കായംകുളം: കനത്തമഴയിൽ നഗരത്തിന്റെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക കെടുതിയിൽ. വീടുകളും റോഡുകളും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. കായംകുളം-കാർത്തികപ്പള്ളി റോഡിൽ ഒ.എൻ.കെ ജങ്ഷനും ഐക്യ ജങ്ഷനും ഇടയിലുള്ള ഭാഗം വെള്ളത്തിനടിയിലാണ്. മിക്ക വീടുകൾക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്.
റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയത് കനത്ത നാശനഷ്ടങ്ങൾക്ക് കാരണമായി. ഐക്യജങ്ഷൻ പ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളംകയറി. ഐക്യ ജങ്ഷൻ-ചേലിക്കുളങ്ങര റോഡ് തോടായി മാറിയതിനാൽ കാൽനടപോലും പ്രതിസന്ധിയിലാണ്.
മുണ്ടകത്തിൽ-ചാലാപ്പള്ളി തോട് കവിഞ്ഞ് ഒഴുകിയതിന്റെ കെടുതികളും രൂക്ഷമാണ്. തോടിന് സമീപ പ്രദേശങ്ങളിലെ വീടുകളിൽ എല്ലാം വെള്ളം കയറി. തോടിന് സമീപത്തായി സ്ഥിതിചെയ്യുന്ന തച്ചടി പ്രഭാകരൻ സ്മാരക ഗവ. ഹോമിയോ ആശുപത്രിയുടെ പ്രവർത്തനവും അവതാളത്തിലായി.
ഈ ഭാഗത്തെ വീട്ടുപകരണങ്ങൾക്കും കൃഷികൾക്കും കാര്യമായ നാശം സംഭവിച്ചു. മിക്കവരും ബന്ധുവീടുകളിലേക്കും മറ്റും മാറിയിരിക്കുകയാണ്. മഴവെള്ളം ഒഴുകിപ്പോകുവാൻ വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണം. റോഡുകൾ ഉയരംകൂട്ടി പുനർ നിർമിച്ചതും ചാലാപ്പള്ളി തോടിന്റെ ആഴംകുറഞ്ഞതും കാരണമായി. കീരിക്കാട് മസ്ജിദ്-ഐക്യ ജങ്ഷൻ റോഡിൽ ഓട സ്ഥാപിച്ചാൽ മാത്രമേ വെള്ളം ഒഴുക്കാൻ കഴിയൂ.
ദേശീയപാതയുടെ അശാസ്ത്രീയ നിർമാണവും പടിഞ്ഞാറൻ മേഖലയിലെ വെള്ളക്കെട്ടിന്റെ കാരണമായി മാറിയിട്ടുണ്ട്. ഇത്തവണയാണ് ഇത്തരത്തിൽ രൂക്ഷമായ സ്ഥിതിവിശേഷം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അഞ്ചുതവണയാണ് വീടുകൾക്കുള്ളിലേക്ക് വെള്ളം കയറിയത്. വൃത്തിയാക്കുന്നതിന്റെ അടുത്തദിവസം വീണ്ടും വെള്ളം കയറുന്ന സ്ഥിതിയാണ്. ഇതിനിടെ വെള്ളക്കെട്ടിന്റെ രൂക്ഷതയിൽ ജനം നെട്ടോട്ടമോടുന്നത് കണ്ടില്ലെന്ന് നടിക്കുന്ന അധികൃത നിലപാട് പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
കനത്ത മഴയിൽ ഓണാട്ടുകരയിൽ വ്യാപക നാശം. നൂറുകണക്കിന് വിടുകളിൽ വെള്ളംകയറിയതോടെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളക്കെട്ടുകളായി മാറിയിട്ടുണ്ട്.
മലയൻ കനാൽ കരകവിഞ്ഞതിനാൽ കൃഷ്ണപുരം, ചേരാവള്ളി ഭാഗങ്ങളിലെ നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവർക്കായി കൃഷ്ണപുരം ടെക്നിക്കൽ സ്കൂളിലാണ് ക്യാമ്പ് തുറന്നത്. ചേരാവള്ളി സ്കൂളിൽ ക്യാമ്പിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. മേഖലയിലെ ഇടവിള കൃഷികൾ പൂർണമായി നശിച്ചു. ചേന, ചേമ്പ്, മരച്ചീനി കൃഷികളാണ് വെള്ളംകയറി നശിച്ചത്. വൈറ്റില കൃഷിയെയും ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.