കായംകുളം: സാമൂഹിക ഇടങ്ങളിൽ നന്മനിറഞ്ഞ പ്രവർത്തനങ്ങൾ നടത്തുന്നവരെ തേടി അധ്യാപകനും വിദ്യാർഥികളും സൈക്കിൾ യാത്രക്ക് ഒരുങ്ങുന്നു. എറണാകുളം മഹാരാജാസ് കോളജിലെ ചരിത്രാധ്യാപകൻ കീരിക്കാട് തെക്ക് കൊട്ടാരത്തിൽ ഇല്ലത്ത് ഡോ. എം.എച്ച്. രമേശ് കുമാറാണ് കേരള പര്യടനത്തിന് തയാറെടുക്കുന്നത്. 29ന് കായംകുളത്തെ വീട്ടിൽനിന്ന് യാത്ര തിരിക്കുന്ന രമേശ് കുമാറിനൊപ്പം ഏപ്രിൽ ഒന്നിന് കോളജിലെ വിദ്യാർഥി സംഘവും അണിചേരും.
പരിസ്ഥിതി സൗഹൃദ വാഹനമായ സൈക്കിളിന്റെ ഉപയോഗത്തിലൂടെ ഗതാഗത-മലിനീകരണ പ്രശ്നങ്ങൾക്കുള്ള സന്ദേശമാണ് പ്രധാന ലക്ഷ്യം. ഇതോടൊപ്പം ജീവകാരുണ്യപ്രവർത്തകരെയും സന്ദർശിക്കും. ഇവരുടെ പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിലൂടെ വിദ്യാർഥികളുടെ മനസ്സുകളിൽ കാരുണ്യസന്ദേശം നിറക്കാനാകുമെന്നാണ് പ്രതീക്ഷ. പന്ത്രണ്ടിലേറെ രാജ്യങ്ങളിലൂടെ സൈക്കിളിൽ സഞ്ചരിച്ച അരുൺ തഥാഗതും പ്രിൻസിപ്പൽ ഡോ. അനിലും യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
'നന്മകളിലൂടെ ഒരു സൈക്കിൾ യാത്ര' എന്നതാണ് സന്ദേശം. സൈക്കിൾ യാത്രയുടെ ഗുണവശങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും യാത്രയിലൂടെ കഴിയുമെന്ന് രമേശ് കുമാർ പറഞ്ഞു. അമ്പലപ്പുഴ ഗവ. കോളജ് അധ്യാപകനായിരിക്കുമ്പോഴും ഇത്തരം യാത്രകൾ ചെയ്തു. ഭിന്നശേഷിക്കാരെ സഹായിക്കാൻ നടത്തിയ കാരുണ്യയാത്ര, ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി നടത്തിയ സൈക്കിൾ യാത്ര എന്നിവയും ശ്രദ്ധേയമായി. പോസ്റ്റ് ഓഫിസ് ജീവനക്കാരിയായ ഭാര്യ സൗമ്യയും പ്ലസ് ടു വിദ്യാർഥിനിയായ മകൾ അനഘയും രമേശിന്റെ യാത്രക്ക് പ്രോത്സാഹനമായി നിലകൊള്ളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.