കായംകുളം: സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനം പരിധി വിടാൻ തുടങ്ങിയതോടെ അച്ചടക്കത്തിന്റെ ചൂരലുമായി സി.പി.എം നേതൃത്വം രംഗത്ത്. യു. പ്രതിഭ എം.എൽ.എയുടെ വിമർശന പോസ്റ്റിന് പിന്നാലെ നേതാക്കളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ചർച്ച സജീവമായതോടെയാണ് പാർട്ടി മാർഗനിർദേശം ഓർമപ്പെടുത്തി ഏരിയ സെക്രട്ടറി കീഴ്ഘടകങ്ങൾക്ക് സർക്കുലർ അയച്ചത്. അണികളുടെയും അനുഭാവികളുടെയും സമൂഹമാധ്യമ ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ പ്രതിസന്ധിയിലായതും നേതൃത്വത്തെ ചൊടിപ്പിച്ചു. വിമർശന പോസ്റ്റിട്ട എം.എൽ.എക്ക് സമൂഹമാധ്യമങ്ങളിൽ ലഭിച്ച പിന്തുണയും കാരണമാണ്. നിയോജക മണ്ഡലത്തിലെ പ്രശ്നങ്ങൾ പറയാൻ എം.എൽ.എക്ക് പാർട്ടി വേദി നൽകാതിരുന്നതാണ് വിഷയം സമൂഹ മാധ്യമങ്ങളിൽ എത്താൻ കാരണമായതത്രെ. ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈവിടുമെന്ന സ്ഥിതി വന്നതോടെയാണ് സമൂഹമാധ്യമങ്ങളിലെ ഇടപെടലിൽ അച്ചടക്കം പഠിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചത്. നേതൃവിരുദ്ധ ചർച്ചകളും പോസ്റ്റും കമന്റും ലൈക്കും വരെ നിരീക്ഷിച്ച ശേഷമാണ് അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതെന്നതും ശ്രദ്ധേയമാണ്.
സമൂഹമാധ്യമങ്ങളിൽ സംഘടന തീരുമാനങ്ങൾക്ക് വിരുദ്ധമായി പോസ്റ്റുകൾ, മറ്റു ചിലർ ഇടുന്ന പോസ്റ്റുകളിൽ കമന്റ്, ലൈക്ക്, ഷെയർ എന്നിവ പാർട്ടിയുടെ ശ്രദ്ധയിൽപെട്ടതായി ചൂണ്ടിക്കാട്ടിയാണ് ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷന്റെ സർക്കുലർ തുടങ്ങുന്നത്. മറ്റ് ചിലർ എന്നത് എം.എൽ.എയിലേക്കുള്ള സൂചനയാണെന്ന് പറയുന്നു.
പാർട്ടിനേതാക്കളും തെറ്റായ പ്രവണതകളെ തിരുത്തിക്കാൻ ചുമതലപ്പെട്ട ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ബഹുജന സംഘടന നേതാക്കളും സംഘടനവിരുദ്ധ പ്രവൃത്തികൾ ചെയ്യുകയാണെന്നും സർക്കുലർ പറയുന്നു. ഘടകങ്ങളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ടവ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നതും ചർച്ച ചെയ്യുന്നതും പാർട്ടിവിരുദ്ധ നടപടിയാണ്. മറ്റെങ്ങും കാണാത്ത പാർട്ടിവിരുദ്ധ സമീപനമാണ് ഇവിടെ സംഭവിക്കുന്നതെന്നും വിശദീകരിക്കുന്നു. ഉത്തരവാദപ്പെട്ട ചില സഖാക്കൾ തെറ്റായ പ്രവണത തുടരുകയാണ്. ഇത്തരം നിലപാട് സ്വീകരിക്കുന്ന സഖാക്കൾക്കെതിരെ സംഘടന നടപടി സ്വീകരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും സർക്കുലറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.