കായംകുളം: ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ച് നടത്തിയ ദേശീയപാത നിർമാണം തടഞ്ഞ പ്രതിഷേധക്കാർ അറസ്റ്റിൽ. മുന്‍ നഗരസഭ ചെയര്‍മാനും സമരസമിതി നേതാക്കളുമുള്‍പ്പെടെ എട്ട് പേരാണ് ചൊവ്വാഴ്ച വീണ്ടും അറസ്റ്റിലായത്. ഇതിനിടെ പ്രതിഷേധ ദിനാചാരണ ഭാഗമായി ചൊവ്വാഴ്ച സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗീകമായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് കെ.എസ്.ആർ.ടി.സി ഭാഗത്ത് അടിപ്പാത നിർമാണം പുനരാംരംഭിച്ചത്.
ഇത് തടയാന്‍ ശ്രമിച്ച മുന്‍ നഗരസഭ ചെയര്‍മാനും കൗൺസിലറുമായ കെ. പുഷ്പദാസ്, എസ്.വൈ.എസ് ജില്ല പ്രസിഡന്റ് ഹുസൈന് മുസ്ലിയാര്, മേഖല ജനറല്‍ സെക്രട്ടറി അനസ് ഇര്‍ഫാനി, എസ്.കെ.ജെ.എം മേഖല പ്രസിഡന്റ് അബ്ദുല്‍ സലീം അസ്ലമി, അനസ് ഇല്ലിക്കുളം, എ.എസ്. സത്താര്‍, നിഷാദ് ഇസ്മയില്‍, പി.ഡി.പി മണ്ഡലം പ്രസിഡന്റ് മന്‍സൂര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു നിര്‍മാണം.അറസ്റ്റിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ സ്റ്റേഷന് സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞു.
സമരസമിതി ചെയര്മാന് അബ്ദുല്‍ഹമീദ് ആയിരത്ത്, നഗരസഭ കൗണ്‍സിലർമാരായ എ.പി. ഷാജഹാന്, അന്‍സാരി കോയിക്കലേത്ത്, സമര സമിതി നേതാക്കളായ അരിതാബാബു, കൃഷ്ണകുമാര്‍ രാംദാസ്, പി.ഇ. ഹരിഹരന്, ചന്ദ്രമോഹന്, അജീര്‍ യൂനുസ്, സജീര്‍ കുന്നുകണ്ടം, വി.എം. അമ്പിളിമോന്‍, മുബീര്‍ എസ്. ഒടനാട്, സിയാദ് മണ്ണാമുറി, സലാഹുദ്ദീന്, നാസര്‍ പടനിലത്ത്, സലീം, എന്‍.ആര്. അജയകുമാര്‍.
നിഹാസ് അബ്ദുല്‍ അസീസ്, അഷ്റഫ്, ഹരികുമാര്‍ അടുകാട്ട്, കുഞ്ഞുമോന്, സമീര്‍ കോയിക്കലേത്ത്, ഹുസൈന്, സുധ പടന്നയില്‍, ആറ്റക്കുഞ്ഞ്, നവാസ്, സജീബ്, സുരേഷ്, അബ്ദുല്‍സലാം, മനാഫ്, വാഹിദ് മളിയേക്കല്‍, ഷാജി, താഹ വൈദ്യന്‍വീട്ടില്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നൽകി.
കായംകുളം: പ്രതിഷേധക്കാരെ തടങ്കലിലാക്കി പൊലീസ് കാവലിൽ നിർമാണം തുടങ്ങിയതോടെ ദേശീയപാത സമരത്തിന്റെ മുഖം മാറുന്നു. ചൊവ്വാഴ്ച പൊലീസ് വലയത്തിൽ തുടങ്ങിയ നിർമാണം തടയാൻ ശ്രമിച്ച സമരക്കാരെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധത്തിന് പുതിയ ഭാവം കൈവരികയാണ്.
നഗരത്തെ കോട്ടകെട്ടി വേർതിരിക്കുന്ന ദേശീയപാത നിർമാണ രീതി ഒഴിവാക്കി തൂണുകളിലെ ഉയരപ്പാത സ്ഥാപിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നിലനിൽക്കുന്ന കേസിൽ തീർപ്പാകും വരെ നിർമാണം നിർത്തിവെക്കണമെന്നും ഇവർ പറയുന്നു. കൂടാതെ കെ.സി. വേണുഗോപാൽ എം.പി മുഖാന്തിരം കേന്ദ്ര ഗതാഗത മന്ത്രി മുമ്പാകെ നടത്തിയ ഇടപെടലും ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു.
എന്നാൽ നിശ്ചിത ശതമാനത്തിന് മുകളിൽ നിർമാണം നടന്നാൽ നിലവിലെ രൂപകൽപ്പനയിൽ മാറ്റം ഉണ്ടാകില്ല. ഇതാണ് പൊലീസ് കാവലിൽ നിർമാണം നടത്താനുള്ള നീക്കത്തിന് കാരണം. ഇതിന് പിന്നിൽ ബാഹ്യ സമ്മർദങ്ങളും സംശയിക്കുന്നു. അതേ സമയം പ്രാദേശിക സാഹചര്യം പഠിച്ച് റിപ്പോർട്ട് നൽകണമെന്ന കേന്ദ്രമന്ത്രിയുടെ നിർദ്ദേശം ദേശീയപാത അതോറിറ്റി അട്ടിമറിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
പ്രതിഷേധം അവഗണിച്ച് നിർമാണം നടത്താനുള്ള നീക്കം തടഞ്ഞ സമര സമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നഗരത്തിൽ നടത്തിയ പ്രകടനം അധികൃതർക്കുള്ള താക്കീതായി. ഷഹീദാർ മസ്ജിദ് മുതൽ ചിറക്കടവം വരെ തൂണുകളിൽ ഉയരപ്പാത സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.