കായംകുളം: പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തൽ നടത്തിയ അമ്മയും മകനും സി.പി.എമ്മിൽനിന്ന് പുറത്തേക്കോ. ഏരിയ കമ്മിറ്റി അംഗമായ കെ.എൽ. പ്രസന്നകുമാരിയും ജില്ല പഞ്ചായത്ത് അംഗമായ മകൻ ബിബിൻ സി. ബാബുവുമാണ് പാർട്ടി ബന്ധം അവസാനിപ്പിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിലെ ബിബിന്റെ വെളിപ്പെടുത്തലെന്നാണ് സൂചന. ഇതിനിടെ പാർട്ടി നിർദേശ പ്രകാരം ജില്ല സെക്രട്ടേറിയറ്റ് അംഗം എ. മഹേന്ദ്രനും ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷനും വീട്ടിലെത്തി പ്രസന്നകുമാരിയെ കണ്ടെങ്കിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലായിരുന്നുവെന്നാണ് അറിയുന്നത്. അതേസമയം, പാർട്ടി രഹസ്യം പുറത്തുവിട്ട ബിബിൻ ശത്രുക്കൾക്ക് വടി നൽകുന്ന സമീപനം സ്വീകരിച്ചത് ശരിയായില്ലെന്ന ചർച്ചയും സജീവമാണ്.
കരീലക്കുളങ്ങരയിൽ 2001ൽ നടന്ന സത്യൻ കൊലക്കേസിന് പിന്നിൽ പാർട്ടി ഗൂഢാലോചന നടത്തിയതായ ബിബിന്റെ വെളിപ്പെടുത്തൽ സൃഷ്ടിച്ച ആഘാതം മറികടക്കാനുള്ള നീക്കവും നേതൃത്വം തുടങ്ങിയിട്ടുണ്ട്. വിഷയത്തെ തൽക്കാലം അവഗണിക്കാനാണ് നിർദേശം. കേസ് സംബന്ധിച്ച ചർച്ച ഇപ്പോൾ ഉയർത്തിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുള്ളതായാണ് സി.പി.എം സംശയിക്കുന്നത്. പാർട്ടി ശത്രുക്കളുടെ പിന്തുണ ഇതിന് പിന്നിലുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കൃഷ്ണപുരം ഡിവിഷൻ പ്രതിനിധിയായ ബിബിൻ സ്ഥാനം രാജിവെക്കാനുള്ള സാധ്യതയും ഉയരുകയാണ്. പാർട്ടിയുമായി സഹകരിച്ച് പോകാനാവില്ലെന്ന് ഉറപ്പായതോടെയാണ് വെളിപ്പെടുത്തലുകൾക്ക് നിർബന്ധിതനായതെന്നാണ് ബിബിൻ അനുകൂലികൾ പറയുന്നത്.
ചില നേതാക്കളുടെ പ്രതികാര മനോഭാവമാണ് ഇതിന് കാരണമായതത്രേ. കുടുംബ പ്രശ്നങ്ങളിൽ നടപടിക്ക് വിധേയനായ ബിബിനെ തിരിച്ചെടുത്തെങ്കിലും ഘടകം നിശ്ചയിച്ചതിലെ അതൃപ്തിയാണ് പ്രശ്നങ്ങൾക്ക് കാരണമായത്. നേതൃത്വം പ്രതികാര മനോഭാവത്തോടെ പെരുമാറുന്നതിനാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതിനാൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നും രാജിവെക്കുന്നതായാണ് ഇരുവരും സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നത്. എന്നാൽ ഇതിന്റെ പകർപ്പ് പത്ര-ദൃശ്യ മാധ്യമങ്ങളിലേക്ക് എത്തിയതും അനുനയ നീക്കങ്ങൾക്ക് തിരിച്ചടിയായി. ഇതിനിടെ ബി.ജെ.പി, കോൺഗ്രസ്, ബി.ഡി.ജെ.എസ് പാർട്ടികൾ ഇരുവരെയും സമീപിച്ചെങ്കിലും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ സത്യൻ കൊലക്കേസിൽ കുറ്റമുതരാക്കപ്പെട്ടവർ ബിബിനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയേക്കുമെന്നും അറിയുന്നു.
കരീലക്കുളങ്ങരയിൽ 2001ൽ നടന്ന കളീക്കൽ സത്യന്റെ കൊലപാതകം ആലോചിച്ചു നടത്തിയതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു. അത്തരത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയല്ല സി.പി.എമ്മെന്ന് എല്ലാവർക്കുമറിയാം. ജില്ല പഞ്ചായത്തംഗം ബിപിൻ സി. ബാബു എന്നോ നൽകിയ കത്തിൽ ആരോപണമുന്നയിച്ചുവെന്നാണ് ചില പത്രങ്ങൾ വെള്ളിയാഴ്ച വാർത്ത പ്രസിദ്ധീകരിച്ചത്. സി.പി.എം പ്രവർത്തകർ കുറ്റമുക്തമാക്കപ്പെട്ട കേസിൽ തെരഞ്ഞെടുപ്പുസമയത്ത് വസ്തുതകൾക്ക് നിരക്കാത്ത പ്രചാരണം അഴിച്ചുവിടുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യമാണ്.
2001ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്തുനടന്ന കൊലപാതകത്തിൽ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത സി.പി.എം നേതാക്കളെ പൊലീസ് രാഷ്ട്രീയ പ്രേരിതമായി പ്രതിയാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കേസ് തള്ളിപ്പോയി. നിരപരാധികളെന്നുകണ്ട് എല്ലാവരെയും കോടതി വെറുതെവിട്ടു. ആരോപണത്തിൽ പറയുന്ന സംഘടന പ്രശ്നങ്ങളെല്ലാം പാർട്ടി ചർച്ചചെയ്തു പരിഹരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കായംകുളം: ഐ.എൻ.ടി.യു.സി നേതാവായിരുന്ന കളീക്കൽ സത്യന്റെ കൊലപാതകം പാർട്ടി ആസൂത്രിതമായി നടത്തിയതാണെന്ന സി.പി.എം നേതാവ് വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ കേസ് പുനരന്വേഷിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഇ. സമീർ ആവശ്യപ്പെട്ടു. പാർട്ടി നേതാവും ജില്ല പഞ്ചായത്ത് അംഗവുമായ അഡ്വ. ബിബിൻ സി. ബാബു കേസിലെ പ്രതിയായിരുന്നു എന്നതിനാൽ വെളിപ്പെടുത്തലിന് പ്രസക്തിയേറെയാണ്. സംഭവത്തിൽ പാർട്ടി ഗൂഢാലോചന നടത്തിയെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ നേതാക്കളടക്കമുള്ള എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഹൈകോടതിയുടെ മേൽനോട്ടത്തിലുള്ള പുനരന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.