കായംകുളം: കാലം തെറ്റി പെയ്ത മഴയിൽ നശിച്ച കൃഷികൾ തിരികെ പിടിക്കാൻ ഇരട്ടി അധ്വാനവുമായി മണ്ണിൽ ഇറങ്ങി വനിത കൂട്ടായ്മ. നഗരസഭ 26ാം വാർഡിലെ ഇല്ലിക്കുളം, കേളക്കൊമ്പിൽ പുരയിടങ്ങളിൽ ഇറക്കിയ കൃഷിയാണ് മഴയിൽ നശിച്ചത്. ഇല്ലിക്കുളം പുരയിടത്തിലെ 40 സെന്റിൽ ഇറക്കിയ എള്ളുകൃഷി വീണ്ടെടുക്കാനായി എന്നത് വനിത കർഷകർക്ക് ആശ്വാസമായി. ഇ.എം.എസ്, എ.കെ.ജി ഫാർമേഴ്സ് ക്ലബിലെ 22 വനിതകളും നാല് പുരുഷന്മാരുമാണ് സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൃഷിക്കിറങ്ങിയത്.
മൂന്നിടത്തായി രണ്ടര ഏക്കർ സ്ഥലത്ത് എള്ള് കൂടാതെ പയർ, വഴുതന, വെണ്ട, തക്കാളി, പച്ചമുളക്, വാഴ എന്നിവയാണ് കൃഷി ചെയ്തത്. തരിശുകിടന്ന ഭൂമിയിൽ കഴിഞ്ഞ തവണ മുതലാണ് കൃഷിയിറക്കിയത്. അന്ന് മേയിൽ പെയ്ത മഴയിൽ കൃഷി പൂർണമായി നശിച്ചിരുന്നു. ഇത് കണക്കിലെടുത്ത് മുൻകൂട്ടി ഇറക്കിയ കൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ തകർന്നടിഞ്ഞത്.
ചീര മാത്രമാണ് കാര്യമായി വിളവ് ലഭിച്ചത്. പയർ, വഴുതന, തക്കാളി, പച്ചമുളക് എന്നിവ പൂർണമായി നശിച്ചു. വാഴകൃഷി കുറെ വീണ്ടെടുക്കാനായി. പൂത്തുതുടങ്ങിയ എള്ളാണ് വെള്ളം കയറി ചരിഞ്ഞത്. കളകൾ മാറ്റിയതോടെ എള്ളുകൃഷി വീണ്ടെടുപ്പിന്റെ പാതയിലാണ്. ഇനിയും മഴ പെയ്യരുതെന്ന പ്രാർഥനയിലാണ് കർഷകർ. സുനിത, സുജ, സീത സജീവ്, ഉമാദേവി എന്നിവരാണ് ഫാർമേഴ്സ് ക്ലബിനെ നയിക്കുന്നത്. മഴയിലെ കൃഷിതകർച്ചയിൽ തളർന്നുപോയ കർഷകരെ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനായ വാർഡ് കൗൺസിലർ എസ്. കേശുനാഥിന്റെ നിരന്തര ഇടപെടലാണ് വീണ്ടും കൃഷിയിടത്തിൽ എത്തിച്ചത്. വാർഡിനെ പൂർണമായും ഹരിതാഭമാക്കുന്ന തരത്തിൽ കൃഷി വ്യാപിപ്പിക്കുമെന്ന് കേശുനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.