തോട്ടവിള ഗവേഷണ കേന്ദ്രം പ്ലാറ്റിനം ജൂബിലി നിറവിൽ

കായംകുളം: നാളീകേര കൃഷിയുടെ പുരോഗതി ലക്ഷ്യമാക്കി രാജഭരണകാലത്ത് തുടക്കം കുറിച്ച കൃഷ്ണപുരത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആർ.ഐ.) പ്ലാറ്റിനം ജൂബിലി നിറവിൽ. തെക്കൻ കേരളത്തിന്‍റെ കാർഷിക ഗവേഷണ മേഖലയിൽ പുരോഗതിയുടെ പാത വെട്ടിത്തെളിച്ച സ്ഥാപനം മുക്കാൽ നൂറ്റാണ്ടിന്‍റെ നിറവിലെത്തിയത് വിപുലമായ പരിപാടികളോടെയാണ് അധികൃതർ ആഘോഷിക്കുന്നത്.

ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്‍റെ കീഴിലുള്ള സ്ഥാപനം 1947 ഏപ്രിൽ 24 നാണ് പ്രവർത്തനം തുടങ്ങുന്നത്. ഉത്രാടംതിരുന്നാൾ മാർത്താണ്ഡവർമ്മയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. ഇതിന് മുമ്പ് തന്നെ നാളീകേര ഗവേഷണ കേന്ദ്രത്തിന്‍റെ ഫീൽഡ് സ്റ്റേഷനായി സ്ഥാപനം പ്രവർത്തനം തുടങ്ങിയിരുന്നു. ഇന്ത്യൻ കോക്കനട്ട് കൗൺസിലിന്‍റെ കീഴിലായിരുന്നു തുടക്കം. ദേശീയപാതയോരത്ത് കൃഷ്ണപുരം മുക്കടയിൽ 60 ഏക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന സ്ഥാപനം തെങ്ങിന്‍റെ കീടബാധയെ കുറിച്ച് പഠനം നടത്തുന്ന രാജ്യത്തെ ഏക സ്ഥാപനമാണെന്ന പ്രത്യേകതയുമുണ്ട്. ഇതിനാൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ട നിരവധി ശാസ്ത്രജ്ഞർ പഠനത്തിനായി സ്ഥാപനത്തിൽ എത്താറുണ്ട്.

തെങ്ങിന്‍റെ കാറ്റ് വീഴ്ച, രോഗകീട നിയന്ത്രണ മാർഗങ്ങൾ, അത്യൂൽപ്പാദന ശേഷിയുള്ള തെങ്ങിൻതൈകളുടെ ഉൽപ്പാദനം എന്നിവ ഇവിടെ നടക്കുന്നു. ഇതിനോട് ചേർന്ന് ജില്ല കൃഷി വിജ്ഞാനകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. നാളികേര ഗവേഷണങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും മറ്റും അടങ്ങിയ ലൈബ്രറി, ലബോറട്ടറി എന്നിവയും തെങ്ങിന്‍റെ ജനിതകപഠനം നടത്തുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ട്. ഓരോ വർഷവും 15,000 ത്തോളം അത്യുൽപാദന ശേഷിയുള്ള തെങ്ങിൻതൈകൾ ഇവിടെ ഉൽപ്പാദിപ്പിക്കുന്നു. 10 ശാസ്ത്രജ്ഞർ ഉൾപ്പെടെ 48 ഓളം ജീവനക്കാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കർഷകർക്കായി പരിശീലന പരിപാടികൾ, മൊബൈൽ ആപ്പുകൾ, കൃഷിയിട പങ്കാളിത്ത ഗവേഷണങ്ങൾ എന്നിവയെല്ലാം നിരന്തരം നടത്തുന്നുണ്ട്.

ടിഷ്യൂകൾച്ചറിലൂടെ തെങ്ങിൻതൈ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിലും നിലവിൽ ഇവർ ശ്രദ്ധിക്കുന്നു. പ്രതിരോധശേഷിയുള്ള കൽപ്പരക്ഷ, കൽപ്പശ്രീ, കൽപ്പസങ്കര തുടങ്ങിയ ഇനങ്ങൾ ഇവിടെയാണ് വികസിപ്പിച്ചത്. ഇതിന്‍റെ വളക്കൂട്ടുകളടക്കം രൂപപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ എള്ള്, ചേന, ചേമ്പ്, റാഗി, മുതിര, ചോളം എന്നീ കൃഷികളിൽ ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ശ്രദ്ധേയ പ്രവർത്തനങ്ങളും നടന്നുവരുന്നു. കൂടാതെ ഇതര കാർഷിക ഇനങ്ങൾ, ഇടവിള കൃഷി, മൃഗ^മൽസ്യ മേഖലകൾ സംയോജിപ്പിച്ച് പുതിയ ഗവേഷണ സാധ്യതകൾ രൂപപ്പെടുത്താമെന്ന സാധ്യതയും ഗവേഷകരുടെ ചിന്തയിലുണ്ട്.

അഗ്രോ^എക്കോ ടൂറിസം ഗവേഷണ സാധ്യതയും പ്രയോജനപ്പെടുത്താനാകുമെന്ന നിർദ്ദേശവുമുണ്ട്. ഈ സാഹചര്യം നിലനിൽക്കെ ഗവേഷണ ദൗത്യം പൂർത്തിയായെന്ന കാരണം ചൂണ്ടികാട്ടി സ്ഥാപനം അടച്ചുപൂട്ടുന്നതിന് നേരത്തെ ശ്രമം നടന്നത് വിവാദമായിരുന്നു. അന്ന് ശക്തമായ എതിർപ്പിൽ തീരുമാനം പിൻവലിക്കുകയായിരുന്നു. പദവി എടുത്തുകളഞ്ഞും ജീവനക്കാരെ പിൻവലിച്ചും ഫാം സെൻററായി തരംതാഴ്ത്താനുള്ള നീക്കമാണ് നടന്നത്. തെങ്ങുമായി ബന്ധപ്പെട്ട ഗവേഷണദൗത്യം പൂർത്തിയായെന്ന കാരണമാണ് ഇതിനായി ചൂണ്ടികാട്ടിയത്. കൽപ്പവജ്ര എന്ന പേരിലാണ് ഒരു വർഷം നീളുന്ന ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കാർഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - Plantation Crop Research Station turns Platinum Jubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.