കായംകുളം: ലോക്കൽ സമ്മേളനത്തിൽ പുറത്തുവന്ന വിഭാഗീയതക്ക് പിന്നാലെ പാർട്ടി ഒാഫിസ് പൂട്ടിയ നിലയിൽ. സംഭവത്തിൽ സി.പി.എമ്മിൽ വിവാദം കത്തുന്നു. മണക്കാട് ജങ്ഷനിലെ വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഒാഫിസ് ആരുമറിയാതെ താഴിട്ട് പൂട്ടിയതാണ് വിവാദമായത്. ഒാഫിസ് കെട്ടിടം ഉടമകൂടിയായ ടി. മാധവൻ ലോക്കൽ കമ്മിറ്റിയിൽനിന്ന് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഓഫിസ് പൂട്ടിയത്. 'തന്നെ വേണ്ടാത്ത പാർട്ടിയെ തനിക്കും വേണ്ടെന്ന തരത്തിൽ' സ്വന്തം കെട്ടിടത്തിൽ നിന്ന് പാർട്ടിയെ പുറത്താക്കിയെന്ന പ്രചാരണവും കൊടുമ്പിരിക്കൊണ്ടു.
തന്നെ പാർട്ടിയും പാർട്ടിയെ താനും ഒഴിവാക്കിയിട്ടില്ലെന്ന് മാധവൻ പറയുന്നു. പ്രായവും മാനദണ്ഡവും അംഗീകരിച്ച് കമ്മിറ്റിയിൽനിന്ന് സ്വയം ഒഴിവായതാണ്. കെട്ടിടത്തിൽനിന്ന് പാർട്ടിയെ ഒഴിവാക്കിയിട്ടിെല്ലന്നും അദ്ദേഹം പറയുന്നു. മരിക്കുംവരെ പാർട്ടിക്കാരനായി തുടരും. നിലവിൽ വർഗ ബഹുജന സംഘടനയുടെ ഭാരവാഹിയാണ്. വൈദ്യുതി ചാർജ് പോലും വാങ്ങാതെയാണ് കെട്ടിടം വിട്ടുനൽകിയത്. ഓഫിസിെൻറ താക്കോൽ കമ്മിറ്റിക്കാരാണ് ഉപയോഗിച്ചിരുന്നത്. ഒാഫിസ് പൂട്ടിയ വിവരം അറിഞ്ഞില്ലെന്നും തുടർന്നും ഒാഫിസ് പ്രവർത്തിക്കുന്നതിൽ വിരോധമില്ലെന്നുമാണ് മാധവൻ പറയുന്നത്. ലോക്കൽ സമ്മേളനത്തിൽ ജില്ല കമ്മിറ്റി അംഗം കെ. രാഘവനോട് കൂറ് പുലർത്തിയ നാല് ലോക്കൽ കമ്മിറ്റി അംഗങ്ങൾ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
മുതിർന്ന നേതാക്കളുടെ പരാജയം പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമാക്കിയതിനിടെയാണ് ഒാഫിസ് പൂട്ടൽ. പി.കെ. ഗോപാലൻ, എൻ. ആനന്ദൻ, എം.എം. ആസാദ്, ഷാജഹാൻ എന്നിവരാണ് പരാജയപ്പെട്ടത്. ഏരിയ നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്കാണ് ഇത് തിരിച്ചടിയായത്. ഒാഫിസ് പൂട്ടലിന് പിന്നിൽ വിഭാഗീയതക്ക് പങ്കുണ്ടോയെന്നത് പാർട്ടി രഹസ്യമായി അന്വേഷിക്കുന്നുണ്ട്. അതേസമയം, മാധവൻ ഒഴിവായ സാഹചര്യം തിരിച്ചറിയാതെ ഓഫിസ് പൂട്ടിയത് ബന്ധുക്കളാണെന്ന സംശയവും ഉയരുന്നുണ്ട്. എന്നാൽ, കെട്ടിട വിവാദത്തിന് പിന്നാലെ പോകുന്നില്ലെന്നും ചൂനാട് പുതിയ ഒാഫിസ് തുറക്കുമെന്നും ലോക്കൽ സെക്രട്ടറി കെ.വി. അഭിലാഷ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.