കുട്ടനാട്: ഭൂപ്രകൃതികൊണ്ട് വ്യത്യസ്തമായ കുട്ടനാടൻ കാർഷിക മേഖലയിലെ പ്രവർത്തികൾക്കും ഭൂമിയളവിനുമൊക്കെ ഇനി ഡ്രോൺ. കോവിഡിന്‍റെ പ്രാരംഭ ഘട്ടത്തിൽ പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസ് ഉപയോഗപ്പെടുത്തിയതിന് പിന്നാലെ പാടശേഖരങ്ങളിൽ മിശ്രിതം തളിക്കാനും ഇനി പറക്കുംയന്ത്രം ഉപയോഗപ്പെടുത്തുകയാണ്.
പാടശേഖരത്തിലെ നെൽചെടികളിൽ മിശ്രിതം തളിക്കാൻ ഡ്രോൺ പാടത്ത് എത്തിച്ചുതുടങ്ങി. എടത്വ കൃഷിഭവൻ പരിധിയിൽ വടകര ഇടശ്ശേരി വരമ്പിനകംപാടത്ത് പോഷക മിശ്രിതം തളിക്കലാണ് ഡ്രോണിന്‍റെ ആദ്യ കാൽവെപ്പ്. കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെയും പാടശേഖര സമതിയുടെയും നേതൃത്വത്തിൽ പരീക്ഷണ തളിക്കൽ കഴിഞ്ഞ ദിവസം നടന്നു.
സമ്പൂർണ മൂലകമായ മൈക്രോ ന്യൂട്രിയൻ മിശ്രിതമാണ് തളിച്ചത്. 200 ഏക്കർ വിസ്തൃതിയിലുള്ള പാടശേഖരത്തിൽ 15 ഹെക്ടർ നിലത്തിലാണ് പരീക്ഷണ തളിക്കൽ വിജയകരമായി പൂർത്തിയാക്കിയത്. ഛായഗ്രഹണ രംഗത്തുനിന്ന് മിശ്രിതം തളിക്കലിന് ഡ്രോൺ എത്തിയതോടെ പാടത്തിന്റെ കരയിൽ ആകാംക്ഷയോടെ പൊതുജനങ്ങളും എത്തി. വരുംനാളുകളിൽ കൃഷിയിടങ്ങളിൽ കീട, കള നാശിനികൾ തളിക്കാൻ യന്ത്രം കാർഷിക മേഖല കീഴടക്കുമെന്ന വിശ്വാസമാണ് പാടശേഖര സമിതികൾക്കും കർഷകർക്കമുള്ളത്.
ഭൂരേഖകൾ കൃത്യമായി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടനാട്ടിൽ ഡ്രോണ്‍ ഉപയോഗിച്ചുള്ള റീസര്‍വേയും ആരംഭിച്ചു. കുട്ടനാട് പുളിങ്കുന്ന് വില്ലേജിലാണ് പരീക്ഷണാർഥമുള്ള സർവേയുടെ തുടക്കം. ആദ്യദിനം ശക്തമായ കാറ്റില്‍ തെങ്ങില്‍തട്ടി ഡ്രോണ്‍ തകര്‍ന്നുവീണത് തിരിച്ചടിയായി. പുതിയ ഡ്രോണ്‍ എത്തിച്ച് സര്‍വേ തുടരാനാണ് തീരുമാനം. സര്‍വേ വകുപ്പും കേന്ദ്ര സര്‍വേ ഓഫ് ഇന്ത്യ ജീവനക്കാരുമാണ് മേല്‍നോട്ടം വഹിക്കുന്നത്. ഡ്രോണിന്റെയും മറ്റും സഹായത്തോടെ അഞ്ചുവര്‍ഷംകൊണ്ട് രാജ്യമാകെ നടപ്പാക്കുന്നതാണ് ഡിജിറ്റല്‍ സർവേ പദ്ധതി.
കഴിഞ്ഞ വര്‍ഷമാണ് ഇത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഏതാനും വില്ലേജുകളില്‍ സര്‍വേ നടന്നിരുന്നു. ആലപ്പുഴയിലെ ആദ്യ സര്‍വേയാണ് പുളിങ്കുന്നില്‍ തുടങ്ങിയത്. ഭൂരേഖ വിരല്‍ത്തുമ്പില്‍ എന്ന ആശയത്തോടെയാണ് സര്‍വേ നടത്തുന്നത്. ഭൂമിയെക്കുറിച്ചുള്ള സ്‌കെച്ചിന്റെ പകര്‍പ്പ് ഉള്‍പ്പടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇത് വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയും. ഭൂമി സംബന്ധമായ വിവരങ്ങള്‍ അടങ്ങിയ പ്രോപ്പര്‍ട്ടി കാര്‍ഡും ജനങ്ങള്‍ക്ക് ലഭ്യമാകും.
ബാങ്ക് വായ്പകളും മറ്റും വേഗത്തില്‍ ലഭ്യമാകാനുള്ള ആധികാരിക രേഖയായി ഇത് കണക്കാക്കും. ഭൂമിക്ക് നിലവിലുള്ള സര്‍വേ നമ്പര്‍, സബ് ഡിവിഷന്‍ നമ്പര്‍, തണ്ടപ്പേര്‍ നമ്പര്‍ എന്നിവക്കുപകരം ഭൂമിയിലെ കൈവശങ്ങള്‍ക്കും നിലവിലെ നിയമങ്ങള്‍ക്കും അനുസരിച്ച് പുതിയ നമ്പറും ലഭിക്കും. ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുന്നതോടെ സര്‍വേ റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമാകും.
ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് നിഗമനം. കേരളത്തിലെ മുഴുവന്‍ വില്ലേജുകളും സര്‍വേ ചെയ്യുന്നതിന് സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സര്‍വേ ഡയറക്ടറും ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.