കുട്ടനാട്: വേനൽമഴയില്‍ നിരവധി പാടശേഖരങ്ങളിലെ നെല്ല് വെള്ളത്തില്‍ മുങ്ങി. യുവജന സംഘടനയുടെ കൂട്ടായ്മയില്‍ തരിശുനിലം കൃഷിയോഗ്യമാക്കി കൈക്കൊയ്ത്തില് വിളവെടുത്ത നെല്ല് മുട്ടോളം വെള്ളത്തിലായി.
തലവടി കൃഷിഭവന് പരിധിയിലെ ആനപ്രമ്പാല്‍ കണ്ടങ്കരി കടമ്പങ്കരി തെക്ക് പാടത്ത് വിളവെടുത്ത നെല്ലാണ് മഴവെള്ളത്തില്‍ മുങ്ങിയത്. ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ പേമാരിയില്‍ പാടത്ത് മുട്ടോളം മഴവെള്ളം ഉയര്‍ന്നു. കൊയ്ത്തുയന്ത്രത്തിെൻറ അഭാവത്തില്‍ തൊഴിലാളികളെ ഉപയോഗിച്ച് കൈക്കൊയ്ത്തിലൂടെ നടത്തിയ കറ്റ പാടത്ത് കൂട്ടിയിട്ടിരിക്കുകയായിരുന്നു. തലവടി പുതുമ പരസ്പരസഹായ സംഘത്തിെൻറ നേതൃത്വത്തില്‍ ഇരുപതോളം യുവാക്കളാണ് കൃഷി ചെയ്യുന്നത്. പതിറ്റാണ്ടുകളോളം തരിശായിക്കിടന്ന പാടം ആയിരങ്ങള്‍ ചെലവഴിച്ചാണ് കൃഷിക്ക് സജ്ജമാക്കിയത്. പാടത്തെ വെള്ളം വറ്റിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡീസല്‍ പമ്പ് ഉപയോഗിച്ച് വറ്റിച്ചാണ് കൃഷി ആരംഭിച്ചത്.
നെല്ല് റോഡില്‍ എത്തിച്ച് യന്ത്രസഹായത്തോടെ വിളവെടുപ്പ് നടത്തിയാലും വന്‍ നഷ്ടം നേരിടാന്‍ സാധ്യതയുണ്ടെന്ന് സംഘം പ്രസിഡൻറ് എസ്. അരവിന്ദനും സെക്രട്ടറി കെ.ടി. നന്ദകുമാറും പറഞ്ഞു.
തലവടി കൃഷിഭവനിലെ ചൂട്ടുമാലി പാടത്തെ നെല്ലും വെള്ളത്തില്‍ മുങ്ങി. 110 ഏക്കര്‍ വിസ്തൃതിയുള്ള പാടം കൊയ്യാനിരിക്കെയാണ് വെള്ളത്തിലായത്. വെള്ളം പമ്പ് ചെയ്ത് വറ്റിച്ചാല്‍ മാത്രമേ വിളവെടുപ്പ് നടത്താന്‍ കഴിയൂ. തലവടി എണ്‍പത്തിയെട്ടാം പാടവും വെള്ളത്തില്‍ മുങ്ങി. വിളവെടുത്ത നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വെള്ളത്തില്‍ മുങ്ങിയ സ്ഥലത്തെ നെല്ല് തൊഴിലാളികളെ ഉപയോഗിച്ച് കര്‍ഷകര്‍ വാരിമാറ്റുന്നുണ്ട്. ഈര്‍പ്പത്തിെൻറ പേരില്‍ 12 കിലോ വരെ കുറക്കുമ്പോഴാണ് നിനച്ചിരിക്കാതെ നെല്ല് വെള്ളത്തിലായത്.
എടത്വ കൃഷിഭവന് പരിധിയില്‍ വരുന്ന വട്ടമാലി തെക്ക് പാടശേഖരത്തെ കൃഷിയും വെള്ളത്തില്‍ മുങ്ങി. ഏഴാംതീയതി കൊയ്ത്ത് നടക്കേണ്ടതായിരുന്നു. കൊയ്ത്തുയന്ത്രം എത്താഞ്ഞതാണ് വിളവെടുപ്പ് താമസിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. തലവടി, എടത്വ കൃഷിഭവന് പരിധിയില്‍ വിളവെടുപ്പുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുണ്ടായ നഷ്ടം ഉടന്‍ പരിഹരിക്കണമെന്ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.