കായംകുളം: നാടിനെ ഒന്നാകെ ഓണം ഊട്ടിയ കാർഷിക പെരുമയുടെ ഓർമകളാണ് ഓണാട്ടുകരക്ക് പറയാനുള്ളത്. ഓണാട്ടുകര, ഓടനാട്, കായംകുളം എന്നീ പേരുകൾക്ക് പിന്നിലും ഒട്ടേറെ കഥകളാണ് പഴമക്കാർ പങ്കുവെക്കുന്നത്. നാട്ടുരാജ്യമെന്ന നിലയിൽ അധികാരകേന്ദ്രമായി വികസിച്ച് തിരുവിതാംകൂർ ചരിത്രത്തിൽ നിർണായക ഇടം നേടിയ ചരിത്രമാണ് ഓടനാടിനുള്ളത്. ഓടൽ മുളകളുടെയും ഓടി വള്ളങ്ങളുടെയും നാട് എന്നതാണ് ഓടനാട് എന്ന പേരിന് കാരണമെന്നാണ് പഴമൊഴി. നാട്ടുരാജ്യമായിരുന്ന ഓടനാട് 18ാം നൂറ്റാണ്ടോടുകൂടിയാണ് ഓണാട്ടുകര എന്ന പേരിൽ അറിയപ്പെട്ടത്.
ഓണം ഊട്ടിയ കരയാണ് ഓണാട്ടുകരയായതത്രേ. തെക്ക് കരുനാഗപ്പള്ളി കന്നേറ്റി മുതൽ വടക്ക് തിരുവല്ല ആലുംതുരുത്തി വരെയും കിഴക്ക് സഹ്യനും പടിഞ്ഞാറ് അറബിക്കടലും അതിർത്തി പങ്കിട്ട നാട്ടുരാജ്യം. പുരാതന വാണിജ്യനഗരമായ കായംകുളമായിരുന്നു തലസ്ഥാനം. കാവുകളും കുളങ്ങളും ഏറെയുള്ളതിനാലാണ് 'കായംകുളം' എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്.
വേണാട്, മാടത്തിൻകൂർ, ദേശിംഗനാട്, ഇളയിടത്ത് സ്വരൂപം, ചെമ്പകശ്ശേരി, തെക്കുംകൂർ, വടക്കുംകൂർ എന്നീ നാട്ടുരാജ്യങ്ങളുമായി കെട്ടുപിണഞ്ഞ ചരിത്രമാണ് ഓടനാടിനുള്ളത്. പാണ്ഡ്യരാജാവായ മാറന്‍ ചടയന്റെ ആക്രമണത്തെ തുടര്‍ന്ന് അരിവിയൂരില്നിന്ന് വിഴിഞ്ഞത്തേക്കും പരാന്തക ചോഴന്റെ ശല്യത്താല്‍ തിരുവല്ലയിലേക്കും പലായനം ചെയ്യേണ്ടിവന്ന ചിറവായ് സ്വരൂപത്തിലെ വേള്ആയി കുടുംബം പില്ക്കാലത്ത് കണ്ടിയൂര്‍ മറ്റം കേന്ദ്രമാക്കി സാമ്രാജ്യം സ്ഥാപിക്കുകയായിരുന്നു. 15ാം നൂറ്റാേണ്ടാടെയാണ് കായംകുളത്തേക്ക് ഭരണം മാറ്റിയത്.
എ.ഡി. 1218ലെ കണ്ടിയൂര്‍ ശാസനം, ഹരിപ്പാട് ശാസനം, എ.ഡി. 1320ലെ വീരരാഘവ പട്ടയം മുതലായവ ഓണാട്ടുകര ദേശത്ത രാജാക്കന്മാരുടെ പരാമര്‍ശമുള്ള ചരിത്രരേഖകളാണ്. പല നാടുവാഴികളുടെ കീഴിലായിരുന്ന നാട് യുദ്ധങ്ങളിലൂടെ പിടിച്ചടക്കിയാണ് ഓടനാട് സ്ഥാപിച്ചത്. തെക്ക് അഷ്ടമുടി കായലുമായും വടക്ക് തോട്ടപ്പള്ളി ചാല്‍വഴി വേമ്പനാട്ട് കായലുമായും ജലമാര്ഗബന്ധമുള്ള കായംകുളം പുരാതനകാലം മുതൽ വാണിജ്യപ്പെരുമ നേടിയിരുന്നു. അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന കായംകുളം കായലില്‍ അക്കാലത്ത് മികച്ച തുറമുഖവും സ്ഥാപിതമായി. അറബികളും പറങ്കികളും ഡച്ചുകാരും എത്തിയതോടെ വിദേശ വ്യാപാരവും സാധ്യമായി.
ദേശിംഗനാടും കായംകുളവും കൂട്ടിച്ചേർത്ത് ആധുനിക തിരുവിതാംകൂർ രൂപപ്പെടുത്താനുള്ള അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നീക്കങ്ങളാണ് കായംകുളം രാജവംശത്തെ തകർത്തത്. അനന്തരാവകാശികള്‍ ഇല്ലാതിരുന്നതിനാല്‍ ദേശിംഗനാട് തന്നില്‍ എത്തിച്ചേരുമെന്ന് മാര്‍ത്താണ്ഡവര്‍മ കരുതി. എ.ഡി. 1731ല്‍ കായംകുളത്തുനിന്ന് രാജകുമാരനെ ഉണ്ണികേരളവര്മ ദത്തെടുത്തത് മാര്‍ത്താണ്ഡവര്‍മയെ ചൊടിപ്പിച്ചു.
മാര്‍ത്താണ്ഡവര്‍മയുടെ നീക്കങ്ങൾക്കെതിരെ ദേശിംഗനാടിനെ കായംകുളം രാജാവ് വീരരവിവർമൻ സഹായിച്ചു. മാര്‍ത്താണ്ഡവര്‍മ കീഴടക്കി തടവില്‍ പാര്‍പ്പിച്ച ദേശിംഗനാട് നാടുവാഴിയെ മോചിപ്പിക്കുന്നതില്‍ കായംകുളം രാജാവ് വിജയിച്ചിരുന്നു. ധീരതയും ശിക്ഷണബോധവുമുള്ള കായംകുളം രാജാവിന്റെ 15,000 പേരുള്ള സൈന്യം കരുത്തുറ്റതായിരുന്നു. ഇരുവശത്തും മൂർച്ചയുള്ള വാളായിരുന്നു പ്രധാന ആയുധം. പിന്നീട് ശൈലീപ്രയോഗമായി മാറിയ 'കായംകുളം വാൾ' ശത്രുക്കളുടെ പേടിസ്വപ്നമായിരുന്നു. കായംകുളത്തിനോടുള്ള തിരുവിതാംകൂറിന്റെ പക വർധിച്ചതോടെ യുദ്ധതന്ത്രങ്ങളും മുറുകി. പിന്നീട് നടന്ന യുദ്ധത്തിൽ ദേശിംഗനാടിനെ കീഴടക്കിയ ശേഷം കായംകുളവുമായി യുദ്ധം തുടങ്ങി. തിരുവിതാംകൂര്‍ സൈന്യം 1734ല്‍ കായംകുളം രാജ്യത്തെ ആക്രമിച്ചു.
നൂറനാട് പടനിലത്തുവെച്ച് നടന്ന ഏറ്റുമുട്ടലിൽ കായംകുളം സൈന്യം ജയിച്ചെങ്കിലും തിരുവിതാംകൂറിന്റെ കുതിരപ്പട്ടാളം രാജാവ് വീരരവിവര്മനെ കൊപ്രപ്പുരക്ക് സമീപം വളഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്തി. സഹോദന്റെയും സേനാധിപനായിരുന്ന എരുവയില്‍ അച്യുതവാര്യരുടെയും നേതൃത്വത്തില്‍ തിരുവിതാംകൂറിന് ശക്തമായ തിരിച്ചടി നൽകി.
1739ല്‍ രാമയ്യന് ദളവയും മാര്‍ത്താണ്ഡ വര്‍മയും ഒരേ സമയം നൂറനാട് പടനിലവും ഓച്ചിറ പടനിലവും വഴി കായംകുളത്തെ ആക്രമിച്ചു. അപ്പോഴും എരുവയില്‍ അച്യുതവാര്യരെന്ന സേനാനായകന്റെ യുദ്ധതന്ത്രവും ഡച്ചുയുദ്ധമുറകളും കായംകുളത്തിന്റെ അധികാരം സംരക്ഷിച്ചു. കണ്ണമംഗലം ക്ഷേത്രനടയില്‍വെച്ച് അച്യുതവാര്യരെ ചതിയില്‍ വെട്ടിവീഴ്ത്തിയതോടെ കായംകുളത്തിന് പിടിച്ചുനിൽക്കാനായില്ല. 1742ല്‍ ഓടനാട് 'മാന്നാർ ഉടമ്പടി' പ്രകാരം തിരുവിതാംകൂറിനോട് സന്ധി സ്ഥാപിച്ചു. മിത്രരാജ്യങ്ങളുടെ സഹായത്തോടെ ഉടമ്പടി ലംഘിച്ച് തിരുവിതാംകൂറിനോട് പടയൊരുക്കം നടത്തിയതറിഞ്ഞ് വീണ്ടും യുദ്ധമുണ്ടായി. ശക്തമായ ഏറ്റുമുട്ടലിന് ഒടുവിൽ കായംകുളം രാജാവ് പിൻവാങ്ങിയെങ്കിലും സൈന്യം യുദ്ധം തുടർന്നതിനാൽ മൂന്ന് വർഷത്തിനുശേഷമാണ് രാജ്യം പൂർണമായി കീഴടക്കാനായത്. 1746ൽ കായംകുളം തിരുവിതാംകൂറില്‍ ലയിച്ചു. കായംകുളം രാജാവിന്റെ ശേഷിപ്പുകളൊന്നും ബാക്കിയാകരുതെന്ന ലക്ഷ്യത്തോടെ കൃഷ്ണപുരം കൊട്ടാരം മാർത്താണ്ഡവർമയുടെ സേന തീവെച്ച് നശിപ്പിച്ചിരുന്നു. ഇന്നുകാണുന്ന കൊട്ടാരം പിന്നീട് പുതുക്കിപ്പണിതതാണ്. രാജഭരണകാലത്ത് തന്നെ കായംകുളം നഗരസഭ നിലവിൽ വന്നിരുന്നു. 1957 വരെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന കായംകുളം ആലപ്പുഴ ജില്ല നിലവിൽ വന്നതോടെയാണ് ഇങ്ങോട്ട് മാറിയത്.
1560ൽ ഗോവയിൽനിന്ന് ഗൗഡസാരസ്വത ബ്രഹ്മണ സമൂഹം കച്ചവടക്കാരായി കായംകുളത്തേക്ക് കുടിയേറി.
16ാം നൂറ്റാണ്ടിന്റെ പ്രഥമപാദത്തിൽ പറങ്കികൾ കായംകുളത്ത് പണ്ടകശാലകൾ സ്ഥാപിച്ചിരുന്നു. 1642 കാലയളവിൽ ഡച്ചുകാർ സൈനിക താവളം സ്ഥാപിച്ചു. 1801ലെ ജനകീയ സെൻസസിന്റെ ഭാഗമായാണ് കായംകുളം പട്ടണമായി അംഗീകരിക്കപ്പെട്ടത്. 1920ലെ നഗരപരിഷ്കരണ കമ്മിറ്റിയുടെ ശിപാർശപ്രകാരം 1922ലാണ് മുനിസിപ്പാലിറ്റി നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.