പള്ളുരുത്തി: ബസ് കാത്തുനിന്ന വിദ്യാർഥികളെ കയറ്റാതെ പാഞ്ഞ സ്വകാര്യബസിനെതിരെ പൊലീസ് നടപടി. നീണ്ട ഇടവേളക്കുശേഷം അധ്യയനം പൂർണതോതിൽ ആരംഭിച്ച തിങ്കളാഴ്ച പള്ളുരുത്തി മരുന്നുകട സ്റ്റോപ്പിൽ ആയിരുന്നു സംഭവം.
ബസ് സ്റ്റോപ്പിൽനിന്ന് വളരെ ദൂരത്തേക്ക് മാറ്റിനിർത്തിയ ബസിനു പിന്നാലെ കുട്ടികൾ ഓടി അടുത്തെങ്കിലും വാഹനം മുന്നോട്ട് എടുത്തുപോവുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന സാമൂഹികപ്രവർത്തകൻ സനൽ ബാബു സംഭവം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത് ശ്രദ്ധയിൽപെട്ട മട്ടാഞ്ചേരി അസി.കമീഷണർ വി.ജി. രവീന്ദ്രനാഥ് പള്ളുരുത്തി സി.ഐയോട് സംഭവത്തിൽ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇടക്കൊച്ചി-ഫോർട്ട്കൊച്ചി റൂട്ടിൽ സർവിസ് നടത്തുന്ന വിശ്വനാഥ് എന്ന ബസിന്റെ നടത്തിപ്പുകാരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി നടപടിയെടുക്കുകയായിരുന്നു. ഉടമയെകൊണ്ട് ഫൈൻ അടപ്പിക്കുകയും തൊഴിലാളികളെ താക്കീത് ചെയ്ത ശേഷം പറഞ്ഞുവിടുകയുമായിരുന്നു. കുട്ടികളെ കയറ്റാത്ത സ്വകാര്യബസുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് അസി.കമീഷണർ പറഞ്ഞു.
ഫോർട്ട്കൊച്ചി കുന്നുംപുറത്ത് ബസ് കാത്തുനിന്ന വിദ്യാർഥികൾ ബസുകൾ നിർത്താത്തതുമൂലം തിങ്കളാഴ്ച ഏറെ ബുദ്ധിമുട്ടിയിരുന്നു. സംഭവം 'മാധ്യമം' റിപ്പോർട്ട് ചെയ്തതോടെ ചൊവ്വാഴ്ച പൊലീസ് ഉദ്യോഗസ്ഥർ സ്കൂൾ വിട്ട സമയത്ത് വന്നുനിന്ന് ബസുകൾ നിർത്തിച്ചു വിദ്യാർഥികളെ കയറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.