കുട്ടനാട്: കൈനകരിയിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികൾ കിടങ്ങറയിലെ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു. മുണ്ടയ്ക്കൽ വാട്ടർ ടാങ്കിലേക്ക് വെള്ളം അടിക്കുന്ന പള്ളാത്തുരുത്തിയിലെ കുഴൽക്കിണർ നശിച്ചതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ മറ്റൊരു കിണർ കുഴിച്ച് വാട്ടർ ടാങ്കിൽ വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ച് ദുരിതത്തിന് അറുതി വരുത്തിയില്ലെങ്കിൽ എ.സി റോഡ് ഉപരോധമടക്കമുള്ള ബഹുജന സമരങ്ങൾക്ക് കൈനകരി സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
രാമങ്കരി സർക്കിൾ ഇൻസ്പെക്ടറുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരം കാണുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ രേഖാമൂലം ഉറപ്പുനൽകിയതിൻ്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ നോബിൻ പി. ജോൺ, ബ്ലോക്ക് പഞ്ചായത്തംഗം മധു സി. കൊളങ്ങര, വാർഡ് മെംബർമാരായ ഡി.ലോനപ്പൻ, സന്തോഷ് പട്ടണം, ആഷാ ജയിംസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.