കുട്ടനാട്: അടുത്ത സീസണ്‍ മുതല്‍ നെല്‍കര്‍ഷകര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പരിഗണനയിലാണെന്ന് മന്ത്രി ജി.ആര്‍. അനില്‍. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാന്‍ കര്‍ഷകര്‍ക്ക് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനമാണ് ഇക്കുറി ഏര്‍പ്പെടുത്തിയത്. സാങ്കേതിക പരിജ്ഞാനം ഇല്ലായ്മയും നൂലാമാലകള്‍ ഭയന്നും കുറച്ചു കര്‍ഷകര്‍ പദ്ധതിയില്‍നിന്ന് വിട്ടുനിന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ കൃഷി ഇറക്കുമ്പോള്‍തന്നെ സപ്ലൈകോ മുഖേന സൈറ്റില്‍ രജിസ്റ്റര്‍ ആവുന്ന രീതിയാണ് പരീക്ഷിക്കുക.
ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെങ്കിലും കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഹെക്ടറിന് 12,500 വീതം സര്‍ക്കാര്‍ ധനസഹായം ഉറപ്പായും ലഭിക്കും. കൊയ്ത്തുയന്ത്രങ്ങള്‍ക്ക് തമിഴ്‌നാടിനെ ആശ്രയിക്കുന്ന രീതിയും മാറ്റാന്‍ ആലോചിക്കുന്നുണ്ട്. നെല്ലിന്റെ കൈകാര്യ ചെലവ് വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്.
പാഡി രസീത് കൊടുത്താല്‍ മൂന്നുദിവസത്തിനകം കര്‍ഷകരുടെ അക്കൗണ്ടില്‍ പണം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിർദേശം. ഇത് വൈകുന്നത് പരിശോധിക്കും. കുട്ടനാട്ടിലെല്ലാം മികച്ച വിളവായിരുന്നു ഇക്കുറി. കൃഷിയില്‍ വലിയ ലാഭം കിട്ടുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നു.
86,600 മെട്രിക് ടണ്‍ നെല്ല് സംഭരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ 49,413 മെട്രിക് ടണ്‍ മാത്രമാണ് സംഭരിക്കാന്‍ സാധിച്ചത്. 43 ശതമാനം നെല്ല് നശിച്ചു. കൊയ്ത്തും സംഭരണവും പരമാവധി ഊര്‍ജിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നെല്ലിന് അമിത കിഴിവ് മില്ലുടമകള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. തർക്കം പരിഹരിക്കാൻ സപ്ലൈകോ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.