കായംകുളം: ഗതകാലസ്മൃതികളുണർത്തുന്ന കാഴ്ചകളാണ് ഓണാട്ടുകരയുടെ ആകർഷണീയത. ഓടനാട് സാമ്രാജ്യത്തിന്റെ പെരുമ വിളിച്ചോതുന്ന സ്മാരകങ്ങൾ ഇന്നും തലയെടുപ്പോടെ നാട്ടുവഴിയോരങ്ങളിൽ ഉയർന്ന് നിൽക്കുന്നു. കളത്തട്ട്, പൊതുകിണർ, പൊതുകുളം, ചുമടുതാങ്ങി തുടങ്ങിയവയും പുതിയകാലത്ത് അന്യമായ റേഡിയോ കിയോസ്ക്, തപാൽപെട്ടി, പൊതുകുളങ്ങൾ തുടങ്ങി കാഴ്ചകളുടെ പട്ടിക ഏറെയുണ്ട്.
രാജഭരണത്തിന്റെ ഓർമകളുണർത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വഴിയോര കളത്തട്ടുകളാണ് ഓണാട്ടുകരയുടെ തനത് കാഴ്ചകളായി വിശേഷിപ്പിക്കുന്നത്. ഒരു കാലഘട്ടത്തിന്റെ നിർമാണവൈഭവങ്ങളുടെ ഉദാത്ത മാതൃക കൂടിയാണത്. മൈലുകൾ താണ്ടി വരുന്ന കാൽനടക്കാരുടെ വിശ്രമകേന്ദ്രങ്ങളായിട്ടാണ് കളത്തട്ടുകൾ നിർമിക്കപ്പെട്ടത്. നാട്ടുകൂട്ടങ്ങളുടെ വേദിയുമായിരുന്നു. തടിയിലും കരിങ്കല്ലിലും പണികഴിപ്പിച്ചവയാണ് കൂടുതലും.
കൃഷ്ണപുരം പഞ്ചായത്തിലെ കാപ്പിൽകിഴക്ക്, ഭരണിക്കാവിലെ മങ്കുഴി എന്നിവിടങ്ങളിലെ കളത്തട്ടുകൾ മനോഹരമായി സംരക്ഷിക്കപ്പെടുന്നു. മിക്കപത്രങ്ങളും എത്തുന്ന കളത്തട്ടുകളിൽ വായനക്കാരായി എപ്പോഴും ആളുകളുണ്ടാകും. ഇലിപ്പക്കുളം വട്ടക്കാട് അടക്കമുള്ള ക്ഷേത്രങ്ങളിലെ കളത്തട്ടുകളും സജീവമാണ്. കളത്തട്ടുകളോട് ചേർന്നുള്ള വലിയ ആൽമരങ്ങൾ പ്രത്യേകതയാണ്. കാറ്റും തണലുമാണ് വിശ്രമകേന്ദ്രങ്ങളുടെ ആകർഷണീയത. ഇവയോട് അനുബന്ധിച്ചുണ്ടായിരുന്ന ചുമടുതാങ്ങികളും പൊതുകിണറുകളും ഒറ്റപ്പെട്ട് മാത്രം നിലകൊള്ളുന്നു.
വാഹന ഗതാഗതം നിലവിൽ വരുന്നതിന് മുമ്പ് തലച്ചുമടായി ചരക്കുനീക്കം നടന്നൊരു കാലത്ത് പാതയോരങ്ങളിൽ സ്ഥാപിച്ചിരുന്ന ചുമടുതാങ്ങികൾ ആശ്വാസമായിരുന്നു.
കളത്തട്ടുകളോട് ചേർന്നാണ് ഇത് കൂടുതലായും സ്ഥാപിച്ചിരുന്നത്. വലിയ ചുമടുകൾ പരസഹായമില്ലാതെ ഇറക്കിവെക്കാൻ കഴിയുന്ന തരത്തിലാണ് ഇവ സ്ഥാപിച്ചിരുന്നത്. രണ്ട് കരിങ്കൽകുറ്റികൾക്ക് മുകളിൽ മറ്റൊരു കല്ല് നീളത്തിൽവെച്ചാണ് ഇവ നിർമിച്ചിരുന്നത്. ചരക്കുവാഹന ഗതാഗതം നിലവിൽ വന്നതോടെയാണ് ചുമടുതാങ്ങികളുടെ പ്രസക്തി നഷ്ടമായത്. പിന്നീട് റോഡുകളുടെ വികസനമടക്കം വന്നതോടെ ചുമടുതാങ്ങികൾ വഴിയോരങ്ങളിൽനിന്ന് പൂർണമായി അപ്രത്യക്ഷമായി.
ഭരണിക്കാവ് പഞ്ചായത്തിലെ ഇലിപ്പക്കുളം വടുതല ജങ്ഷനിൽ അടുത്തകാലം വരെ ചുമടുതാങ്ങി അതേ നിലയിൽ സംരക്ഷിച്ചിരുന്നു. റേഡിയോ കിയോസ്കുകളും വഴിയോരങ്ങളിലെ തപാൽപെട്ടികളാണ് മികച്ച കാഴ്ചകളാകുന്നത്.
കട്ടച്ചിറ പാറക്കൽ ജങ്ഷനിൽ സംരക്ഷിക്കപ്പെടുമ്പോൾ കാപ്പിൽകിഴക്ക് ജുമാമസ്ജിദിന് സമീപത്തെ കളത്തട്ടിനോട് ചേർന്ന് സ്ഥാപിച്ച കിയോസ്ക് അവഗണനയിൽ നശിക്കുകയാണ്. വഴിയോരത്തെ ചായക്കടകളായിരുന്ന റേഡിയോ വാർത്ത കേൾക്കാനുള്ള പൊതുയിടങ്ങൾ.
പിന്നീട് പഞ്ചായത്തുകളുടെ ഉടമസ്ഥതയിൽ പൊതുസ്ഥലങ്ങളിൽ റേഡിയോ കിയോസ്കുകൾ സ്ഥാപിക്കപ്പെട്ടു. ശബ്ദം എല്ലാവരിലും എത്താൻ കോളാമ്പിയും ഘടിപ്പിച്ചു. നിലയം തുറക്കുന്നത് മുതൽ അടക്കുന്നതുവരെയുള്ള പരിപാടികളുടെ സംപ്രേക്ഷണത്തിലൂടെ ക്വിയോസ്കുകൾ ജനക്കൂട്ടകേന്ദ്രങ്ങളായി. ടെലിവിഷന്റെ വരവോടെ കേൾവി അപ്രസക്തമാകുകയും കാഴ്ചക്ക് പ്രസക്തി വർധിക്കുകയും ചെയ്തതോടെ റേഡിയോകൾ അലങ്കാരവസ്തുക്കളായി. മൊബൈലുകളിലും എഫ്.എം സന്ദേശങ്ങൾ എത്തി തുടങ്ങിയതോടെ റേഡിയോയും ക്വിയോസ്കുകളും ആർക്കും വേണ്ടാതായി.
ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറ പാറക്കൽ മുക്കിലെ റേഡിയോ ക്വിയോസ്ക് ഇന്നും സജീവമാണ്. ഇതിന്റെ സമീപത്തെ 'ആശ്രയ' സേവന സംഘത്തിന്റെ ഇടപെടലാണ് സജീവമായി നിൽക്കുന്നതിന് കാരണം. സമീപത്തെ വീട്ടുകാരാണ് കിയോസ്ക് രാവിലെ തുറന്ന് വൈകുന്നേരം അടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.