈക്കിൾ പോലും വീട്ടിലേക്ക് കയറ്റാൻ കഴിയാതെ വിഷമിക്കുന്നവർ നിരവധിയാണ്. തങ്ങളുടെ പരാതി കേൾക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണെന്ന് ദുരിതബാധിതർ പ്രതികരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.