കായംകുളം: സിനിമാലോകത്തിലെ മാസ്മരികതയിലും നാട്ടിൻപുറത്തുകാരനായി ജീവിച്ച പ്രിയകവിയുടെ വിയോഗത്തിൽ വേദനയോടെ പുതുപ്പള്ളി ഗ്രാമം. വിദ്യാർഥി, രാഷ്ട്രീയക്കാരൻ, സന്യാസി, അഭിഭാഷകൻ, കവി, സിനിമാപ്രവർത്തകൻ തുടങ്ങി ഒാരോ വേഷപ്പകർച്ചയിലും നാടും നാട്ടുകാരും പനച്ചൂരാന് പ്രിയപ്പെട്ടതായിരുന്നു.
ഇണങ്ങുന്നവരോട് വേഗത്തിൽ പിണങ്ങുന്ന കലഹപ്രിയനായിരിക്കുേമ്പാഴും സൗഹാർദ സദസ്സുകൾ ഒഴിവാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച കവി തെൻറ ഗാനത്തിലെന്നപോലെ വ്യത്യസ്തനായിരുന്നു. സ്വദേശത്തുള്ളപ്പോൾ നാട്ടുവഴികളിലും ക്ഷേത്രവളപ്പിലും ചായക്കടകളിലും സജീവമായിരുന്നു പനച്ചൂരാൻ. ലോക്ഡൗൺകാലം നാട്ടിലും വീട്ടിലുമായി ഒറ്റപ്പെട്ടപ്പോൾ അറ്റുപോയ പല സൗഹൃദങ്ങളും കോർത്തിണക്കുന്നതിലും ശ്രദ്ധയൂന്നി.
രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യസമീപനങ്ങളും ഏറെ ചർച്ചയായിരുന്നു. കമ്യൂണിസ്റ്റുകാരനായി വളർന്ന് സംഘ്പരിവാർ ആശയക്കാരനായി മാറിയതിലെ വൈരുധ്യമാണ് സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായിരിക്കുന്നത്. കുടുംബത്തിലെ കമ്യൂണിസ്റ്റ് പാരമ്പര്യവും വിദ്യാർഥി ജീവിതത്തിലെ കമ്യൂണിസ്റ്റ് ആശയവും മനസ്സിൽ സൂക്ഷിച്ചതാണ് 'ചോരവീണ മണ്ണിൽനിന്നുയർന്നുവന്ന പൂമരം' എന്നുതുടങ്ങുന്ന വിപ്ലവ കവിതക്ക് കാരണമായതെന്നും സംഘ് മനസ്സാണ് 'പ്രണയം നടിച്ച് ജിഹാദ് പൊൻ മാരീചനായി വരുന്നു' എന്ന സംഘ്പരിവാർ ജാഥയിലെ കവിതക്ക് കാരണമായതെന്നുമുള്ള ചർച്ചയാണ് നിറയുന്നത്.
ശ്രീനാരായണഗുരു വിദ്യ അഭ്യസിക്കാനെത്തിയ കായംകുളം ഗോവിന്ദമുട്ടം വാരണപ്പള്ളിൽ തറവാട്ടിലെ പിൻതലമുറക്കാരനാണ് അനിൽ. സാമൂഹിക അസമത്വങ്ങൾെക്കതിരെ പൊരുതിയ ആറാട്ടുപുഴ വേലായുധപ്പണിക്കരും അദ്ദേഹത്തിെൻറ പൂർവികരായിരുന്നു. പണിക്കരെക്കുറിച്ച് ഒരു ചരിത്രസിനിമ ചെയ്യാനുള്ള ഗവേഷണത്തിനിടെയാണ് മരണം അനിലിനെ തട്ടിയെടുത്തത്. കവിത്വമനസ്സിലെ കലഹസ്വഭാവം കുടുംബത്തിനുള്ളിൽ അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു. അമ്മയുമായുള്ള കേസ് ഒത്തുതീർപ്പാക്കുന്നതിനും ഇതാണ് തടസ്സമായത്. സ്നേഹിച്ചും കലഹിച്ചും ഗ്രാമത്തിൽ നിറഞ്ഞുനിന്ന സുഹൃത്തിനെ അവസാനമായി കാണാനാകുന്നില്ലല്ലോയെന്ന സങ്കടമായിരുന്നു ഏവർക്കും. വീടിനുമുന്നിലെ വഴിയോരത്ത് സ്ഥാപിച്ച ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ഇവർ പ്രിയ സ്നേഹിതന് വിടനൽകിയത്. സമൂഹത്തിെൻറ വിവിധ മേഖലകളിലുള്ളവർ അനിൽ പനച്ചൂരാെൻറ ദേഹവിയോഗത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.