കായംകുളം: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ടെൻഡർ ചെയ്യാത്ത മേൽപാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രിയുടെ നടപടി വിവാദത്തിലേക്ക്. കായംകുളം മണ്ഡലത്തിലെ കൃഷ്ണപുരം മാമ്പ്രക്കന്നേൽ, കാക്കനാട് മേൽപാലങ്ങളുടെ ഉദ്ഘാടനങ്ങളാണ് ഓൺലൈനായി നിർവഹിച്ചത്. മാമ്പ്രക്കന്നേൽ മേൽപാലം നിർമാണത്തിനായി കിഫ്ബിയിൽനിന്നുള്ള പദ്ധതി നടത്തിപ്പ് പുരോഗമിക്കുന്നതേയുള്ളു. 2018ൽ ഇതിനായി 31.21 കോടി അനുവദിച്ചു. ഇതിലൂടെ സ്വകാര്യ വ്യക്തികളിൽനിന്നുള്ള മുഴുവൻ ഭൂമിയും ഏറ്റെടുക്കുകയും ഇതിലെ കെട്ടിടങ്ങൾ പൊളിച്ച് മരങ്ങൾ മുറിക്കുകയും ചെയ്തു. 2023ൽ എസ്റ്റിമേറ്റ് 36.34 കോടിയായി പുതുക്കി നിർമാണത്തിനുള്ള സാങ്കേതിക അനുമതിയും നൽകി. എന്നാൽ, പുതുക്കിയ എസ്റ്റിമേറ്റിനുള്ള അംഗീകാരം ലഭിച്ചാൽ മാത്രമേ ടെൻഡർ നടപടിയിലേക്ക് കടക്കാനാകു.
സംസ്ഥാനത്ത് ഇത്തവണ അനുവദിച്ച 62 മേൽപാലങ്ങളിൽ കായംകുളം-തിരുവല്ല സംസ്ഥാന പാതയിലെ കാക്കനാട് മേൽപാലം ഉൾപ്പെട്ടുവെന്നതല്ലാതെ നടപടിക്രമങ്ങൾ ഒന്നുംതന്നെ തുടങ്ങിയിട്ടില്ല. ഇതിനായി സ്ഥലം ഏറ്റെടുപ്പ് അടക്കമുള്ള നടപടികളും നടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് തറക്കല്ലിടൽ തെരഞ്ഞെടുപ്പ് പ്രഹസന നടപടിയാണെന്ന ചർച്ച ഉയർന്നത്. കേന്ദ്രവും കേരളത്തിലെ ബി.ജെ.പിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് യു. പ്രതിഭ എം.എൽ.എ ആരോപിച്ചു. ഇത്തരം പ്രഹസനങ്ങൾ ജനം തിരിച്ചറിയുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.