ആലപ്പുഴ: ജില്ലയിൽ മഴക്ക് ശമനമുണ്ടായെങ്കിലും ജലാശയങ്ങൾ നിറഞ്ഞ് അപ്പർകുട്ടനാട്, കുട്ടനാട് മേഖയിൽ ജലനിരപ്പ് ഉയർന്നു. വെള്ളപ്പൊക്ക ബാധിത മേഖലയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
ചെങ്ങന്നൂരിൽ മൂന്നും കുട്ടനാടും ചേർത്തലയിലും ഒന്നുവീതം ക്യാമ്പുകളാണ് തുറന്നത്. ചെങ്ങന്നൂർ കിഴക്കേനട ഗവ. യു.പി.എസ്, തിരുവൻവണ്ടൂർ ഗവ. എൽ.പി.എസ്, പകൽവീട്, ചക്കുളത്തുകാവ് ഓഡിറ്റോറിയം എന്നിവിടങ്ങളാണ് ക്യാമ്പുകൾ ഉള്ളത്. ചക്കുളത്തുകാവിൽ വെള്ളിയാഴ്ചയാണ് ക്യാമ്പ് തുറന്നത്. 39 കുടുംബങ്ങളിലെ 131 പേർ ഈ ക്യാമ്പിലുണ്ട്. ജില്ലയിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 63 കുടുംബങ്ങളിലെ 198 പേരാണുള്ളത്. 87 സ്ത്രീകളും 82 പുരുഷന്മാരും 29 കുട്ടികളുമുണ്ട്. ചെങ്ങന്നൂർ മൂന്ന് ക്യാമ്പുകളിലായി 43 പേരും ചേർത്തലയിലെ ക്യാമ്പിൽ 24 പേരുമാണുള്ളത്.
കനത്ത കാറ്റിലും മഴയിലും മരംവീണ് മൂന്ന് വീട് പൂർണമായും 71 വീട് ഭാഗികമായും തകർന്നു. അമ്പലപ്പുഴ താലൂക്കിൽ രണ്ടും ചേർത്തല താലൂക്കിൽ ഒരു വീടുമാണ് പൂർണമായി തകർന്നത്. അമ്പലപ്പുഴ- 38, ചേർത്തല- മൂന്ന്, കുട്ടനാട്- ഏഴ്, മാവേലിക്കര- ഒമ്പത്, കാർത്തികപ്പള്ളി- 10, ചെങ്ങന്നൂർ- നാല് എന്നിങ്ങനെയാണ് ഭാഗികമായി തകർന്ന വീടുകളുടെ താലൂക്ക് തിരിച്ചുള്ള എണ്ണം.
ആലപ്പുഴ നഗരസഭ പരിധിയിലെ കരളകം, കുതിരപ്പന്തി, പള്ളാതുരുത്തി, ചുങ്കം ഭാഗങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്. കിഴക്കൻ വെള്ളത്തിന്റെ വരവിൽ കുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്. മഴ തുടർന്നാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കേണ്ട സാഹചര്യമുണ്ട്. നീരേറ്റുപുറം, കിടങ്ങറ, കാവാലം, നെടുമുടി, മങ്കൊമ്പ്, ചമ്പക്കുളം, പള്ളാത്തുരുത്തി അടക്കമുള്ള ജലാശയങ്ങളിലാണ് ജലനിരപ്പ് അപകട നിലക്ക് മുകളിലെത്തിയത്. തോട്ടപ്പള്ളി സ്പിൽവേയിലൂടെയും തണ്ണീർമുക്കം ബണ്ടിലൂടെയും വെള്ളം കടലിലേക്ക് ഒഴുകുന്നുണ്ടെങ്കിലും ജലനിരപ്പ് കുറയാത്തത് ആശങ്കക്കിടയാക്കുന്നു. ഗ്രാമീണമേഖയിലെ വീടുകളിലും റോഡുകളിലും വെള്ളംകയറി. രണ്ടാംകൃഷി ഇറക്കാത്ത പാടശേഖരങ്ങൾക്ക് സമീപത്തും പുറംബണ്ടിലും തുരുത്തുകളിലും താമസിക്കുന്നവരാണ് ഏറെ ദുരിതത്തിൽ. തലവടി പഞ്ചായത്തിൽ നിരവധി വീടുകൾ വെള്ളത്തിലാണ്. മുട്ടാർ പ്രദേശത്തെ റോഡുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. നീരേറ്റുപുറം, കിടങ്ങറ റോഡിൽ നിരവധി സ്ഥലങ്ങളിൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു.
കാറുകളും ഇരുചക്ര വാഹനങ്ങളും പാലത്തിൽ കയറ്റിയിട്ടിരിക്കുകയാണ്. തലവടി പഞ്ചായത്ത് ഏഴാം വാർഡിലാണ് കൂടുതൽ വെള്ളം കയറിയത്. ചക്കുളത്തുകാവ് റോഡിൽ മുട്ടറ്റം വെള്ളമുണ്ട്. കുതിരച്ചാൽ പുതുവൽ പ്രദേശത്തെ നിരവധി വീടുകളിലും എടത്വ പഞ്ചായത്ത് കൊടുപ്പുന്ന പഴുതി റോഡിൽ വെള്ളം കയറിയിട്ടുണ്ട്.
ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി ശനിയാഴ്ച കുട്ടനാട് താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അംഗൻവാടികൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.