കുട്ടനാട്: കനത്തമഴയെ തുടര്‍ന്ന് അപ്പര്‍കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍. നിരണം, കടപ്ര, മുട്ടാര്‍, തലവടി, വീയപുരം, എടത്വ, തകഴി, ആയാപറമ്പ്, കാരിച്ചാല്‍, പാണ്ടി പ്രദേശങ്ങളാണ് വെള്ളക്കെട്ടില്‍ മുങ്ങിയത്. മൂന്ന് ദിവസമായി പെയ്യുന്ന കനത്തമഴയും കിഴക്കന്‍ വെള്ളത്തിെൻറ വരവും ശക്തിപ്രാപിച്ചതോടെ അപ്പര്‍കുട്ടനാട്ടില്‍ വീണ്ടുമൊരു വെള്ളപ്പൊക്കത്തിനു സാധ്യത വർധിച്ചു. പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ ഡാമുകള്‍ തുറക്കാനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളും ഗ്രാമീണ റോഡുകളും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. ഒരുമാസത്തിനുമുമ്പ് സമാന സാഹചര്യത്തില്‍ കുട്ടനാട്ടിലെ മിക്ക സ്ഥലങ്ങളിലും ഗതാഗതം സ്തംഭിക്കുകയും താഴ്ന്ന പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു.
മൂന്ന് ദിവസം കൂടി മഴ കനക്കുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കുമ്പോള് 2019ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോയെന്ന് ആശങ്കയിലാണ് ജനങ്ങള്‍. തിങ്കളാഴ്ച രാവിലെ മഴ അൽപം ശമിച്ചെങ്കിലും വൈകീട്ടോടെ കനത്തമഴയും കാറ്റും വീണ്ടുമെത്തി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കഴിയുന്ന താമസക്കാരാണ് ഏറെ കരുതലോടെ രാത്രി തള്ളിനീക്കുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ എടത്വ പാണ്ടങ്കരി പ്രദേശത്തെ തുരുത്തില് താമസിച്ച വൃദ്ധമാതാപിതാക്കളെയും രണ്ട് കുട്ടികളെയും മാതാവിനെയും ഏറെ പണിപ്പെട്ടാണ് പൊലീസ് കരക്കെത്തിച്ചത്. വെള്ളപ്പൊക്കം രൂക്ഷമായാല്‍ കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ ജനങ്ങളെ മാറ്റി താമസിപ്പിക്കാനും ക്യാമ്പുകള്‍ തുറക്കാനും റവന്യൂ വകുപ്പിെൻറ ഏറെ പണിപ്പെടേണ്ടി വരും. തകഴി, എടത്വ, തലവടി പ്രദേശങ്ങളില്‍ കോവിഡ് ബാധിതർ വർധിച്ചുവരുന്നതിനാല്‍ ക്യാമ്പുകളില്‍ കഴിയാനും പൊതുജനങ്ങള്‍ താൽപര്യപ്പെടാറില്ല.
മിക്കവരും ബന്ധുവീടുകളില്‍ അഭയം തേടാനാണ് സാധ്യത. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ റവന്യൂ, തദ്ദേശ സ്ഥാപനങ്ങള്‍ക്കൊപ്പം ആരോഗ്യവകുപ്പും പൊലീസും അഗ്നിരക്ഷാസേനയും കിണഞ്ഞ് പരിശ്രമിച്ചാല്‍ മാത്രമേ ക്യാമ്പുകളുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.