കായംകുളം: ക്വട്ടേഷൻ-ഗുണ്ട സംഘത്തിന്റെ ആക്രമണത്തിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന് രാഷ്ട്രീയമാനം നൽകിയ നീക്കത്തിന് തിരിച്ചടി. എം.എസ്.എം സ്കൂളിന് സമീപം വൈദ്യൻവീട്ടിൽതറയിൽ സിയാദ് (36) കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് നേതാവ് കാവിൽ നിസാമിനെ വെറുതെവിട്ടതാണ് സി.പി.എമ്മിന് തിരിച്ചടിയായത്. മുജീബും കൂട്ടുപ്രതി എരുവ സ്വദേശി വിളക്ക് ഷഫീഖും കുറ്റക്കാരെന്ന് കണ്ടെത്തിയ മാവേലിക്കര അഡീ. സെഷൻസ് ജഡ്ജാണ് മൂന്നാം പ്രതിയായി ഉൾപ്പെടുത്തിയ നിസാമിനെ വെറുതെ വിട്ടത്.
മുജീബിനെ സ്കൂട്ടറിൽ വീട്ടിലെത്തിച്ച നിസാമിനെയും കൊലപാതകക്കേസിൽ പ്രതിയാക്കുകയായിരുന്നു. സിയാദിന്റെ സുഹൃത്തായ എരുവ കോയിക്കപ്പടി തുണ്ടിൽ റജീഷിനെ കോയിക്കപ്പടിയിൽ വെച്ച് മുജീബും കൂട്ടാളിയും ആക്രമിച്ചു. പ്രതിരോധത്തിൽ മുജീബിനും പരിക്കേറ്റിരുന്നു. വിവരമറിഞ്ഞാണ് നഗരസഭ കൗൺസിലറായിരുന്ന നിസാം എത്തുന്നത്. ഇവിടെനിന്നാണ് മുജീബിനെ വീട്ടിലെത്തിക്കുന്നത്. ഈ സമയം കൊലപാതക വിവരം അറിഞ്ഞിരുന്നില്ലെന്നാണ് നിസാം പറഞ്ഞിരുന്നത്. എന്നാൽ, നിസാമിന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ ആരോപിച്ചത്.
എന്നാൽ, വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും ക്വട്ടേഷൻ അക്രമണമാണെന്നുമുള്ള മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ജി. സുധാകരന്റെ പ്രസ്താവനയും ചർച്ചയായിരുന്നു. അതേസമയം, ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരെയുള്ള നിലപാട് സിയാദിനോട് പ്രതികളുടെ ശത്രുതക്ക് കാരണമായിരുന്നതായി സുഹൃത്തുക്കളും വ്യക്തമാക്കിയിരുന്നു. എം.എസ്.എം സ്കൂളിന് പരിസരത്ത് ക്വട്ടേഷൻ സംഘങ്ങൾ തമ്പടിക്കുന്നതിനെ എതിർത്തതാണ് കാരണം. ആധിപത്യം ചോദ്യം ചെയ്യപ്പെട്ടതിൽ വെറ്റ മുജീബ് അസ്വസ്ഥനായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാനകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.