കായംകുളം: മീറ്റർ പലിശ ഇടപാടുമായി ബന്ധമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്ന് സി.പി.എം ഏരിയ കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് വ്യാഴാഴ്ച പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിക്കും. ടൗണിലെ അഞ്ച് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്. മീറ്റർ പലിശ സംഘവുമായി കോടികളുടെ ഇടപാട് നടത്തുന്ന ഡി.സി.സി സെക്രട്ടറിയും അഭിഭാഷകനുമായ കോൺഗ്രസ് നേതാവിന്റേതടക്കമുള്ള വീടുകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി രേഖകളാണ് കണ്ടെടുത്തത്. പൊലീസ് സംഘത്തെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതിയുമായി അഭിഭാഷകനായ നേതാവ് നടത്തിവരുന്ന കോടികളുടെ ഇടപാടിനെ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണം. മീറ്റർ പലിശ സംഘങ്ങളുമായി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായ ബന്ധങ്ങളുണ്ട്.
നഗരത്തിലെ ക്വട്ടേഷൻ സംഘങ്ങൾക്ക് മീറ്റർ പലിശ ബന്ധങ്ങളുള്ള കോൺഗ്രസ് നേതാക്കളാണ് സംരക്ഷണം നൽകുന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന മാഫിയയുമായി ബന്ധമുള്ള ഡി.സി.സി സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാൻ കോൺഗ്രസ് തയാറുണ്ടോയെന്നും സി.പി.എം നേതാക്കൾ ചോദിച്ചു.
വാർത്തസമ്മേളനത്തിൽ ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, ജില്ല കമ്മിറ്റി അംഗം അഡ്വ. എൻ. ശിവദാസൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ. ശിവപ്രസാദ്, പി. സുരേഷ് കുമാർ, ജെ.കെ. നിസാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.