കായംകുളം: ദേശീയപാത വികസനത്തിൽ തൂണുകളിൽ ഉയരപ്പാത സ്ഥാപിക്കണമെന്ന ആവശ്യവുമായി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽനിന്ന് വിട്ടുനിന്ന സി.പി.എം നടപടി ചർച്ചയാകുന്നു. സമരം വിജയിക്കുന്നത് സി.പി.എം ജനപ്രതിനിധികളുടെ പരാജയമായി വിലയിരുത്തപ്പെടുമെന്ന ഭയമാണ് ബഹിഷ്കരണത്തിന് കാരണമായതെന്ന് പറയുന്നു. എന്നാൽ, നേതൃനിർദേശം അവഗണിച്ച് നിരവധി സി.പി.എം പ്രവർത്തകരും നഗരസഭ കൗൺസിലർമാരും സമരത്തിൽ അണിചേർന്നിരുന്നു. കൂടാതെ ഇടതുമുന്നണിയിലെ ഇതര ഘടകകക്ഷികളുടെ പങ്കാളിത്തവും സമരത്തിന് കരുത്ത് പകരുന്നതായി. ജില്ലയിലെ എല്ല മണ്ഡലങ്ങളിലും പ്രാധാന്യം അനുസരിച്ച് ഉയരപ്പാതകൾ വന്നപ്പോൾ കായംകുളത്തോട് മാത്രമാണ് അവഗണനയുണ്ടായത്.
സമീപ മണ്ഡലമായ ഹരിപ്പാട്ട് നാലിടത്താണ് ഉയരപ്പാതകൾ വരുന്നത്. എന്നാൽ, തീരദേശവുമായി കിഴക്കൻ മേഖലയെ കോർത്തിണക്കുന്ന പ്രധാന കവാടമായ കോളജ് ജങ്ഷനിൽ അടിപ്പാതപോലും രൂപരേഖയിൽ ഉൾപ്പെട്ടിരുന്നില്ല. പ്രതിഷേധം ശക്തമായപ്പോൾ ചെറിയ വാഹനം കടന്നുപോകുന്ന അടിപ്പാത പരിഗണിക്കാമെന്ന വാഗ്ദാനമാണ് നൽകിയിരിക്കുന്നത്.
കോളജ് ജങ്ഷൻ മുതൽ ചിറക്കടവം വരെ കിഴക്കും പടിഞ്ഞാറുമായി നഗരത്തെ വേർതിരിക്കുന്ന തരത്തിലാണ് നിലവിൽ വികസനം വിഭാവനം ചെയ്തിരിക്കുന്നത്.
ഇത് കായലോര നഗരത്തിൽ ഗുരുതര പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുമെന്ന് കാലവർഷത്തിന്റെ തുടക്കംതന്നെ ബോധ്യപ്പെടുത്തി. നീരൊഴുക്ക് സംവിധാനങ്ങൾ ഇല്ലാതായതോടെ പാതയുടെ ഇരുവശവും വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്. മിക്ക വീടുകളിലും വെള്ളം കയറി. 7.5 മുതൽ ഒമ്പത് മീറ്റർ വരെ ഉയരത്തിൽ നിർമാണം പൂർത്തിയാകുന്നതോടെ സ്ഥിതി ഇതിലും ഗുരുതരമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ, എം.എൽ.എ, എം.പി തുടങ്ങിയ നഗരത്തിന്റെ ഭരണ സംവിധാനങ്ങളുടെ വീഴ്ച സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.
വിഷയം യഥാസമയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി ഉയരപ്പാത നേടിയെടുക്കുന്നതിൽ ഇവർക്ക് വീഴ്ച സംഭവിച്ചതായാണ് പറയുന്നത്. വികസന രൂപരേഖ ദേശീയപാത അതോറിറ്റി നൽകാതിരുന്നതാണ് സമ്മർദം ചെലുത്താൻ തടസ്സമായതെന്നാണ് ജനപ്രതിനിധികളുടെ വാദം. എന്നാൽ, തൊട്ടടുത്ത ഹരിപ്പാട് മണ്ഡലത്തിൽ നാല് ഉയരപ്പാതകൾ വന്നതിന്റെ സാഹചര്യം വിശദീകരിക്കാൻ ഇവർക്ക് കഴിയുന്നുമില്ല. ഇവിടെ അഞ്ച് കിലോമീറ്ററിനുള്ളിൽ നാല് ഉയരപ്പാതകൾ അനുവദിച്ചിരിക്കുന്നു. ഏഴ് അടിപ്പാതകളുമുണ്ട്. തീരദേശവുമായി ബന്ധിപ്പിക്കാൻ നങ്ങ്യാർകുളങ്ങരയിലും ചുരുങ്ങിയ ദൂരത്തിനുള്ളിൽ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് പള്ളി നിലകൊള്ളുന്ന ചേപ്പാട്ടും ഉയരപ്പാതകളുണ്ട്. ജനം സംഘടിച്ച് പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് പ്രാധാന്യമുള്ള കോളജ് ജങ്ഷനിൽ ചെറിയ അടിപ്പാത അനുവദിച്ച് രോഷം തണുപ്പിക്കാൻ ശ്രമമുണ്ടായത്. ഇതിൽ തൃപ്തരാകാതെ ജനം പ്രതിഷേധവുമായി വീണ്ടും തെരുവിലിറങ്ങിയതോടെയാണ് സഹകരിക്കുന്ന സി.പി.എമ്മുകാരെ പിൻവലിപ്പിക്കാൻ ശ്രമം തുടങ്ങിയത്.
ചങ്ങലയിൽ കൈകോർക്കരുതെന്ന നിർദേശം ബ്രാഞ്ച് സെക്രട്ടറിമാർ മുഖാന്തരം വാക്കാൽ നൽകിയെങ്കിലും ഇതവഗണിച്ച് പലരും സമരത്തിനൊപ്പം കൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.