കായംകുളം: നാടിന്റെ പാരിസ്ഥിതിക ഘടനയെ തകർക്കുന്ന തരത്തിൽ കുമിഞ്ഞ പ്ലാസ്റ്റിക് ഭീഷണിയിൽനിന്ന് കുറേശ്ശയായി നാട് മുക്തമാകുകയാണ്. കായലിലും കൈവഴിത്തോടുകളിലും കുളങ്ങളിലും ഓടകളിലും നിറഞ്ഞ അജൈവ മാലിന്യത്തിന്റെ ഭീകരതയിൽനിന്ന് നാടിനെ മോചിപ്പിക്കാൻ ഹരിതകർമ സേനക്ക് ഒരുപരിധിവരെ കഴിയുന്നു. പദ്ധതിയോട് പുറംതിരിഞ്ഞ് നിൽക്കുന്നവർ ധാരാളമുള്ളത് ഇതിന്റെ നൂറുശതമാന വിജയത്തെ കാര്യമായി ബാധിക്കുന്നു. പ്രതിമാസം 50 രൂപ നൽകുന്നതിലുള്ള പ്രതിഷേധമാണ് ഇതിന്റെ മുഖ്യകാരണം. എന്നാൽ ഗ്രാമങ്ങൾ പ്ലാസ്റ്റിക് നീക്കത്തിൽ പുരോഗതി കൈവരിച്ചിരിക്കുകയാണ്. അതേസമയം, ഇതര മാലിന്യം നീക്കുന്നതിൽ ഒരിഞ്ചുപോലും മുന്നോട്ട് പോകാൻ പഞ്ചായത്തുകൾക്കും കഴിഞ്ഞിട്ടില്ല. ചിലയിടങ്ങളിൽ പഴയ വസ്ത്രങ്ങൾ ശേഖരിക്കാനായി എന്നത് മാത്രം. പ്ലാസ്റ്റിക് കൂടാതെ പഴയ ചെരിപ്പ്, ബാഗ്, തെർമോകോൾ, കണ്ണാടി, കുപ്പിച്ചില്ല്, ട്യൂബ് ലൈറ്റ്, സി.എഫ്.എൽ, ഇ-മാലിന്യം എന്നിവയും ഇടവിട്ട മാസങ്ങളിൽ ശേഖരിക്കാനാണ് ലക്ഷ്യമിട്ടത്. ഇവ സൂക്ഷിക്കാനുള്ള കലക്ഷൻ സെന്ററുകൾ മിക്ക പഞ്ചായത്തിലും ഇല്ലെന്നതാണ് പദ്ധതിയെ ബാധിക്കുന്നത്.
സ്വന്തമായി കലക്ഷൻ സെന്ററുള്ള കൃഷ്ണപുരം പഞ്ചായത്ത് പ്ലാസ്റ്റിക് ശേഖരണത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ഇതിലൂടെ സംസ്ഥാനതല പുരസ്കാരവും നേടിയെടുത്തു. അടുത്തിടെ കലക്ഷൻ സെന്റർ തീകത്തി നശിച്ചത് പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഇതിനെ മറികടക്കുന്ന തരത്തിലുള്ള ഇടപെടൽ ഊർജിതമാക്കിയിരിക്കുകയാണ്. 87 മുതൽ 90 ശതമാനംവരെ പ്ലാസ്റ്റിക് മാലിന്യമാണ് ഓരോ മാസവും ശേഖരിക്കുന്നത്. 17 വാർഡിലായി 34 പേരാണ് ഇതിനായി പ്രവർത്തിക്കുന്നത്. ഒരു തവണ പഴയ വസ്ത്രങ്ങളും ശേഖരിച്ചിരുന്നു. കുപ്പിച്ചില്ലുകളും ചെരിപ്പുകൾക്കുമൊപ്പം ഇ-വേസ്റ്റുകൾ ശേഖരിക്കാനുള്ള പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്.
തീരദേശ പഞ്ചായത്തായ ദേവികുളങ്ങരയിൽ 95 ശതമാനം വരെയാണ് പ്ലാസ്റ്റിക് ശേഖരണം. ചില വാർഡുകളിൽ ഇത് നൂറുശതമാനമായി ഉയർത്താനും കഴിഞ്ഞിട്ടുണ്ട്. പഴയ വസ്ത്രങ്ങൾ ശേഖരിച്ച് തുണിസഞ്ചിയും ചവിട്ടുമെത്തകളുമായി പരിവർത്തിപ്പിക്കുന്ന പദ്ധതിയും നടപ്പാക്കി. കലക്ഷൻ സെന്റർ ഇല്ലാത്തതാണ് മാലിന്യശേഖരണത്തിന് പ്രധാന പ്രതിസന്ധിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ പറഞ്ഞു. ഹരിത കർമ സേനയുടെ പ്രവർത്തനം സജീവമായതോടെ പ്ലാസ്റ്റിക് വലിച്ചെറിയുന്ന സമീപനം ഒരുപരിധിവരെ കുറക്കാനായതാണ് നാട് നേരിടുന്ന പ്രധാന നേട്ടം. കായലും കൈവഴിത്തോടുകളിലും പ്ലാസ്റ്റിക് സാന്നിധ്യം ഗണ്യമായി കുറക്കാനുമായി.
ഭരണിക്കാവിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾ നിലയിലാണ് പ്ലാസ്റ്റിക് തരംതിരിച്ച് സൂക്ഷിക്കുന്നത്. നിലവിൽ 81 ശതമാനംവരെ പ്ലാസ്റ്റിക്കാണ് എത്തിക്കുന്നത്. മാസം അഞ്ച് ടൺവരെ പ്ലാസ്റ്റിക് ആലപ്പുഴയിലെ ക്ലീൻ കേരള കമ്പനിയിലേക്ക് കയറ്റി അയക്കുന്നുണ്ട്. 21 വാർഡിലായി 42 പേരാണ് ഹരിതകർമ സേനയിലുള്ളത്. മൂന്ന് വാർഡുകളിൽനിന്നുള്ള സഹകരണക്കുറവ് പദ്ധതിയുടെ പൂർണതയെ ബാധിക്കുന്നതായി സേന അംഗം ശാലിനി പറഞ്ഞു. പത്തിയൂർ പഞ്ചായത്തിലും പ്ലാസ്റ്റിക് ശേഖരണമാണ് പ്രധാനമായും നടക്കുന്നത്. ഒരുതവണ വസ്ത്രങ്ങൾ ശേഖരിക്കാനായി. 87 ശതമാനം വരെ പ്ലാസ്റ്റിക് ശേഖരിക്കുന്നു. കലക്ഷൻ സെന്ററിൽ അടിസ്ഥാന സൗകര്യം ഒരുക്കി കൂടുതൽ പാഴ്വസ്തുക്കൾ ശേഖരിക്കാനുള്ള പദ്ധതി രൂപപ്പെടുത്തുകയാണെന്ന് പ്രസിഡന്റ് എൽ. ഉഷ പറഞ്ഞു. ചെട്ടികുളങ്ങര, കണ്ടല്ലൂർ പഞ്ചായത്തുകളിലും 80 ശതമാനത്തിന് മുകളിൽ പ്ലാസ്റ്റിക് ശേഖരണം നടക്കുന്നു.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ രൂക്ഷത പേറുന്ന നഗരത്തിന് ഹരിതകർമ സേനയെ ഉൾക്കൊള്ളുന്നതിൽ പാതിമനസ്സ്. പ്ലാസ്റ്റിക് ശേഖരണം 30 ശതമാനത്തിൽ എത്തിയെന്നത് തന്നെ വലിയ കാര്യമായാണ് അധികൃതർ കാണുന്നത്. ജനങ്ങളുടെ നിഷേധാത്മക സമീപനം മാറ്റിയെടുക്കാൻ നടത്തുന്ന ഇടപെടൽ വിജയത്തിലേക്ക് എത്തുന്നുണ്ട്. മൂന്ന് മാസം മുമ്പ് വരെ ഇഴഞ്ഞുനീങ്ങിയ പദ്ധതി കാര്യക്ഷമമായി തുടങ്ങിയിട്ടേയുള്ളൂ. ഇതിനിടെ സേന അംഗങ്ങൾക്ക് നേരിടേണ്ടി വന്ന തിക്താനുഭവങ്ങളുമായി ബന്ധപ്പെട്ട് 20ഓളം പരാതികളാണ് നഗരസഭയിൽ എത്തിയത്. തുടക്കത്തിൽ ഒമ്പത് പേരായിരുന്നു സേനയിലുണ്ടായിരുന്നത്. മൂന്ന് മാസം മുമ്പ് ഇത് 38 ആയി വർധിച്ചു. ഇപ്പോൾ 71 പേരിലെത്തി. 44 വാർഡുകളിൽ 13 ഓളം വാർഡുകൾ സഹകരണത്തിൽ വളരെ പിന്നിലാണ്. 27 മുതൽ 30 ശതമാനം വരെയാണ് സഹകരണം. 15, 22 എന്നീ വാർഡുകരാണ് പ്ലാസ്റ്റിക് കെടുതികളിൽനിന്ന് മുക്തമാകണമെന്ന് കൂടുതൽ താൽപര്യം കാട്ടിയത്. ഇവിടെ 80 മുതൽ 95 ശതമാനം വരെയെത്തിക്കാനായി.
മുരുക്കുംമൂട്ടിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ എത്തിച്ചാണ് പ്ലാസ്റ്റിക്കുകൾ തരം തിരിക്കുന്നത്. ഇവിടെ എം.സി.എഫിനായുള്ള പ്രവർത്തനം നടന്നുവരുന്നു. യൂസർഫീ നൽകുന്നതിലെ പ്രയാസമാണ് സഹകരണത്തിന് തടസ്സമായി വീട്ടുകാർ പറയുന്നതെന്ന് ഗ്രൂപ് സെക്രട്ടറി ജെ. സിന്ധു പറയുന്നു. അതേസമയം, മുരുക്കുംമൂട്ടിലെ നിക്ഷേപ കേന്ദ്രം പൂട്ടിയതോടെ ജൈവ മാലിന്യസംസ്കരണ വിഷയത്തിൽ നഗരം ഗുരുതര പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഉറവിട മാലിന്യ സംസ്കരണ പദ്ധതി പൂർണ തോതിൽ എത്താത്തതാണ് പ്രശ്നം. സസ്യമാർക്കറ്റിലും ആശുപത്രി അടക്കമുള്ള പ്രധാന സ്ഥാപനങ്ങളിലും തുമ്പൂർമൂഴി മാതൃക പദ്ധതി ഒരു പരിധിവരെ വിജയം കാണുന്നു.
എന്നാൽ, ഹോട്ടലുകളിൽനിന്നും മറ്റ് പലയിടങ്ങളിൽനിന്നുമുള്ള മാലിന്യം വഴിയോരങ്ങളിൽ തള്ളുന്നത് തടയാനാകുന്നില്ല. ഇത് കണ്ടുപിടിക്കാനായി വിവിധ ഭാഗങ്ങളിലായി 12ഓളം സി.സി ടി.വി കാമറകൾ സ്ഥാപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. മാലിന്യം തള്ളൽ തടയാൻ കാര്യക്ഷമമായ പദ്ധതികളില്ല. നൂറിന്റെ നിറവിലെത്തിയ നഗരത്തെ സൗന്ദര്യവത്കരിക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ചെങ്കിലും ഇതും എങ്ങുമെത്തിയില്ല. ബജറ്റിൽ വരെ ഇടംപിടിച്ച പൂക്കളുടെ നഗരം പദ്ധതിയും കലാസ് പുലിയായി ഒടുങ്ങി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.