കായംകുളം: പ്രതിഷേധിച്ച യു.ഡി.എഫ് കൗൺസിലർമാർെക്കതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതോടെ നഗരസഭയിൽ ഭരണ-പ്രതിപക്ഷ പോര് രൂക്ഷമാകുന്നു.
ജീവനക്കാരിയെ ആക്രമിച്ചെന്ന പരാതിയിലാണ് 13 കൗൺസിലർമാർക്കെതിരെ കേസ് എടുത്തത്. മുൻകാലങ്ങളിലും സമാന പ്രതിഷേധം നഗരസഭയിലുണ്ടായിട്ടുണ്ടെങ്കിലും ജാമ്യമില്ല വകുപ്പിൽ കേസ് എടുക്കുന്നത് ഇതാദ്യമാണ്. പ്രതിപക്ഷവുമായി ഒരുതരത്തിലുമുള്ള ഒത്തുതീർപ്പിനും സന്നദ്ധമല്ലെന്ന സന്ദേശമാണ് ഭരണപക്ഷം ഇതിലൂടെ നൽകിയിരിക്കുന്നത്.
ചെയർമാെൻറ വീടിനു സമീപവും വൈസ് ചെയർമാെൻറ വാർഡിലും നടന്ന അനധികൃത മരംമുറി വിഷയമാക്കിയതാണ് യു.ഡി.എഫിനെതിരെയുള്ള പ്രകോപനകാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഒാൺലൈൻ കൗൺസിലിൽ മരംമുറി വിഷയത്തിൽ വിശദീകരണം വേണമെന്ന ആവശ്യം നിരാകരിച്ചതാണ് യു.ഡി.എഫ് കൗൺസിലർമാർ കൂട്ടത്തോടെ ചെയർപേഴ്സെൻറ ചേംബറിലെത്തി പ്രതിഷേധിക്കാൻ കാരണമായത്.
ബഹളത്തിൽ വനിത ക്ലർക്കിൽനിന്ന് മിനിറ്റ്സ് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ ആക്രമിച്ചതായി പരാതി ഉയർന്നതാണ് കേസിനു കാരണമായത്.
ജീവനക്കാർ പണിമുടക്കിയതോടെ പ്രശ്നം രൂക്ഷമായി. ക്ലർക്കിെൻറ മൊഴിയിലാണ് ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ ജാമ്യമില്ല വകുപ്പിൽ കേസെടുത്തിരിക്കുന്നത്. എന്നാൽ, കേസുകളിലൂടെ ഭയപ്പെടുത്തി പ്രതിഷേധം ഇല്ലാതാക്കാമെന്നുള്ളത് ഇടതുമുന്നണിയുടെ വ്യാമോഹം മാത്രമാണെന്ന് യു.ഡി.എഫ് പാർലമെൻററി പാർട്ടി പറഞ്ഞു.
അഴിമതികൾ ചൂണ്ടിക്കാട്ടി ജനാധിപത്യപരമായ പ്രതിഷേധമാണ് നടത്തിയത്. അനധികൃത മരംമുറിയും യു.ഡി.എഫ് വനിത കൗൺസിലറോട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അപമര്യദയായി പെരുമാറിയതും വാക്സിൻ വിഷയവും ചർച്ച ചെയ്യണമെന്ന ആവശ്യത്തിലായിരുന്നു സമരം.
എന്നാൽ, ഇവ നിരാകരിച്ച് അജണ്ടകൾ ഏകപക്ഷീയമായി അംഗീകരിച്ചതാണ് ചെയർപേഴ്സനെയും സെക്രട്ടറിയെയും ഉപരോധിക്കാൻ കാരണമായത്. ഇൗ സമയം വൈസ് ചെയർമാൻ അടക്കമുള്ളവർ ചെയർപേഴ്സെൻറ മുറിയിലുണ്ടായിരുന്നു. ചെയർപേഴ്സെൻറ മുന്നിൽ വിഷയം ഉന്നയിക്കുകയെന്ന കൗൺസിലർമാരുടെ ബാധ്യതയാണ് യു.ഡി.എഫ് നിർവഹിച്ചത്.
എന്നാൽ, അഴിമതിക്കഥകൾ മൂടിവെക്കാൻ ചെയർപേഴ്സൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു നടത്തിയ ഹീനശ്രമമാണ് കേസിന് പിന്നിൽ. കേസിന് മുന്നിൽ ഭയന്ന് പിൻമാറാൻ തയാറല്ലെന്നും കൂടുതൽ ശക്തമായി സമരം മുന്നോട്ടുകൊണ്ടുപോകുമെന്നും യോഗം പറഞ്ഞു.
ലീഡർ സി.എസ്. ബാഷ, കൗൺസിലർമാരായ എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, പി.സി. റോയി, നവാസ് മുണ്ടകത്തിൽ, സുമിത്രൻ, ബിധു രാഘവൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.