കായംകുളം: പുതിയ വെപ്പുകാലിനായി അളവ് എടുക്കുമ്പോൾ അപ്പുവിന്റെ മനസ്സിൽ നിറഞ്ഞത് എന്തായിരുന്നുവെന്ന് കണ്ടുനിന്നവർക്ക് മനസ്സിലാക്കാനാകുമായിരുന്നില്ല. തന്റെ വൈകല്യത്തെ ഇച്ഛാശക്തിയുള്ള മനസ്സുമായി നേരിടുന്ന അപ്പുവിന്റെ മുഖത്ത് നിറഞ്ഞത് പ്രതിസന്ധികളെ അതിജയിച്ച് മുന്നേറുമെന്ന ഭാവമായിരുന്നു. പത്തനാപുരം ഗാന്ധിഭവന്റയും തിരുവനന്തപുരം കിംസ് ഹെൽത്ത് ലിംപ് സെന്ററിന്റെയും നേതൃത്വത്തിൽ നൽകുന്ന സൗജന്യ വെപ്പുകാൽ പദ്ധതിയിൽ ഉൾപ്പെടാനായാണ് അപ്പു കായംകുളത്ത് എത്തിയത്. പഴകിയ വെപ്പുകാലിന്റെ സ്ഥാനത്ത് പുതിയതൊരെണ്ണം കിട്ടിയാൽ പ്രയാസമില്ലാതെ നടക്കാൻ കഴിയുമെന്നതാണ് 24 കാരനായ അപ്പുവിനെ കായംകുളം പുത്തൻതെരുവ് ജമാഅത്ത് അങ്കണത്തിൽ നടന്ന ക്യാമ്പിൽ എത്തിച്ചത്.
അമ്പലപ്പുഴ കരൂർ സ്വദേശിയായ അപ്പു ജന്മന വലതുകൈയും ചുണ്ടുമില്ലാതെയാണ് ജനിച്ചുവീണത്. മാതാപിതാക്കളായ പുഷ്കരന്റെയും ശ്യാമളയുടെയും ത്യാഗങ്ങളിലൂടെ പ്രതിസന്ധികളെ അതിജയിച്ച കഥയാണ് അപ്പുവിന് പറയാനുള്ളത്. അപകടത്തിൽപ്പെട്ടും രോഗങ്ങളാലും കാലുകൾ മുറിക്കപ്പെട്ടവർക്ക് സൗജന്യ വെപ്പുകാൽ നൽകുന്ന പദ്ധതിയുടെ ആദ്യ ക്യാമ്പിൽ 50 പേരുടെ അളവെടുപ്പാണ് നടന്നത്. 60ഓളംപേർ ക്യാമ്പിന് എത്തിയിരുന്നു.
മലങ്കര സഭ മാവേലിക്കര ഭദ്രാസനം അധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ഫർസാന ഹബീബ് അധ്യക്ഷതവഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. ഫർസാന ഹബീബ് അധ്യക്ഷതവഹിച്ചു. ഗാന്ധിഭവൻ ചെയർപേഴ്സൻ ഡോ. ഷാഹിദ കമാൽ, സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.എസ്. സുൽഫിക്കർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ കൊപ്പാറേത്ത്, കിംസ് ഹെൽത്ത് ലിംബ് സെന്റർ ഹെഡ് ഡോ. നിത, ഓപറേഷൻ ഹെഡ് കരൺദീപ് സിങ്, പുത്തൻതെരുവ് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഹക്കീം മാളിയേക്കൽ, ഗാന്ധിഭവൻ ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഷമീർ, ജി. രവീന്ദ്രൻ പിള്ള, പ്രഭാഷ് പാലാഴി, നാസർ പുല്ലുകുളങ്ങര, ഷാനവാസ്, സജീവ്, നിയാസ്, അനീസ്, സുനീർ, അൻവർ 108, കണ്ണൻ ബാബു, ഷൈല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.