കായംകുളം: ക്വട്ടേഷൻ സംഘങ്ങളുടെ പിൻബലത്തിലെ പണമിടപാട് സംഘങ്ങളുടെ അടിവേര് മാന്താൻ രണ്ടും കൽപിച്ച് പൊലീസ്. ഹോട്ടലുടമയെ തട്ടിക്കൊണ്ടുപോയി മർദിച്ചശേഷം മുങ്ങിയ പ്രതികളെ പിന്തുടർന്ന പൊലീസ് സംഘത്തെ ആക്രമിച്ചതോടെയാണ് ഇവർക്കെതിരെ കടുത്ത നടപടിക്ക് തുടക്കം കുറിച്ചത്. സഹപ്രവർത്തകൻ ദീപക്കിന് (37) നേരെയുണ്ടായ ആക്രമണവും പൊലീസിന്റെ വീര്യം വർധിക്കാൻ കാരണമായി. ഇതിനിടെ, വിഷയം ഇ.ഡിയുടെ അന്വേഷണ പരിധിയിലേക്ക് മാറാനുള്ള സാധ്യതയും വർധിക്കുകയാണ്. മാഫിയ പിൻബലത്തിലുള്ള പണമൊഴുക്ക് സംബന്ധിച്ച വിവരങ്ങൾ ഇവർ ശേഖരിച്ചതായാണ് സൂചന. കൂടാതെ, ബിനാമി ഇടപാടുകളുടെ ശൃംഖല വിപുലമാകുന്നതും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിലേക്ക് കാര്യങ്ങൾ എത്തുന്നതിന് വഴിതെളിച്ചതായും പറയുന്നു.
അതേസമയം, മീറ്റർ പലിശ സംഘങ്ങളുമായി ബന്ധമുള്ള 14ഓളം സ്ഥലങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. കേസിലെ മുഖ്യപ്രതി ഷിനുവിന്റെ (ഫിറോസ്ഖാൻ) വീട്, ഇയാളുമായി ബന്ധമുള്ള കോൺഗ്രസ് നേതാവായ അഭിഭാഷകൻ, റിട്ട. പ്രഫസർ എന്നിവരുടെ വീടുകളിലും നഗരത്തിലെ സ്ഥാപനത്തിലുമാണ് പ്രധാനമായും പരിശോധന നടന്നത്. ഇവിടെനിന്ന് മീറ്റർ പലിശ ഇടപാടിനായി നൽകിയ ചെക്കുകളും മുദ്രപ്പത്രങ്ങളും ഉൾെപ്പടെയുള്ള രേഖകളും കണ്ടെടുത്തു. കേസിൽ പ്രതികളായവരുടെ വീടുകളിൽനിന്ന് ആയുധം പിടികൂടിയതായും പൊലീസ് പറഞ്ഞു. ചിറക്കടവം സ്വദേശി അരുൺ അന്തപ്പനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസും രജിസ്റ്റർ ചെയ്തു. പലിശ ഇടപാടിന്റെ നിരവധി രേഖകൾ ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കേസ്. പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
നഗരത്തിലെ പല ഭാഗങ്ങളിലും മീറ്റർ പലിശ ബന്ധമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രമുഖരുടെ അഴിമതിപ്പണവും പലരുടെയും കള്ളപ്പണവും വെളുപ്പിച്ചിരുന്നത് ഇതിലൂടെയാണെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. നിരീക്ഷണത്തിലുള്ള അഭിഭാഷകനാണ് ഇതിൽ ഇടനിലക്കാരനാകുന്നതെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
ഇതിനിടെ, കൊള്ളപ്പലിശ സംഘത്തിന് പൊലീസിൽ നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നതായ സൂചനകളും പുറത്തുവരുന്നുണ്ട്. ജില്ലയിൽ നേരത്തേ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനും വിരമിച്ച ഉദ്യോഗസ്ഥനും ഇവരെ സഹായിച്ചിരുന്നതായാണ് അറിയുന്നത്. ഇതാണ് പല സന്ദർഭങ്ങളിലും ഇവർക്ക് രക്ഷപ്പെടാനുള്ള വഴി ഒരുക്കിയതത്രെ.
ഇതിനിടെ, മാഫിയ സംഘവുമായി ബന്ധപ്പെട്ടയാളുടെ വീട് താമസത്തിന് ചില പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തതായ ആരോപണവും ചർച്ചയാകുകയാണ്. ഈ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്.
കായംകുളം: പ്രതികളെ പിടിക്കാനിറങ്ങിയ കായംകുളത്തെ പൊലീസുകാർക്കുനേരെ ക്വട്ടേഷൻ സംഘം ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. 2009ൽ കായംകുളം സ്റ്റേഷനിലെ പൊലീസുകാരനായ ജയരാജിനെ ഓച്ചിറയിലെ വീട്ടിൽ കയറി ആക്രമിച്ചതാണ് പുതിയ സംഭവത്തോടെ ചർച്ചയാകുന്നത്.
ക്വട്ടേഷൻ-ഗുണ്ട സംഘങ്ങളെ അമർച്ച ചെയ്യാൻ ഇറങ്ങിയ സംഘത്തിൽ ഉൾപ്പെട്ടതാണ് ജയരാജിനോടുള്ള ശത്രുതക്ക് അന്ന് കാരണമായത്. അർധരാത്രിയിലാണ് വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേൽപിക്കുന്നത്. ഉറക്കത്തിൽനിന്ന് എഴുന്നേറ്റ് വന്ന ജയരാജനെ മുഖംമൂടി സംഘമാണ് ആക്രമിച്ചത്. പ്രതികൾ ആരായിരുന്നുവെന്നത് ഇന്നും പരസ്യമായ രഹസ്യമാണെങ്കിലും 14 വർഷമായിട്ടും ഒരാളെപ്പോലും പിടികൂടാനായില്ല.
ശരിയായ ദിശയിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത് സമ്മർദങ്ങളാൽ അട്ടിമറിക്കപ്പെടുകയായിരുന്നത്രെ. മേൽനോട്ടം വഹിച്ചവരെല്ലാം സാമ്പത്തികമായി നല്ല നിലയിൽ എത്തിയെന്നത് പൊലീസിനുള്ളിലെ അടക്കിപ്പിടിച്ച സംസാരമായിരുന്നു. ഇതേ സാഹചര്യത്തിൽ വീണ്ടുമൊരു പൊലീസുകാരനുകൂടി വെട്ടേറ്റതോടെ അന്നത്തെ സംഭവം സജീവ ചർച്ചയിലേക്ക് വരുകയാണ്. ഇടുക്കിയിലായതാണ് ഇപ്പോഴത്തെ സംഭവത്തിലെ പ്രതികളെ യഥാസമയം പിടികൂടാൻ കാരണമായതെന്നാണ് പൊലീസുകാർ തന്നെ പറയുന്നത്.
കായംകുളം: കുറ്റവാളിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ സി.പി.എം നേതാവായ നഗരസഭ ചെയർപേഴ്സൻ എത്തിയത് വിവാദമായി.
പൊലീസുകാരനെ വെട്ടിയ കേസിലെ പ്രതിയും മീറ്റർ പലിശ സംഘത്തലവനുമായ എരുവ കോട്ടായിൽ ഷിനുവിന്റെ (ഫിറോസ്ഖാൻ -33) വീട്ടിലാണ് ചെയർപേഴ്സൻ പി. ശശികല സന്ദർശനം നടത്തിയത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. രണ്ടുദിവസം അടച്ചിട്ടിരുന്ന വീട് പൊലീസ് ബലപ്രയോഗത്തിലൂടെ തുറന്നാണ് അകത്തുകയറിയത്.
ഈ സമയം അവിടെയെത്തിയ പ്രതിയുടെ ബന്ധുവായ നഗരസഭ കൗൺസിലറും പൊലീസുമായി വാക്കേറ്റമുണ്ടായി. ഇതേ തുടർന്നാണ് ചെയർപേഴ്സൻ എത്തിയത്. എന്നാൽ, മീറ്റർ പലിശ ഇടപാടുകാരന് ഭരണസിരാകേന്ദ്രങ്ങളിൽ സംരക്ഷണവലയം തീർക്കുന്നതായ ആക്ഷേപം ഉയരുന്നതിനിടെയുള്ള ചെയർപേഴ്സെന്റ സന്ദർശനം രാഷ്ട്രീയ വിവാദത്തിന് കാരണമാകുകയാണ്. മാഫിയ സംഘങ്ങളുടെ ഭരണകക്ഷി ബന്ധം വിവാദമാകുന്നതിനിടെ പാർട്ടി ഘടകങ്ങളിലും വിഷയം ചർച്ചയാകുമെന്നാണ് സൂചന.
മീറ്റർ പലിശക്കാരെയും ഗുണ്ട സംഘങ്ങളെയും അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി പൊലീസ് റെയ്ഡ് നടക്കുന്നതിനിടെ മുഖ്യപ്രതിയുടെ വീട്ടിൽ സി.പി.എം നേതാവായ നഗരസഭ ചെയർപേഴ്സൻ എത്താൻ ഇടയായ സാഹചര്യം അന്വേഷിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഇ. സമീർ ആവശ്യപ്പെട്ടു. മുഖ്യ ഭരണകക്ഷിയും മാഫിയയും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ തെളിയുന്നത്. ഭരണകക്ഷിയുടെ തണലിൽ പൊലീസ് നിഷ്ക്രിയരായതിനാലാണ് സിനിമ കഥകളെ വെല്ലുന്ന തരത്തിൽ മീറ്റർ പലിശക്കാരും ഗുണ്ട സംഘങ്ങളും തഴച്ചുവളരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിന്നക്കനാലിൽ പൊലീസുകാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയുടെ വീട്ടിൽ റെയ്ഡ് നടക്കുന്നതിനിടെ സി.പി.എം നേതാവായ നഗരസഭ ചെയർപേഴ്സൻ എത്തിയതിന് പിന്നിലെ താൽപര്യം അന്വേഷിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ടി. സൈനുല്ലാബ്ദീനും ചിറപ്പുറത്ത് മുരളിയും ആവശ്യപ്പെട്ടു.
മുഖ്യപ്രതിയായ ഫിറോസ് ഖാന്റെ വീട്ടിൽ റെയ്ഡിനെത്തിയ പൊലീസിനെ നഗരസഭ ചെയർ പേഴ്സന്റെ സാന്നിധ്യത്തിൽ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും ചേർന്ന് തടയാൻ ശ്രമിച്ചത് ദുരൂഹത വർധിപ്പിക്കുന്നു.
ക്വട്ടേഷൻ -ബ്ലേഡ് മാഫിയ സംഘവും ഭരണകക്ഷിയും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുൻകാലത്തും സി.പി.എം നേതാക്കളാണ് ഇവർക്ക് സംരക്ഷണം ഒരുക്കിയത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നീക്കമെന്നും ഇതിന് പിന്നിലെ താൽപര്യം അന്വേഷിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
നഗരത്തിലെ മീറ്റർ പലിശ മാഫിയ സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. പൊലീസിനുപോലും ഭീഷണിയായി മാറിയ മീറ്റർ പലിശ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെയുള്ള നടപടികൾ പ്രഹസനമായി മാറുകയാണ്. പൊലീസിലെയും ഭരണകക്ഷിയിലെ ഒരുവിഭാഗത്തിന്റെയും സഹായങ്ങളാണ് മാഫിയക്ക് ബലംനൽകുന്നത്. മാഫിയ സംഘങ്ങളെ മുഖംനോക്കാതെ അമർച്ച ചെയ്യാൻ പൊലീസ് തയാറാകണമെന്നും യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എ. ഇർഷാദും കൺവീനർ എ.എം. കബീറും ആവശ്യപ്പെട്ടു.
മീറ്റർ പലിശയുമായി ബന്ധപ്പെട്ട് നടക്കുന്ന മാഫിയ സംഘങ്ങളിൽനിന്നും നഗരത്തെ രക്ഷിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ടി. സൈനുലാബ്ദീൻ, ചിറപ്പുറത്ത് മുരളി എന്നിവർ ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ട ഞെട്ടിപ്പിക്കുന്നതും ദുരൂഹവുമായ വസ്തുതകൾ വെളിച്ചത്ത് വരേണ്ടതുണ്ട്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ക്വട്ടേഷൻ സംഘങ്ങളും ചേർന്ന റാക്കറ്റ് നഗരത്തിന് ഭീഷണിയാണ്. മാഫിയ സംഘം വർഷങ്ങളായി നടത്തിവരുന്ന പ്രവർത്തനങ്ങൾ പരിശോധിക്കാനുള്ള അടിയന്തര തീരുമാനം സർക്കാർതലത്തിൽ ഉണ്ടായെങ്കിൽ മാത്രമേ യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ കഴിയൂ.
ഇതിന് പിന്നിലുള്ളവരെ ബോധ്യപ്പെട്ടിട്ടും അറസ്റ്റ് ചെയ്യാതെ റെയ്ഡ് പ്രഹസനത്തിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.