കായംകുളം: ടൗണിന്റെ പടിഞ്ഞാറൻ മേഖലയാകെ വെള്ളത്തിൽ മുങ്ങിയിട്ടും ചാലാപ്പള്ളി തോടിലെ ഷട്ടർ പൂർണമായി ഉയർത്താൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം. ഒക്ടോബർ 15 ന് ശേഷം പല തവണ തോട് കര കവിഞ്ഞിട്ടും പരിഹാര നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. ഇപ്പോൾ ഐക്യ ജംഗ്ഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രളയ സമാനമായ നിലയിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടും ഇടപെടൽ ഉണ്ടായില്ല. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്
ഒ.എൻ.കെ ജംഗ്ഷന് പടിഞ്ഞാറ് വശം മുണ്ടകത്തിൽ - ചാലാപ്പള്ളി തോട്ടിൽ ചീപ്പും കര ഭാഗത്താണ് ഷട്ടർ. ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലാണ് ചാലാപ്പള്ളി തോട്. 20 അടി വീതിയുള്ള തോടിൽ ആറ് അടി വീതം വീതിയിലുള്ള മൂന്ന് ഷട്ടറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ നടുവിലത്തെ ഷട്ടർ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത് .
ടൗണിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ മഴവെള്ളം കായംകുളം കായലിലേക്ക് ഒഴുകി മാറുന്ന പ്രധാന തോടാണ് ചാലാപ്പള്ളി. ഷട്ടർ സ്ഥിതി ചെയ്യുന്ന ചീപ്പും കര ഭാഗത്തിന് വടക്ക് വശം മുണ്ടകത്തിൽ ഭാഗം ഐക്യ ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലേയും നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നും വലിയ തോതിലെത്തുന്ന മഴവെള്ളം കുറഞ്ഞ തോതിൽ മാത്രമാണ് ഒഴുകുന്നത്. ഇത് കാരണം ചെറിയ മഴയിൽ പോലും പല പ്രദേശങ്ങളും വെള്ളത്തിലാകുകയാണ്. ചാലാപ്പിള്ളി തോടിന്റെ വശത്ത് സ്ഥിതി ചെയ്യുന്ന ഗവ. ഹോമിയോ ആശുപത്രിയിൽ വെള്ളം കയറി ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാകുന്നത് പതിവായിരിക്കുകയാണ്.
വേനൽക്കാലത്ത് വേലിയേറ്റമുണ്ടായി ഉപ്പുവെള്ളം കയറി കൃഷി നാശം സംഭവിക്കുന്നതിനാലാണ് ഇവിടെ ഷട്ടർ സ്ഥാപിക്കുന്നത്. എന്നാൽ മഴക്കാലത്ത് നാടാകെ വെള്ളത്തിനടിയിലായിട്ടും ചാലാപ്പള്ളി തോടിന്റെ ഷട്ടർ ഉയർത്താത്ത അധികൃതരുടെ നിലപാട് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.