കായംകുളം: സമൂഹമാധ്യമ പോർവിളികളിൽ പക്ഷംചേർന്ന പ്രവർത്തകർക്കുനേരെ അച്ചടക്കത്തിന്റെ ചൂരലുമായി സി.പി.എം. ഇരുമ്പുമറകളെ ഭേദിച്ച് പാർട്ടി രഹസ്യങ്ങൾ പുറത്തേക്ക് എത്തിച്ചതും അഴിമതി കഥകളിലൂടെ നേതാക്കളെ പ്രതിരോധത്തിലാക്കിയതുമാണ് അച്ചടക്കത്തിന്റെ വാളെടുക്കാൻ കാരണമായത്. ജില്ല സെക്രട്ടറി ആർ. നാസറിന്റെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി സജി ചെറിയാന്റെയും സാന്നിധ്യത്തിൽ കൂടിയ ഏരിയ കമ്മിറ്റിയിലാണ് തീരുമാനം. വ്യാജ സർട്ടിഫിക്കറ്റ് വിവാദമടക്കം സമീപ സമയത്ത് പാർട്ടി നേരിട്ട സംഘടന വിഷയങ്ങൾ ചർച്ചചെയ്യാനാണ് യോഗം ചേർന്നത്. സമൂഹ മാധ്യമങ്ങളിലൂടെ നേരിട്ട അപമാനം സംബന്ധിച്ച് ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാൻ വികാരഭരിതനായാണ് കമ്മിറ്റിയിൽ പ്രതികരിച്ചത്.
തുടർന്ന് കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം എന്നീ പേജുകൾ പാർട്ടിക്ക് വലിയരീതിയിൽ ദോഷംചെയ്യുമെന്നതരത്തിൽ ചർച്ച ഉയർന്നതായും അറിയുന്നു. രണ്ട് ഫേസ് ബുക്ക് പേജുകളിലൂടെ ഉയർന്ന ആരോപണ-പ്രത്യാരോപണങ്ങൾ മൂടിവെച്ച പല അഴിമതിക്കഥകളും പുറത്തേക്കുവരുന്നതിന് കാരണമായി. എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവരങ്ങൾ ചെമ്പട ഗ്രൂപ്പിലൂടെയാണ് ആദ്യം പുറത്താകുന്നത്. ആരും ഗൗനിക്കാതിരുന്ന വിഷയം ആറുമാസത്തിനുശേഷം നടന്ന എസ്.എഫ്.ഐ സമ്മേളനത്തിലെ വിഭാഗീയതയാണ് ജനമധ്യത്തിലേക്ക് എത്തുന്നതിന് കാരണമായത്. കൂടാതെ നേതാക്കളുടെ അഴിമതി കഥകളും പേജുകളിലെ ചർച്ചാവിഷയമായിരുന്നു. ഇരുപക്ഷമായി തിരിഞ്ഞ് നടത്തിയ പോർവിളികൾ പല നേതാക്കളുടെയും സ്വകാര്യ വിഷയങ്ങളിലേക്ക് കടക്കുന്നിടം വരെയെത്തി. പാർട്ടിക്കുള്ളിൽ മൂടിവെക്കപ്പെട്ട പല രഹസ്യങ്ങളും ഇവയിലൂടെ പുറംലോകത്തെത്തി. ഏരിയ കമ്മിറ്റിയിലെ ചർച്ചകൾക്കിടയിലെ പ്രയോഗങ്ങൾ അതേതരത്തിൽ പുറത്തേക്കുവന്നതും നേതാക്കളെ ഞെട്ടിച്ചു. പേജുകൾക്ക് പിന്നിലെ ചാലകശക്തികളെ കണ്ടെത്താൻ ആവത് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇതുകാരണം പലരും സംശയനിഴലിലായി. എരുവ, പത്തിയൂർ, ചിറക്കടവം എന്നിവിടങ്ങളിലെ പാർട്ടി കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി സംശയമുന നീണ്ടു. ഗത്യന്തരമില്ലാതായതോടെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യവുമായി ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ ജില്ല പൊലീസ് മേധാവിക്ക് പരാതിയും നൽകി. ഇതിനിടെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ പിടിയിലായ എസ്.എഫ്.ഐ നേതാവിന് വിപ്ലവം പേജുമായി ബന്ധമുണ്ടെന്ന സംശയം ഉയർന്നു. എസ്.എഫ്.ഐ സമ്മേളനവുമായി ബന്ധപ്പെട്ടവ പേജിൽ വന്നതാണ് കാരണമായത്. ഇയാളുടെ ഫോൺ കണ്ടെത്തിയാൽ ഉറവിടത്തിലേക്ക് എത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കരിപ്പുഴ തോട്ടിൽ എറിഞ്ഞെന്ന് അവകാശപ്പെട്ട ഫോൺ പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും പൊലീസിന് കണ്ടെത്താൻ കഴിയാതിരുന്നത് തിരിച്ചടിയായി. നിഖിലിന്റെ ജയിൽവാസത്തിനിടയിലും വിപ്ലവം പേജിൽ പോസ്റ്റുകൾ വന്നതും കൂടുതൽ പേരുടെ പങ്കാളിത്തം സംശയിക്കുന്നതിലേക്ക് നയിച്ചു.
ഇതിനിടെ സൈബർ സെൽ നടത്തുന്ന അന്വേഷണത്തിൽ ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. പേജുകൾ പിടിക്കപ്പെടാതെ തുടർന്നാൽ കൂടുതൽ പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്ന ചർച്ചയും സജീവമാണ്. ഈ പശ്ചാത്തലത്തിലാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സമൂഹ മാധ്യമ ഗ്രൂപ്പുകളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് പ്രവർത്തകർക്ക് കർശന നിർദേശം നൽകാൻ ഏരിയ കമ്മിറ്റിയിൽ തീരുമാനമായത്. ഇത് റിപ്പോർട്ടായി കീഴ്ഘടകങ്ങളിലേക്ക് പോകും. ഏരിയ കമ്മിറ്റിയിലെ ചർച്ചകളും തീരുമാനങ്ങളും ചോരരുതെന്ന കർശന മുന്നറിയിപ്പും അംഗങ്ങൾക്ക് നൽകിയിരുന്നു. പാർട്ടി അംഗങ്ങൾ ഉൾപ്പെട്ട അക്രമങ്ങളുമായി ബന്ധപ്പെട്ടതും അല്ലാതെയുമുള്ള വിഷയങ്ങളിലെ അന്വേഷണം ഉടൻ പൂർത്തീകരിക്കണമെന്നതാണ് കമ്മിറ്റിയിലെ പ്രധാന തീരുമാനമത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.