കായംകുളം: ഇടതുപക്ഷം രണ്ട് പതിറ്റാണ്ടായി കുത്തകയാക്കിയ ഭരണിക്കാവ് ഗ്രാമത്തിെൻറ അധികാരം തിരികെ പിടിക്കണമെന്നത് യു.ഡി.എഫിെൻറ എക്കാലത്തെയും മോഹമാണ്. എന്നാൽ, സ്വന്തം പക്ഷത്തെ പടലപ്പിണക്കങ്ങളും കോൺഗ്രസിലെ ഗ്രൂപ്പുപോരും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതിനാൽ വിജയമെന്നത് മോഹമായി അവശേഷിക്കുകയാണ്. ഇത്തവണയും കോൺഗ്രസിൽ സ്ഥിതി വ്യത്യസ്തമല്ലെന്നാണ് അണിയറയിലെ സംസാരം. അതേസമയം ഭരണം തിരികെ പിടിക്കാൻ ഗ്രൂപ്പിനതീതമായ നിലപാടുകൾ വേണമെന്ന നിർദേശവുമുണ്ട്. യു.ഡി.എഫിന് നിർണായക മുൻതൂക്കമുണ്ടായിരുന്ന പഞ്ചായത്ത് 2000ത്തിലാണ് ഇടതുപക്ഷത്തേക്ക് ചായുന്നത്. ജോയി വെട്ടിക്കോട്, എ.എം. ഹാഷിർ, ശ്യാമളാ ദേവി എന്നിവരാണ് കഴിഞ്ഞ മൂന്ന് തവണ പഞ്ചായത്തിനെ നയിച്ചത്. പ്രഫ. വി. വാസുദേവനാണ് നിലവിൽ പ്രസിഡൻറ്. എൽ.ഡി.എഫിനേക്കാൾ നാലായിരത്തോളം വോട്ടിന് മുകളിൽ മേൽക്കൈയുണ്ടായിരുന്ന യു.ഡി.എഫ് ഒാരോവർഷവും മെലിയുന്ന സ്ഥിതിയാണ്.
പഞ്ചായത്ത് ഭരണം നഷ്ടമായാലും നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് വൻമുന്നേറ്റമാണ്. കഴിഞ്ഞ നിയമസഭ-പാർലമെൻറ് തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷത്തിന് നേരിയ മുൻതൂക്കം നേടാനായത്. ഗ്രൂപ്പുതർക്കവും വിമത ശല്യവുമാണ് വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ പരാജയത്തിന് കാരണം. അടിവാരൽ ശക്തമായിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലും 21ൽ എട്ട് പേരെ വിജയിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. സ്ഥാനാർഥികളുടെ മികവും ചിട്ടയാർന്ന പ്രവർത്തനവുമാണ് ഇടതുപക്ഷത്തിന് സഹായകം. ഇത്തവണയും തെരഞ്ഞെടുപ്പ് രംഗത്ത് സി.പി.എം ആദ്യറൗണ്ട് പിന്നിട്ടിട്ടും കോൺഗ്രസിൽ കാര്യങ്ങൾ സ്ഥാനാർഥി നിർണയം സുഗമമായല്ല പുരോഗമിക്കുന്നത്. 14 ഒാളം വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എം തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. ഇവർ വീടുകൾ കയറിയുള്ള വോട്ടുപിടിത്തം തുടങ്ങിയിട്ടുണ്ട്.
ഇടതുമുന്നണിയിൽ എൻ.സി.പി, സി.പി.െഎ കക്ഷികൾക്കായി ഒാരോ വാർഡുകൾ മാറ്റിെവച്ചിട്ടുണ്ട്. മറ്റ് വാർഡുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച തീരുമാനം അടുത്ത ദിവസമുണ്ടാകും. ഇതിനിടെ പാർട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്ക സി.പി.എം നേതൃത്വത്തിനുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതിന് തടയിടാനായി ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്നാണ് അറിയുന്നത്.
എന്നാൽ, സി.പി.എമ്മിലെ വിഭാഗീയത മുതലെടുക്കാൻ കഴിയാത്ത തരത്തിലുള്ള ഗ്രൂപ്പുപോരാണ് കോൺഗ്രസിൽ നിലനിൽക്കുന്നത്. സ്ഥാനാർഥിത്വം ലഭിക്കാൻ ഗ്രൂപ്പുകൾ തമ്മിൽ കടുത്ത മത്സരമാണ്. കെ.പി.സി.സി ഭാരവാഹികളാണ് ഇതിനായി നേതൃത്വം നൽകുന്നത്. ഇതോടെ, വാർഡുകളിലെ സ്ഥാനാർഥികളെ പോലും പ്രഖ്യാപിക്കാത്തതിൽ അണികൾ നിരാശരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.