കുട്ടനാട്: 2018ലെ മഹാപ്രളയം മുതൽ ഇങ്ങോട്ട് വെള്ളപ്പൊക്ക ദുരിതങ്ങള്‍ കുട്ടനാടിെൻറ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. വെള്ളം ആഗിരണം ചെയ്യുന്നതിനുള്ള സവിശേഷത നഷ്ടപ്പെട്ടതോടെ കുട്ടനാട്ടിലെ മിക്ക പ്രദേശങ്ങളും ചതുപ്പ് നിലത്തിന് സമാനമായി. കേരളത്തിെൻറ നെല്ലറയും വിനോദ സഞ്ചാരകേന്ദ്രവും കൂടിയായ കുട്ടനാട് പുത്തൻ പദ്ധതികളിലൂടെയുള്ള അതിജീവനത്തിന് കൊതിക്കുകയാണിപ്പോൾ.
കാര്‍ഷിക- വിനോദസഞ്ചാര മേഖലയുമായി ഇഴുകിചേര്‍ന്ന് കുട്ടനാടിന് ഇനിയൊരു ചെറിയ വെള്ളക്കെട്ട് പോലുംതാങ്ങാനാകില്ലെന്നാണ് പരിസ്ഥിതി ഗവേഷകരും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. അപ്രതീക്ഷിത ന്യൂനമർദം വെള്ളപ്പൊക്ക കെടുതിക്ക് ആക്കം കൂട്ടുന്നത് കുട്ടനാട് ജനതയെ ഭീതിയിലാക്കുകയാണ്. വേലിയേറ്റം മൂലം മഴയില്ലാത്തപ്പോഴും നാട് വെള്ളക്കെട്ടിലാകുന്നത് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. വെള്ളപ്പൊക്ക കെടുതികള്‍ക്ക് ശേഷം കുട്ടനാട്- അപ്പര്‍കുട്ടനാട് മേഖലയിലെ വീടുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. നിന്ന നില്പ്പില് വീടുകൾ തകര്‍ന്ന് വീഴുന്ന സംഭവങ്ങള്‍ തുടരുകയാണ്. ബലക്ഷയം സംഭവിച്ച് രണ്ട് വർഷത്തിനിടെ ഇതുവരെ അഞ്ച് വീടുകള്‍ തകര്‍ന്നു. കുറച്ച് വീടുകള്‍ക്ക് ചരിവും വിള്ളലും കണ്ടെത്തിയിട്ടുണ്ട്. വാസയോഗ്യമല്ലാത്ത വീടുകള്‍ കാരണം നിരവധി പേരാണ് ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുന്നത്.
കുട്ടനാടിെൻറ പരിസ്ഥിതി സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ടെങ്കിലും മുന്നിൽ പദ്ധതികളില്ല. അതിനിടെ ഇപ്പോഴും തുടരുന്ന അശാസ്ത്രീയ ഇടപെടലുകളും കൈയേറ്റങ്ങളും പാടശേഖരങ്ങള്‍ നികത്തുന്നതും കുട്ടനാടിന് കനത്ത ആഘാതമാണ്. വർഷാവർഷമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാനും അതിജീവിക്കാനും കഴിയാതെ ഇവിടം ദുർബലമേഖലയായി മാറാന്‍ അധികകാലമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. പശ്ചിമഘട്ടം പരിസ്ഥിതി ലോല പ്രദേശമായി പരിഗണിച്ചപ്പോൾ കുട്ടനാടിനായി അത്തരം പഠനങ്ങളുണ്ടായില്ല. ഇവിടെ ഏതുതരം നിർമാണങ്ങളാണ് അനുയോജ്യം, ഏതുതരം നിർമാണ സാങ്കേതികവിദ്യ വേണം, ഓരോ പ്രദേശത്തും എത്രത്തോളം കെട്ടിടങ്ങൾ നിർമിക്കാം തുടങ്ങിയ പഠനങ്ങൾ അനിവാര്യമാണ്. പാടശേഖരങ്ങളില്‍ അമിതമായി കെട്ടിക്കിടക്കുന്ന എക്കൽ ഇത് കീടബാധക്കും കാരണമാകുന്നതായാണ് കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ പറയുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.