കായംകുളം: പട്ടിണിയും പരിവട്ടവും കൂടെപ്പിറപ്പായിരുന്ന കാലത്ത് നോമ്പുകഞ്ഞിക്കലം ചുമന്ന റമദാൻ അനുഭവങ്ങളുമായി സുബൈറും യൂസഫും. കറ്റാനം ഇലിപ്പക്കുളം പുത്തേത്ത് ഇടപ്പുരയിൽ സുബൈർ (69), പുളിംവിള പുത്തൻവീട്ടിൽ യൂസഫ് (68) എന്നിവരാണ് വിഭവസമൃദ്ധമായ നോമ്പുകാലത്ത് പഴയ അനുഭവങ്ങൾ ഓർത്തെടുക്കുന്നത്.
കാൽനൂറ്റാണ്ട് വീടുകളിൽനിന്ന് പള്ളിയിലേക്ക് തലച്ചുമടായി കഞ്ഞികൊണ്ടുവന്നിരുന്നത് ഇന്നും ഇവരുടെ ഓർമകളിൽ മായാതെയുണ്ട്. 20 വർഷം മുമ്പുള്ള അനുഭവങ്ങളാണത്. അന്ന് ആറു വീടുകളിൽനിന്നാണ് പള്ളിയിൽ നോമ്പുകഞ്ഞി എത്തിച്ചിരുന്നത്.
ഒരു കലം കഞ്ഞി വീടുകളിൽനിന്ന് വാങ്ങാൻ എത്തുന്നവർക്കും ഒരു കലം പള്ളിയിൽ നോമ്പുതുറക്കുന്നവർക്കുമായിട്ടാണ് തയാറാക്കിയിരുന്നത്. കൈതവന, പള്ളിയിൽ, പള്ളിത്തോപ്പിൽ, കൊറ്റിനാട്ട്, നിലക്കവിളയിൽ, മുട്ടത്തേത്ത് വടക്കതിൽ എന്നീ വീടുകളിൽ നിന്നായിരുന്നു വിതരണം. വറുതിയുടെ കാലത്ത് ആറു വീടുകളിൽനിന്ന് അഞ്ചു ദിവസം വീതമാണ് കഞ്ഞി നൽകിയിരുന്നത്.
നെൽകൃഷിയുള്ള വീടുകൾ എന്ന നിലയിൽ പള്ളിയിലേക്ക് നോമ്പുകഞ്ഞി എത്തിക്കുന്ന ചുമതല ഈ വീട്ടുകാർ ഏറ്റെടുക്കുകയായിരുന്നു. ഈ ആവശ്യത്തിലേക്കായി കൃഷിയിടം പോലും മാറ്റിയിട്ടിരുന്നു. ദാരിദ്ര്യത്തിെൻറ കാലത്ത് കഞ്ഞി വിതരണക്കാരനെ കാത്ത് നേരത്തേ തന്നെ പള്ളിയിൽ ആളുകൾ ഇടംപിടിക്കുമായിരുന്നു. റോഡിലെ നേർച്ചവഞ്ചി മുതൽ പള്ളിയുടെ പൂമുഖംവരെ നിരത്തിയിട്ടിരുന്ന കൽപടവുകളിലാണ് പാത്രങ്ങളുമായി ഇവർ സ്ഥാനം പിടിച്ചിരുന്നത്.
നോമ്പുതുറക്കാർക്ക് മൺചട്ടിയിലായിരുന്നു കഞ്ഞി. കപ്പ, പയർ, ചക്ക തുടങ്ങി ഏതെങ്കിലും ഒരു വിഭവമായിരുന്നു നോമ്പുകാർക്കുള്ള സ്പെഷൽ. മുതിർന്നവർക്കായിരുന്നു മുൻഗണന. കഞ്ഞി മാത്രം വിഭവമായിരുന്ന കാലത്ത് ഇതുമായി നോമ്പുകാരുടെ മുന്നിൽ എത്തുന്നത് വല്ലാത്തൊരു അനുഭൂതിയാണ് നൽകിയിരുന്നതെന്ന് ഇരുവരും പറയുന്നു.
വിഭവസമൃദ്ധമായ നോമ്പുതുറ ആരംഭിച്ചതോടെയാണ് വീടുകളിൽനിന്ന് കഞ്ഞി എത്തിക്കുന്ന പതിവ് നിന്നത്. പട്ടിണി അറിഞ്ഞുവന്നതിെൻറ കരുത്താണ് ജീവിതത്തെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നതെന്നാണ് ഇരുവരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.