കുട്ടനാട്: മടവീഴ്ച മൂലമുണ്ടായ വെള്ളക്കെട്ടിന് മുന്നിൽ മുട്ടുമടക്കുകയാണ് കുട്ടനാട്ടുകാർ. കുട്ടനാട്ടിലെ ഏറ്റവും താഴ്ന്ന പ്രദേശമായ കൈനകരിയിലുള്ളവരാണ് വെട്ടിലായത്. ഇവിടെ ചെറുകായൽ, ആറുപങ്ക്, വലിയ തുരുത്ത് പാടം, ചക്കംങ്കരി, പരുത്തി വളവ് പാടശേഖരങ്ങളിൽ ഇത്തവണയും മട വീണിരുന്നു.
രണ്ടായിരത്തിലേറെ പാടശേഖരത്തെ മടവീണ വെള്ളം വീടുകളുടെ മുന്നിൽ ഇപ്പോഴും മുട്ടറ്റമുണ്ട്. മുൻ വർഷങ്ങളെ പോലെ ഇത്തവണ മട വീണ് ഒരാഴ്ച കഴിഞ്ഞിട്ടും മട കുത്താത്തതാണ് വെള്ളമിറങ്ങാതിരിക്കാൻ കാരണം. കഴിഞ്ഞ വർഷം മടകുത്തിയ പണം പാടശേഖര സമിതിക്ക് സർക്കാർ നൽകിയിട്ടില്ലാത്തതിനാൽ കർഷകർ നഷ്ടം സഹിക്കാൻ ഇത്തവണ തയാറല്ല. കൈനകരിയിലെ എല്ലാ പാടശേഖരങ്ങളിലും കൃഷിക്കായി 75 ശതമാനം പ്രവൃത്തിയുംചെയ്തിരുന്നു. കൃഷിനാശത്തിെൻറ നഷ്ടത്തിനൊപ്പം പലിശക്ക് പണമെടുത്ത് പാടശേഖര സമിതിയും മട കുത്താൻ തയാറായിട്ടില്ല.
മുട്ടറ്റം വീടിന് മുന്നിൽ വെള്ളമുള്ള കുടുംബങ്ങളിൽ ചിലർ ക്യാമ്പിലുണ്ട്. ക്യാമ്പിൽ കഴിയാത്തവർ ലോഡ്ജുകളിലും മറ്റും തുടരുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ പലർക്കും ഇത്തവണ ബന്ധുവീടുകളിലും പോകാൻ കഴിഞ്ഞില്ല. ക്യാമ്പുകളിൽ പോകാൻ മടിയുള്ളവർ സാധനങ്ങൾ വാങ്ങി ഒരു സ്ഥലം കേന്ദ്രീകരിച്ച് ഭക്ഷണം പാചകം ചെയ്ത് കഴിച്ച് മുട്ടറ്റം വെള്ളമുള്ള വീടുകളിലേക്ക് പോകുന്നുണ്ട്.
പാടശേഖരത്ത് കൃഷി നശിക്കാതിരിക്കാൻ അണുനാശിനി നടത്തിയതിനാൽ വീടുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്ന് മാരക രോഗങ്ങൾ പിടിപെടുമോയെന്ന ആശങ്കയുമുണ്ട്. വിഷയത്തിൽ സർക്കാർ ജാഗ്രതയോടെ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.