ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവിൽ കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശങ്ങൾ മുങ്ങി. പമ്പ, മണിമല, അച്ചൻകോവിൽ നദികൾ കരകവിഞ്ഞതോടെ ഒഴുകിയെത്തിയ ‘പ്രളയജലം’ നൂറുകണക്കിന് വീടുകളിലാണ് ഇരച്ചുകയറിയത്. ഏഴിടങ്ങളിൽ മടവീണതോടെ ഗ്രാമീണ റോഡുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി.
മുട്ടാർ, ചമ്പക്കുളം, പുളിങ്കുന്ന്, കാവാലം, വെളിയനാട്, മങ്കൊമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയർന്നതോടെ കാവാലം ജങ്കാർ സർവിസ് താൽക്കാലികമായി നിർത്തി. കാലവർഷക്കെടുതിയിൽ ഒരുമരണവും ജില്ലയിലുണ്ടായി. കഞ്ഞിക്കുഴിയിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് കർഷകത്തൊഴിലാളി കോഴികുളങ്ങര ബാബുവാണ് (61) മരിച്ചത്. വെള്ളിയാഴ്ച മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും തീരദേശ മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായിരുന്നു.
കുട്ടനാട്ടിലെ ഗ്രാമീണ റോഡുകളും പ്രധാന പാതകളും വെള്ളത്തിലായതോടെ പലയിടത്തും ജനങ്ങൾ ഒറ്റപ്പെട്ടു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ പലയിടത്തും വെള്ളംകയറി ഗതാഗതം നിലച്ചു. കെ.എസ്.ടി.ആർ.ടി.സി എടത്വ ഡിപ്പോയും ചമ്പക്കുളം ബസ്സ്റ്റാൻഡും വെള്ളത്തിൽ മുങ്ങിയതോടെ സർവിസുകൾ പൂർണമായും നിർത്തിവെച്ചു. എ.സി കനാൽ നിറഞ്ഞ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പലയിടത്തും കൂടുതൽ വെള്ളംകയറി. മനക്കച്ചിറ മുതൽ കിടങ്ങറവരെയും ഒന്നാംകരയിലുമാണ് സ്ഥിതി രൂക്ഷം. കാവാലം, പുളിങ്കുന്ന്, മങ്കൊമ്പ്, ചമ്പക്കുളം, മുട്ടാർ അടക്കം പ്രദേശങ്ങളാണ് മുങ്ങിയത്. മുട്ടാർ വെള്ളം കൂടിയതോടെ കൂടുതൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. ചെങ്ങന്നൂർ, തിരുവൻവണ്ടൂർ, പാണ്ടനാട് പഞ്ചായത്തുകളിലാണ് ദുരിതമേറിയത്.
പുന്നപ്ര തെക്ക് പഞ്ചായത്തിലെ പറയക്കാട്, മാനങ്കേരി, ചമ്പക്കുളം ഇടംപാടം, എടത്വ വിരിശ്ശേരി പുത്തൻവരമ്പിനകം, അമ്പലപ്പുഴ തെക്ക് അമ്പലപ്പുഴ പാടം, അമ്പലപ്പുഴ പുളിക്കൽപാടം എന്നിവിടങ്ങളിലാണ് മടവീണത്. മൊത്തം 2814.62 ഹെക്ടർ കൃഷിയാണ് വെള്ളമെടുത്തത്. 15.70 കോടി രൂപയുടെ നഷ്ടമുണ്ടായി.
അപ്പർ കുട്ടനാട്ടിലെ നെടുമ്പ്രം, നിരണം, തലവടി ഭാഗങ്ങളിലാണ് ജലനിരപ്പ് നേരിയ തോതിൽ താഴ്ന്ന് തുടങ്ങിയത്. തലവടി പ്രദേശത്തെ കിടപ്പ് രോഗിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തലവടി ചെമ്പടി ജോഷ്വായെ (80) ആണ് മാറ്റിയത്. ആശ പ്രവർത്തക ബിന്ദു നന്ദൻ അറിയിച്ചതിനെ തുടർന്ന് ബ്ലോക്ക് പ്രസിഡന്റ് ജീൻസി ജോളി,, ബ്ലോക്ക് അംഗം അജിത്ത് പിഷാരത്ത് എന്നിവരുടെ നേത്യത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.