കുട്ടനാട്: മഴ കനത്തതോടെ കുട്ടനാട്ടിൽ രണ്ടാംകൃഷി വിളവെടുപ്പും സംഭരണവും പ്രതിസന്ധിയിൽ. ചമ്പക്കുളം കൃഷിഭവൻ പരിധിയിൽപെട്ട ഉത്തൻവേലി, എടത്വ കൃഷിഭവനിലെ വടകര ഇടശ്ശേരി വരമ്പിനകം പാടത്തെ വിളവെടുപ്പും സംഭരണവുമാണ് പ്രതിസന്ധിയിലായത്. 70 ഏക്കർ വിസ്തൃതിയിലെ ഉത്തൻവേലി പാടത്ത് വിളവെടുപ്പ് ആരംഭിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
വിളവെടുത്ത നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. മഴവെള്ളം വയലിൽ നിറഞ്ഞതോടെ പാടത്ത് കൂട്ടിയിട്ട നെല്ല് വാരിമാറ്റാനുള്ള തിരക്കിട്ട ശ്രമത്തിലാണ് കർഷകർ. എന്നാൽ, മഴ തുടരുന്നത് കാരണം നെല്ല് കരയിലേക്ക് മാറ്റാൻ പറ്റാത്ത അവസ്ഥയുണ്ട്. വിളവെടുത്ത നെല്ലിന് പുറമേ കൊയ്യാനുള്ള നെല്ലും പാടത്ത് അടിഞ്ഞുകിടക്കുകയാണ്. വയലിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിയുന്നില്ല.
എടത്വ കൃഷിഭവൻ പരിധിയിൽപെട്ട വടകര ഇടശ്ശേരി വരമ്പിനകം പാടത്തെ അവസ്ഥയും വ്യത്യസ്തമല്ല. 70 ഏക്കറിൽ 15 ഏക്കറോളം മാത്രമാണ് വിളവെടുപ്പ് നടന്നത്. വിളവെടുത്ത നെല്ല് കർഷകർ പാടത്ത് കൂട്ടിയിട്ടിട്ടുണ്ട്. കൊയ്യാനുള്ള സ്ഥലങ്ങളിലെ നെല്ല് മഴവെള്ളത്തിൽ വീണടിഞ്ഞ് കിടക്കുകയാണ്. മിക്ക കർഷകരുടെയും നെല്ല് വെള്ളത്തിൽ മുങ്ങി ചീഞ്ഞളിയാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 27ന് വിളവെടുപ്പ് നടത്താൻ പാടശേഖര സമിതി തീരുമാനിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം വിളവെടുപ്പ് ആരംഭിച്ചെങ്കിലും വീണ്ടും മഴ കനത്തതോടെ വിളവെടുപ്പ് നിലച്ചു. മഴ ശമനമില്ലാതെ തുടർന്നാൽ കർഷകർക്ക് പാടം സംരക്ഷിച്ച് നിർത്താൻ ബുദ്ധിമുട്ടാകും. കിഴക്കൻ വെള്ളത്തിെൻറ വരവ് കൂടിയതോടെ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുകയാണ്. കാലവർഷ കെടുതി തരണംചെയ്താണ് കർഷകർ വിളവെടുപ്പുവരെ എത്തിയത്. അതിനിടെയാണ് കാലംതെറ്റി മഴ. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.