കായംകുളം: പിറന്നാൾ ആഘോഷത്തിന്റെ മറവിൽ ക്വട്ടേഷൻ സംഘങ്ങൾ ഒത്തുകൂടിയതിന്റെ കാരണങ്ങൾ തേടി പൊലീസ് അന്വേഷണം ഊർജിതമായി. പിടിയിലായവരിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇതിനോടകം ശേഖരിച്ച് കഴിഞ്ഞു. ആഘോഷം നടക്കുന്നതിനിടെ 10 പേർ പൊലീസ് പിടിയിലായിരുന്നു. ഓടിയവരിൽ കായംകുളം പൊലീസിന്റെ ലിസ്റ്റിലുള്ള ഒമ്പത് പേരെ അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്വട്ടേഷൻ പ്രമുഖരടക്കം എരുവയിൽ സംഘടിച്ചത്.
എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിൽ പ്രതിയായ മണ്ണഞ്ചേരി സ്വദേശി അതുൽ, എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിധീഷ് കുമാർ, ഇടുക്കിയിൽ നിന്നുള്ള അലൻ ബെന്നി, തൃശൂർ തൃക്കല്ലൂർ സ്വദേശി പ്രശാൽ, കായംകുളം-കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ വിജീഷ്, അനന്ദു, ഹബീസ്, വിഷ്ണു, സെയ്ഫുദ്ദീൻ, രാജേഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഓടി രക്ഷപ്പെട്ടവരിൽ കുപ്രസിദ്ധ ഗുണ്ടയും കൊലപാതക കേസിലെ പ്രതിയുമായ മാട്ട കണ്ണൻ, ഗുണ്ടകളായ ആഷിഖ്, വിഠോബ ഫൈസൽ, ഡെയ്ഞ്ചർ അരുൺ, മോട്ടി (അമൽ ഫാറൂഖ് സേട്ട്), വിജയ് കാർത്തികേയൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതിൽ അരുണിന്റെ ഥാർ വാഹനവും രക്ഷപ്പെട്ട തൃശൂർ സംഘത്തിന്റെ സ്കോർപ്പിയോയും പൊലീസ് പിടിച്ചെടുത്തിരുന്നു.
പിന്നീട് ഓട്ടോറിക്ഷയിൽ സ്ഥലംവിട്ട തൃശൂർ സംഘത്തിന്റെ വിവരങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. സംഗമത്തിൽ പങ്കെടുക്കാൻ പെരുമ്പാവൂരിൽ നിന്ന് എത്തിയ സംഘം ജില്ലയിൽ പ്രവേശിച്ചെങ്കിലും പൊലീസ് നീക്കം അറിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു. എല്ലാവരുടെയും മൊബൈലുകൾ കസ്റ്റഡിയിലെടുത്തത് ക്വട്ടേഷൻ സംഘത്തിന് തിരിച്ചടിയാണ്. മുൻവർഷങ്ങളിലും എരുവയിൽ ഇത്തരം സംഗമങ്ങൾ നടത്തിയിരുന്നവർ ഇത്തവണയാണ് വിപുലമായി രീതിയിലേക്ക് മാറിയത്.
ചേർത്തലയിലെ ക്വട്ടേഷൻ സംഗമത്തിന് പിന്നാലെ പൊലീസ് പുലർത്തിയ ജാഗ്രതയാണ് സംഘം വലയിലാകാൻ സഹായിച്ചത്. ചേർത്തല സംഗമം യഥാസമയം തിരിച്ചറിയാതിരുന്നത് സേനക്ക് നാണക്കേടായിരുന്നു. ഇതിന് ശേഷം ക്വട്ടേഷൻ സംഘങ്ങൾ കനത്ത നിരീക്ഷണത്തിലാണ്. വിവിധ ഗ്യാങുകളുടെ ഏകോപനമാണ് എരുവ സംഗമത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് പ്രാഥമിക വിവരം. രാഷ്ട്രീയ നേതാക്കളുടെ പിൻബലമാണ് ഇതിന് കരുത്തായത്. ഹരിപ്പാട് സിനിമ തിയേറ്ററിലെ പിറന്നാൾ ആഘോഷത്തിലെ നേതൃ സാന്നിധ്യമാണ് പൊലീസിന്റെ ഈ സംശയത്തിന് കാരണം. ഭരണപക്ഷ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന അഭിഭാഷകരാണ് ഇവർക്ക് വേണ്ടി വക്കാലത്ത് ഇടുന്നതെന്നതും പിൻബലത്തിന്റെ തെളിവായി പൊലീസ് പറയുന്നു. രഹസ്യന്വേഷണ റിപ്പോർട്ടുകളിലും ഇത് ഉൾപ്പെട്ടിട്ടുണ്ട്.
നവകേരള സദസ്സിനെയടക്കം ക്വട്ടേഷൻ അക്രമത്തിന് മറയാക്കിയ സംഭവത്തിൽ ആഭ്യന്തരവകുപ്പിനുള്ള അമർഷവും പൊലീസ് നീക്കത്തിന് ആക്കം കൂട്ടിയതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.