കായംകുളം: ക്വട്ടേഷൻ-മീറ്റർ പലിശ വിഷയത്തിൽ പഴിചാരലുകളുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നതോടെ രഹസ്യങ്ങളും മറനീക്കുന്നു. സി.പി.എമ്മും കോൺഗ്രസുമാണ് ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങിയത്. ഇതോടെ ബിനാമി ഇടപാടുകാരുടെ പേരുകൾ ഒന്നൊന്നായി പുറത്തേക്ക് വരുകയാണ്. രണ്ട് രാഷ്ട്രീയ പാർട്ടികളിലെയും ഉന്നതർക്ക് ഇതുമായി ബന്ധമുണ്ടെന്നും വ്യക്തമായി.
സി.പി.എം ഏരിയ കമ്മിറ്റി അംഗമായ നഗരസഭ ചെയർപേഴ്സൺ അടക്കമുള്ളവർ കേസ് അട്ടിമറിക്കാൻ രംഗത്തുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മുൻകാലത്ത് പലനേതാക്കളും ഇവർക്ക് സഹായം നൽകിയ വിഷയങ്ങളും ഇവർ ഉയർത്തിക്കാട്ടുന്നു. അതേസമയം, ഡി.സി.സി ഭാരവാഹികളടക്കമുള്ളവരുടെ ബിനാമി ബന്ധം ചൂണ്ടിക്കാട്ടിയാണ് സി.പി.എം പ്രതിരോധിക്കുന്നത്. ചെയർപേഴ്സന്റെ രാജി ആവശ്യവുമായി കോൺഗ്രസ് നഗരസഭ മാർച്ച് നടത്തിയപ്പോൾ ബഹുജനറാലിയിലൂടെയാണ് സി.പി.എം മറുപടി നൽകിയത്. മാർച്ചിനെ അഭിസംബോധന ചെയ്ത നേതാക്കൾ മാഫിയയുമായി ബന്ധമുള്ളവരുടെ വിവരങ്ങൾ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി സി.പി.എം കോൺഗ്രസ് നേതാക്കളുടെ പേരുകളും പുറത്തുവിട്ടു. എന്നാൽ, വ്യക്തമായ തെളിവുകളും പരാതികളും ഇല്ലാത്തതിനാൽ പൊലീസിന് ഇടപെടാൻ കഴിയുന്നില്ല. ഇതിനിടെ നിലവിലുള്ള കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
മീറ്റർ പലിശ സംഘവുമായി ബന്ധമുള്ള റിട്ട. പ്രഫസറിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടക്കുന്നത്. ഇദ്ദേഹവുമായി ബന്ധമുള്ള നിരവധി പേരാണ് മീറ്റർ പലിശ വ്യാപാരത്തിൽ മുതൽ മുടക്ക് നടത്തിയത്. തിരികെ ചോദിച്ചതിലൂടെ മീറ്റർ പലിശ സംഘത്തിന്റെ ഭീഷണിയും കൈക്കരുത്തും അറിഞ്ഞവരുടെ വിവരങ്ങളും പുറത്തുവന്ന് തുടങ്ങിയിട്ടുണ്ട്. ഇതിനിടെ പൊലീസിനെ ആക്രമിച്ചതിന് ഇടുക്കിയിൽ പിടിയിലായവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം തുടങ്ങി. ഇതിനുള്ള അപേക്ഷ തിങ്കളാഴ്ച കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.