കായംകുളം: ഓണം വിപണി ലക്ഷ്യമാക്കി ഓണാട്ടുകരയിലേക്ക് കഞ്ചാവ് ഒഴുകുന്നു. ഒരുകാലത്ത് വ്യാജവാറ്റും ചാരായക്കച്ചവടവും വ്യാപകമായിരുന്ന നാട്ടിലാണ് പുതിയതരം 'ലഹരി' കച്ചവട മാഫിയ രൂപപ്പെടുന്നത്. തിരുവിതാംകൂറിലെ സ്പിരിറ്റ് കടത്തിന്‍റെ തട്ടകമായിരുന്ന കായംകുളം ഇപ്പോൾ 'കഞ്ചാവ് ഹബ്ബായി' മാറി. ഒരുമാസത്തിനിടെ 15 കിലോയോളം കഞ്ചാവാണ് ഇവിടെ പിടികൂടിയത്.
എം.ഡി.എം.എ അടക്കം മാരക മയക്കുമരുന്നുകളും ഇതിൽ ഉൾപ്പെടും. ചെറുകിട കേസുകളും നിരവധിയാണ്. കഴിഞ്ഞദിവസം വള്ളികുന്നത്ത് രണ്ടര കിലോയോളം കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ കൂട്ടാളികളായ അഞ്ചുപേരും പിന്നാലെ പിടിയിലായി. എട്ടുമാസം മുമ്പ് 50 കിലോ കഞ്ചാവുമായി ക്വട്ടേഷൻ സംഘാംഗത്തെയും വള്ളികുന്നം പൊലീസ് പിടികൂടി.
പുതിയ തലമുറയുടെ ലഹരിരീതി മാറിയതോടെയാണ് കച്ചവട സ്വഭാവത്തിലെയും മാറ്റം. പഴയ സ്പിരിറ്റ് കടത്തുകാരും കച്ചവടക്കാരും എല്ലാം ഉപേക്ഷിച്ച് വിശ്രമ ജീവിതത്തിലേക്ക് കടന്നതോടെ പുതിയ സംഘങ്ങളാണ് രംഗത്ത്. നേരത്തേ സ്പിരിറ്റ് കടത്തും തീര-ഗ്രാമീണ പ്രദേശങ്ങളിലെ ചാരായ വാറ്റുമായിരുന്നു അധികൃതർക്ക് തലവേദന സൃഷ്ടിച്ചിരുന്നത്. ഈ സ്ഥാനത്താണ് കണ്ടെത്താനാവാത്ത തരത്തിൽ കഞ്ചാവ് കച്ചവട സംഘങ്ങൾ പിടിമുറുക്കുന്നത്.
കായംകുളത്തെ വിറപ്പിച്ചിരുന്ന ക്വട്ടേഷൻ -ഗുണ്ടസംഘങ്ങൾ കഞ്ചാവ് കച്ചവടത്തിലേക്ക് വഴിമാറിയതും പ്രശ്നമായി. കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയ അഴിഞ്ഞാട്ടവുമുണ്ട്. മാരക മയക്കുമരുന്നിന്‍റെ കച്ചവടം പ്രധാനമായും പ്രഫഷനൽ കാമ്പസുകൾ കേന്ദ്രീകരിച്ചാണ്. അന്തർസംസ്ഥാന ബസുകളിലൂടെയാണ് മാരക മയക്കുമരുന്ന് എത്തുന്നത്. ഒരുമാസം മുമ്പ് ബസിൽ എത്തിയ ദമ്പതികൾ മാരക മയക്കുമരുന്നുമായി പിടിയിലായിരുന്നു. ഉറവിടം തേടിപ്പോയ പൊലീസ് ബംഗളൂരുവിൽനിന്ന് ആഫ്രിക്കൻ സ്വദേശികൾ അടക്കം ആറുപേരെ പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന 60 ഗ്രാം എം.ഡി.എം.എയുമായാണ് ദമ്പതികൾ പിടിയിലായത്.
അന്തർസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള കച്ചവടവും നഗരത്തിലും പരിസരത്തും സജീവമാണ്. റെയിൽവേ സ്റ്റേഷൻ വഴിയാണ് ഇവർക്കായി ലഹരി എത്തുന്നത്. നേരത്തേ ഒ.എൻ.കെ ജങ്ഷൻ ഭാഗത്തുനിന്ന് ഹഷീഷുമായി ബംഗാൾ സ്വദേശികളും പിടിയിലായിരുന്നു.മധ്യതിരുവിതാംകൂറിലെ കഞ്ചാവ് കടത്തിന്‍റെ പ്രധാന ഹബ്ബായി കൃഷ്ണപുരം മാറിയിട്ട് കാലങ്ങളായി. കൊല്ലം -ആലപ്പുഴ ജില്ലകളുടെ അതിർത്തിയെന്ന സൗകര്യമാണ് കഞ്ചാവ് മാഫിയക്ക് സഹായകമാകുന്നത്.
കൃഷ്ണപുരം കൊട്ടാരത്തിന് സമീപത്തെ വിജനമായ പ്രദേശം താവളമാക്കിയ സംഘമാണ് പ്രധാനികൾ. ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തികളായി വളർന്ന ഇവർക്കുനേരെ ചെറുവിരൽ അനക്കാൻപോലും ആരും തയാറല്ല. നാടൻ കഞ്ചാവിന്‍റെ കാലം കഴിഞ്ഞതോടെ സിന്തറ്റിക് മയക്കുമരുന്ന് ലോബി രംഗം കൈയടക്കിയതും പ്രശ്നമാണ്. മാരക മയക്കുമരുന്നുകളായ ഇവയോടാണ് കൗമാരക്കാർക്ക് താൽപര്യം. പെൺകുട്ടികളും ഇതിന് അടിമകളായി മാറുന്നത് കച്ചവടം കൊഴുക്കാൻ കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.