കായംകുളം: കണ്ടപ്പുറം പള്ളിയിൽനിന്ന് ബാങ്കൊലി മുഴങ്ങിയപ്പോൾ കണ്ടല്ലൂർ തെക്ക് ശിവപാർവതി ക്ഷേത്ര വളപ്പിൽ വിശ്വാസികൾ നോമ്പുതുറന്നു. കണ്ടല്ലൂർ ജുമാമസ്ജിദും പൊടിയാലിൽ വയലിൽ ക്ഷേത്രവും വിശ്വാസികളും തമ്മിലുമുള്ള സൗഹാർദം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായും ഇതുമാറി.
സൗഹാർദത്തിന്റെ സന്ദേശവുമായിട്ടാണ് കണ്ടല്ലൂർ തെക്ക് പൊടിയാലിൽ വയലിൽ ശിവപാർവതി ക്ഷേത്രവളപ്പിൽ ഇഫ്താർസംഗമം ഒരുക്കിയത്. കണ്ടല്ലൂർ മുസ്ലിം ജമാഅത്തിലെ വിശ്വാസികളുമായുളള വൈകാരിക ബന്ധമാണ് ഇത്തരമൊരു ചടങ്ങ് ഒരുക്കാൻ ക്ഷേത്ര ഭാരവാഹികളെ പ്രേരിപ്പിച്ചത്.
ക്ഷേത്ര പുനുരുദ്ധാരണ പ്രവർത്തനങ്ങളിൽ മുസ്ലിംകളിൽ നിന്ന് ലഭിച്ച സഹകരണവും കാരണമായി. ശ്രീകോവിലിന് സമീപം ഒരുക്കിയ പന്തലിൽ നടന്ന ചടങ്ങിൽ 300 പേരാണ് പങ്കാളികളായത്.
ഞായറാഴ്ച വൈകുന്നേരം ദീപാരാധന ചടങ്ങ് കഴിഞ്ഞതോടെയാണ് ഇഫ്താർ സംഗമത്തിലേക്ക് കടന്നത്. ക്ഷേത്രം തന്ത്രി ടി.കെ. ശിവശർമ്മൻ തന്ത്രികൾ, കണ്ടല്ലൂർ ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുൽ റഷീദ് ബാഖവി എന്നിവർ സന്ദേശം നൽകി. ക്ഷേത്ര-ജമാഅത്ത് ഭാരവാഹികളായ നയനാനന്ദൻ ശശികുമാർ, ബി. റെജി കൂട്ടുങ്കൽ, ബിജു ബഷീർ, ഷാഹൂബ്, ബി ഷൈജു, സീബോ ശശി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.