കായംകുളം: നവകേരള സദസ്സിലെ പൗര പ്രമുഖരുടെ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് മുന്നിൽ എത്തിയ പ്രധാന ആവശ്യമായി ഉയർന്ന് നിന്നത് തൂണുകളിലെ ഉയരപ്പാത. ദേശിയപാത നവീകരണത്തിൽ നഗരത്തെ കോട്ട കെട്ടി തിരിക്കാതെ തൂണുകളിൽ ഉയരപ്പാത വേണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് നേരിട്ടും നിവേദനങ്ങളായും ഉന്നയിക്കപ്പെട്ടു.
സ്വാതന്ത്ര്യ സമര സേനാനി കെ.എ. ബേക്കർ, സമസ്ത കേന്ദ്ര കൂടിയാലോചന സമിതി അംഗം എ. താഹാ മുസ്ലിയാർ എന്നിവരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അടക്കമുള്ളവരുമാണ് നഗര വികാരം മുഖ്യമന്ത്രിയെ അറിയിച്ചത്. തുടർന്ന് സമര സമിതി അടക്കമുള്ള വിവിധ സംഘടനകൾ പരാതികളായും എഴുതി നൽകി.
ഉയരപ്പാത സ്ഥാപിക്കുന്നതിൽ ജനപ്രതിനിധികളെ തള്ളുന്ന നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതും ശ്രദ്ധേയമായി. വിഷയത്തിൽ ദേശീയ പാത അതോറിറ്റിയുടെ സമീപനം എങ്ങനെയാണെന്ന് നോക്കാമെന്നും ചര്‍ച്ചകള്‍ തുടരാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കായംകുളത്തെ ദേശിയപാതയുടെ രൂപരേഖ അതോറിറ്റി തങ്ങളെ കാണിച്ചില്ലെന്നും നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്നുമുള്ള ജനപ്രതിനിധികളുടെ ആരോപണമാണ് മുഖ്യമന്ത്രി തള്ളിയത്.
പൊതുവില്‍ അതോറിറ്റിയും കേന്ദ്രമന്ത്രി നിഥിന് ഗഡ്ക്കരിയും നല്ല സമീപനമാണ് സ്വീകരിക്കുന്നത്. ചിലയിടങ്ങളില്‍ ചില പ്രശ്നങ്ങളുണ്ട് എന്നു കരുതി നിഷേധ സമീപനമാണുള്ളത് എന്ന് പറയാന്‍ കഴിയില്ല. പൊതുവായ സമീപനം എങ്ങനെയാണ് എന്നതാണ് പ്രസക്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ എം.പിയും എം.എൽ.എയും വിഷയത്തിൽ സ്വീകരിച്ച നിലപാടും ചർച്ചയാകുകയാണ്.
ആലപ്പുഴ: ജില്ലയുടെ വ്യവസായ വികസനം സംബന്ധിച്ച് നവകേരള സദസ്സിൽ ഉയർന്നത് ക്രിയാത്മകമായ ഒട്ടേറെ നിർദേശങ്ങൾ. വ്യവസായവുമായി ബന്ധപ്പെട്ട് കയർ, മത്സ്യ സംസ്കരണം എന്നീ മേഖലകളെ കുറിച്ചാണ് ഏറെ പേർക്കും പറയാനുണ്ടായിരുന്നത്. മുഖ്യമന്ത്രി ആലപ്പുഴയിലും കായംകുളത്തും സംഘടിപ്പിച്ച പ്രഭാത സദസ്സുകളിലാണ് നിർദേശങ്ങൾ ഉയർന്നത്.
ചെറുകിട വ്യവസായികൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ പൊതു മേഖല സ്ഥാപനങ്ങൾ വഴി വിൽപ്പന നടത്തിയാൽ ചെറുകിട വ്യവസായ മേഖലയിലുള്ളവർക്ക് കൂടുതൽ പ്രയോജനകരമാകുമെന്ന് ചെറുകിട വ്യവസായികളുടെ പ്രതിനിധി ബിജു നിർദേശിച്ചു.
വ്യവസായ മേഖലയിൽ അസംസ്കൃത വസ്തുക്കൾക്ക് ക്ഷാമം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലയിലേക്ക് കടന്നു വരുന്നവർക്ക് പരിശീലനം അനിവാര്യമായതിനാൽ ജില്ല തലത്തിൽ പരിശീലന കേന്ദ്രം ആരംഭിക്കണമെന്നും അഭ്യർഥിച്ചു. വിദേശ മാതൃകയിൽ പഠനത്തിനോടൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള സാഹചര്യം കേരളത്തിലും ഉണ്ടാകണമെന്ന നിർദേശവും ഉയർന്നു.
വ്യവസായങ്ങൾ ആരംഭിക്കാനുള്ള ലൈസൻസിനായി വിദേശ രാജ്യങ്ങളിലുള്ളതുപോലെ സ്വകാര്യ ഏജൻസികൾക്ക് സർക്കാരിന് കീഴിൽ പ്രവർത്തിക്കാൻ അവസരം നൽകണം. അപേക്ഷ നൽകിയാൽ അവർ പേപ്പർ വർക്ക് നടത്തി സർക്കാറിന് സമർപ്പിക്കുമെന്നതാണ് അതിന്റെ ഗുണമെന്ന നിർദേശവുമുണ്ടായി.
സ്ത്രീകൾക്ക് കയർ മേഖലയിലും മറ്റ് തൊഴിൽ മേഖലകളിലും എല്ലാ ഷിഫ്റ്റുകളിലും ജോലി ചെയ്യാൻ അവസരം നൽകണമെന്ന നിർദേശം ഉയർന്നു. കയർ വ്യവസായ സംരക്ഷണത്തിനായി രൂപവത്കരിച്ച കയർ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിനെക്കുറിച്ചുള്ള വിഷയവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവന്നു. മീൻ വളരാനുള്ള സാവകാശം നൽകാതെ പൊടി മത്സ്യ കയറ്റുമതി കാരണം മത്സ്യ ദൗർലഭ്യം വളരെ കൂടുതലാണെന്ന് മത്സ്യ കയറ്റുമതി വ്യവസായി അനസ് മാനാറ ചൂണ്ടികാട്ടി.
അരൂരിലെ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പണി പൂർത്തീകരണം, പീലിങ് ഷെഡുകൾക്ക് ലൈസൻസ് നൽകുന്ന വിഷയങ്ങളും ശ്രദ്ധയിൽപ്പെടുത്തി. ചെമ്മീൻ കൃഷി നടത്തുന്ന ചാലുകൾ ഫ്ലോട്ടിങ് മാർക്കറ്റ്, ഫ്ലോട്ടിങ് റെസ്റ്റോറന്റ് പോലെയാക്കി ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ: നവകേരള സദസ്സിൽ ക്രമീകരിച്ചിരുന്ന 20 കൗണ്ടറുകൾ വഴി സ്വീകരിച്ചത് 4916 നിവേദനങ്ങൾ. സംശയങ്ങൾക്കും സേവനങ്ങൾക്കുമായി പ്രത്യേക ഹെൽപ് ഡെസ്ക്കു പ്രവർത്തന സജ്ജമായിരുന്നു. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകി. ഉച്ചക്ക് ഒന്നു മുതലാണ് കൗണ്ടറുകളിൽ പരാതികൾ സ്വീകരിച്ചു തുടങ്ങിയത്. മുഖ്യമന്ത്രി വേദി വിട്ടു പോയതിന് ശേഷവും ഇതിനുള്ള സൗകര്യമുണ്ടായിരുന്നു. നിവേദനങ്ങൾ പരിശോധിച്ച് തുടർ നടപടികൾക്കായി ജില്ലതല മേധാവികൾക്ക് പോർട്ടലിലൂടെ നൽകും. ചെങ്ങന്നൂരിലെ നവകേരള സദസ്സിൽ അപേക്ഷ സമർപ്പിക്കാനെത്തിയവർക്കുള്ള സംശയദൂരീകരണത്തിനും അപേക്ഷ എഴുതി തയ്യറാക്കി കൊടുക്കുന്നതിനും കേരള എൻ. ജി. ഒ യൂനിയനൊരുക്കിയ ഹെൽപ്പ് ഡെസ്ക് ജനശ്രദ്ധ പിടിച്ചു പറ്റി. യൂനിയൻ ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ ബി. ബിന്ദു, ഏരിയ പ്രസിഡന്റ് എം. പി. സുരേഷ് കുമാർ, സെക്രട്ടറി സുരേഷ് .പി. ഗോപി, ബി. ജയകുമാർ , അമ്പിളി രാജേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.