കുട്ടനാട്: സ്ഥാനാർഥിയാക്കി മണിക്കൂറുകൾക്കകം പേര് അപ്രത്യക്ഷമായി. ഒരു മാസമായി സ്ഥാനാർഥിയാകുമെന്ന സൂചന പാർട്ടി നേതൃത്വത്തിൽനിന്ന് കിട്ടിയിരുന്നു. ജില്ല ഘടകം തൊട്ട് താഴേക്ക് അനുമതി മാത്രം മതിയായിരുന്നു പ്രഖ്യാപനത്തിന്. ഒടുവിൽ ഏറെ വൈകി കഴിഞ്ഞ ഞായറാഴ്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. മഹേശ്വരി വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് കാവാലം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥിയായി. എന്നാൽ, എല്ലാം മാറിമറഞ്ഞതു പെട്ടെന്നായിരുന്നു.
തിങ്കളാഴ്ച ഏരിയ കമ്മിറ്റി ഓഫിസിലെത്തിയപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ: നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഇല്ല, അതിനാൽ ഒഴിവാകുന്നു. വീട്ടമ്മയായ മഹേശ്വരിയെ പാർട്ടി ഓഫിസിൽനിന്ന് വിളിച്ച് സ്ഥാനാർഥിയായി കളത്തിലിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഫോട്ടോ ആവശ്യപ്പെട്ട് ഫ്ലക്സ് അടിയും തുടങ്ങി. സ്ഥാനാർഥിത്വം ഉറപ്പിച്ച് ഗുരുക്കന്മാരെക്കണ്ട് അനുഗ്രഹം വാങ്ങി വോട്ട് അഭ്യർഥനയും തുടങ്ങി. താൻ സ്ഥാനാർഥിയല്ലെന്ന് ഫേസ്ബുക്കിലൂടെ അറിയിക്കുന്ന തിരക്കിലാണിപ്പോൾ. മഹേശ്വരിക്ക് സീറ്റ് നിഷേധിച്ചതിൽ പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിലും അതൃപ്തി പുകയുന്നുണ്ട്. അവസാന നിമിഷം പാർട്ടി ഓഫിസിൽ വിളിച്ച് വോട്ടർ പട്ടികയിൽ പേര് ഇല്ലെന്ന് പറഞ്ഞതിനു പിന്നിൽ അടവുണ്ടെന്നാണ് പാർട്ടിയിലുള്ളവർതന്നെ പറയുന്നത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ അടുത്ത ബന്ധുവാണ് പുതിയ സ്ഥാനാർഥി. മഹേശ്വരിയെ തഴഞ്ഞ് മിനിറ്റുകൾക്കുള്ളിൽ പുതിയ സ്ഥാനാർഥിയുടെ ഫ്ലക്സും ഉയർന്നു. വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയതാണന്ന സംശയവും പങ്ക് വെച്ചവരുണ്ട്.
മുമ്പ് വി.എസ് പക്ഷക്കാർ ഏറെയുണ്ടായിരുന്ന സ്ഥലം കൂടിയാണ് കാവാലം. ഇതിനിടെ ഏരിയ സെക്രട്ടറി പാർട്ടി മാനദണ്ഡങ്ങൾ മാനിക്കാതെ കാവാലം പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥാനാർഥിയായെന്ന ആക്ഷേപവും പാർട്ടിക്കുള്ളിൽനിന്ന് ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.