കായംകുളം: ദേശീയപാത വികസനത്തിൽ കോളജ് ജങ്ഷനിൽ ഉയരപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുതുകുളം, ചിങ്ങോലി, കണ്ടല്ലൂർ, പത്തിയൂർ പഞ്ചായത്തുകളിലെയും നഗരസഭയിലെ 15ഓളം വാർഡുകളിലെയും ജനങ്ങൾക്ക് കിഴക്കൻ മേഖലയിലേക്ക് കടക്കാനുള്ള പ്രധാന കവാടമാണ് കോളജ് ജങ്ഷൻ. ഇവിടെ കോട്ടകെട്ടി അടക്കുന്നതോടെ തീരവാസികളുടെ കിഴക്കൻ മേഖലയിലേക്കുള്ള സുഗമമായ സഞ്ചാരമാണ് തടയപ്പെടുക. ഇതിലൂടെ പടിഞ്ഞാറുകാർ അടിയന്തര ചികിത്സ ആശ്യങ്ങൾക്കായി സമീപിക്കുന്ന കായംകുളം താലൂക്ക് ആശുപത്രിയിലേക്കുള്ള പ്രവേശനത്തെയും ബാധിക്കും.
പടിഞ്ഞാറൻ മേഖലയിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് കുതിച്ചെത്തേണ്ട അഗ്നിരക്ഷാനിലയവും ദൈനംദിന ആവശ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളും ദേശീയപാതയുടെ കിഴക്കേ കരയിലാണ് പ്രവർത്തിക്കുന്നത്. കായലിൽ ജലമെട്രോ കൂടി വരുന്നതോടെ ചരക്കുഗതാഗതത്തിന്റെ പ്രാധാന്യം വർധിക്കുന്നതും കോളജ് ജങ്ഷനിലൂടെയുള്ള റോഡ് മുറിച്ചുകടക്കലിന് വിപുലമായ സൗകര്യം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് പാതയെ കോട്ടകെട്ടി തിരിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
പ്രതിഷേധം ശക്തമായപ്പോൾ ചെറിയ വാഹനങ്ങൾ കടന്നുപോകുന്ന അടിപ്പാത ഉൾപ്പെടുത്താമെന്ന വാഗ്ദാനത്തിനും അത്ര ഉറപ്പൊന്നും പറയാൻ ഇപ്പോഴും അധികൃതർക്ക് കഴിയുന്നില്ല. ദിനേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ അടിപ്പാത അശാസ്ത്രീയമാണെന്നാണ് വിലയിരുത്തൽ.
തൂണുകളിലുള്ള ഉയരപ്പാത മാത്രമാണ് പരിഹാരം. റോഡിനെ കോട്ടകെട്ടി തിരിക്കുന്നതിലൂടെ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾകൂടി മുന്നിൽക്കണ്ട് ഉയരപ്പാത സ്ഥാപിക്കണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ലെന്നും ജനം പറയുന്നു. എന്നാൽ, ജനങ്ങളുടെ ന്യായമായ ആവശ്യത്തെ തൊടുന്യായങ്ങൾ പറഞ്ഞ് അവഗണിക്കുന്ന സമീപനമാണ് ജനപ്രതിനിധികളിൽനിന്നുണ്ടാകുന്നത്. രാഷ്ട്രീയ താൽപര്യങ്ങൾ ഒഴിവാക്കി ജനകീയാവശ്യം നേടിയെടുക്കാൻ ഒന്നിച്ചുനിൽക്കണമെന്നാണ് ഇവരോടുള്ള ജനങ്ങളുടെ
അഭ്യർഥന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.