കായംകുളം: കണ്ണ് മൂടിക്കെട്ടി മുട്ടുവരെ മാത്രമുള്ള വലത് കൈയിലൂടെ കീ ബോർഡിൽ വിസ്മയം തീർത്ത കുഞ്ഞുയാസീന്റെ മിന്നൽ പ്രകടനത്തിൽ അത്ഭുത സ്തബ്ധരായി കുരുന്നുകൂട്ടം. കിറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികളാണ് വേറിട്ട പ്രവേശനോത്സവത്തിന് സാക്ഷികളായത്. വൈകല്യങ്ങളെ മനക്കരുത്തിൽ അതിജീവിച്ച യാസീനെ (10) മുഖ്യാതിഥിയാക്കിയതിലൂടെ പ്രവേശനത്തിന്റെ ആദ്യദിനത്തിൽ കുട്ടികൾക്ക് ഇച്ഛാശക്തിയുടെ പാഠം കൂടിയാണ് പകർന്നുനൽകിയത്. പുതുപ്പള്ളി പ്രയാർ വടക്ക് എസ്.എസ് മൻസിലിൽ ഷാനവാസിന്റെയും ഷൈലയുടെയും മകനാണ് യാസീൻ. ഇടത് കൈയും കാലും ഇല്ല, വലത് കൈ മുട്ടുവരെ മാത്രം.
വളഞ്ഞ വലതുകാൽ രൂപത്തിൽ മാത്രം. എന്നാൽ, ഇതൊന്നും കുറവായി കാണാത്ത യാസീൻ സ്റ്റേജിൽ ആടിത്തിമിർക്കുന്ന മികച്ചൊരു നർത്തകൻ കൂടിയാണ്. ഇതോടൊപ്പം പാട്ടുകാരനായും മിമിക്രിക്കാരനായും തിളങ്ങുന്നു. മൊബൈൽ കാഴ്ചകളിലൂടെയാണ് കഴിവുകൾ ഓരോന്നും സ്വായത്തമാക്കിയത്. മകനെയോർത്ത് സങ്കടപ്പെടാത്ത മാതാപിതാക്കളുടെ ആത്മവിശ്വാസമാണ് യാസീന്റെ കഴിവുകളെ ഒന്നായി വികസിപ്പിച്ചത്.
മകന്റെ ആഗ്രഹം സാധിക്കാൻ നിഴലായി ഷൈല ഒപ്പമുണ്ടാകും. ഉമ്മയുടെ ഒക്കത്ത് ഏറിയാണ് എവിടേക്കുമുള്ള സഞ്ചാരം. പുതുപ്പള്ളി കെ.എൻ.എം യു.പി.എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായി പഠനത്തിലും മിടുക്കനാണ്.
സ്കൂൾ ചെയർമാൻ ഒ. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷൗക്കത്ത് പറമ്പി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എം.എസ്. സമീം, ട്രസ്റ്റ് ജനറൽ സെക്രട്ടറി വി.എ. ഷഹാൽ, മാനേജർ എച്ച്. സിയാദ്, വൈസ് പ്രിൻസിപ്പൽ എസ്. ഷീബ, സ്റ്റാഫ് സെക്രട്ടറി മധു, പ്രഫ. കെ.എം. അബ്ദുല്ലക്കുട്ടി, എസ്. മുഹ്യിദ്ദീൻ ഷാ, യു. ഷൈജു, വൈ. ഇർഷാദ്, നസീർ ഹമീദ്, അഷ്റഫ് കാവേരി, അഷ്റഫ് ക്വാളിറ്റി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.