കുട്ടനാട്: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ വ്യാഴാഴ്ച വിളവെടുപ്പ് ആരംഭിക്കാനിരുന്ന സി ബ്ലോക്ക് കായലിൽ മടവീഴ്ച. കൈനകരി കൃഷിഭവൻ പരിധിയിലെ 900 ഏക്കറോളം പാടത്ത് ചൊവ്വാഴ്ച പുലർച്ച അഞ്ചോടെയാണ് മടവീഴ്ചയുണ്ടായത്.
ആറ്റിലെ വെള്ളത്തിന്റെ മർദത്തെത്തുടർന്ന് പാടത്തെ മോട്ടോർതറയുടെ പെട്ടിമടയുടെ അടിഭാഗത്ത് വിള്ളലുണ്ടാകുകയും വെള്ളം പാടത്തേക്ക് കയറുകയുമായിരുന്നു. വെള്ളപ്പാച്ചിലിൽ പെട്ടിമട തള്ളിപ്പോകുകയായിരുന്നു. മടവീഴ്ച മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കുട്ടനാട് പാക്കേജുപ്രകാരം പുറംബണ്ടിന്റെ നിർമാണപ്രവൃത്തി നടന്ന കായലാണിത്. ഇവിടെയുണ്ടാകുന്ന മടവീഴ്ച നിർമാണത്തിന്റെ നിലവാരമില്ലായ്മയാണ് പ്രകടമാക്കുന്നത്. പുറംബണ്ട് നിർമാണത്തിന് ബണ്ടിനരികിൽനിന്നുതന്നെയാണ് ചളിയെടുത്തിരുന്നത്. ഇത് പുറംബണ്ട് ദുർബലമാകാനും മടവീഴ്ചക്കും കാരണമായെന്ന് കർഷകർ പറയുന്നു. അതേസമയം, കുട്ടനാട്ടിൽ ക്രമാതീതമായി ജലനിരപ്പുയരുന്നത് വിളവെടുപ്പു പൂർത്തിയാകാത്ത പാടശേഖരങ്ങൾക്ക് ഭീഷണിയായി തുടരുകയാണ്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ വേലിയിറക്ക സമയങ്ങളിൽ ഉയർത്തി അധികജലം കടലിലേക്ക് ഒഴുക്കിക്കളയണമെന്ന് കർഷകർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം ഷട്ടറുകൾ ഉയർത്തിയെങ്കിലും ഇത് കാര്യക്ഷമമായല്ല പ്രവർത്തിപ്പിക്കുന്നതെന്നാണ് പരാതി. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കുട്ടനാട്ടിലെ താഴ്ന്ന ജനവാസമേഖലകളും വെള്ളത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.