കായംകുളം: നഗരസഭ വക സ്ഥലത്തെ ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ അനധികൃതമായി മുറിച്ചത് വിവാദമാകുന്നു. 23 ാം വാർഡിൽ രണ്ടാംകുറ്റി പാലത്തിന് സമീപം മലയൻ കനാലിനോട് ചേർന്ന് നിന്ന വലുതും ചെറുതുമായ 30 ഒാളം മരങ്ങളാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്.
വഴിവികസനത്തിെൻറ മറവിൽ ഭരണ കക്ഷി ഒത്താശയോടെയാണ് മരങ്ങൾ മുറിച്ചതെന്നാണ് ആക്ഷേപം. ലക്ഷങ്ങൾ വിലവരുന്ന ആഞ്ഞിലി, ചീലാന്തി അടക്കമുള്ള വലിയ മരങ്ങളും ഇതിൽ ഉൾപ്പെടുന്നു. മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്. ഒരു വിഭാഗം നാട്ടുകാരുടെ എതിർപ്പാണ് മരം കടത്താനുള്ള ശ്രമം തടസ്സപ്പെടാൻ കാരണം. എന്നാൽ, സംഭവം അറിഞ്ഞിട്ടും യഥാസമയം പരാതി നൽകുന്നതിൽ ഭരണനേതൃത്വം വീഴ്ച കാട്ടിയത് സംശയാസ്പദമാണെന്ന് യു.ഡി.എഫ് ആരോപിച്ചു.
പ്രദേശത്ത് നിന്നും മരം മുറിച്ചുകടത്തിയത് മുമ്പും വിവാദത്തിന് കാരണമായിട്ടുണ്ട്. ഗവ. ബോയ്സ് സ്കൂളിെൻറ അറ്റകുറ്റപ്പണിക്ക് എന്ന വ്യാജേനയാണ് അന്ന് മരം മുറിച്ചത്. മരംമുറി വിവാദമായതോടെ സെക്രട്ടറി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടികളുണ്ടായില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സ്ഥലം സന്ദർശിച്ച യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി ഇ. സമീർ, യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ സി.എസ്. ബാഷ, കൗൺസിലർമാരായ എ.ജെ. ഷാജഹാൻ, കെ. പുഷ്പദാസ്, നവാസ് മുണ്ടകത്തിൽ, ബിദു രാഘവൻ, അൻസാരി കോയിക്കലേത്ത്, ബിജു നസറുല്ല തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.