കുട്ടനാട്: കുട്ടനാട്ടിൽ നെൽകൃഷി അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ മുൻ വർഷങ്ങളിലെപ്പോലെ വില്ലനായി പോള രംഗത്തെത്തി. തോടുകളിൽനിന്നും ചതുപ്പുനിലങ്ങളിൽനിന്നും തള്ളിവിടുന്ന വലിയ പോളക്കൂട്ടവും കടകലും മറ്റുമാണ് ഇപ്പോൾ ഗതാഗതത്തിനുതന്നെ ഭീഷണിയാകുന്നത്. ചെറുപോളക്കൂട്ടങ്ങളുടെ സാന്നിധ്യം മൂലം ചില പ്രധാന തോടുകളിൽ ഇതിനകം ഗതാഗതം തടസ്സപ്പെട്ടു.
ചെറുവള്ളങ്ങൾക്കും യന്ത്രവത്കൃത വള്ളങ്ങൾക്കുമാണ് ഇപ്പോൾ ഗതാഗത തടസ്സം നേരിടുന്നത്. കുട്ടനാട്ടിൽ കൊയ്ത്തുകാലമായതിനാൽ കർഷകരെയും തൊഴിലാളികളെയും ഇത് സാരമായി ബാധിക്കുന്നു. തണ്ണീർമുക്കം ബണ്ടിെൻറ ഷട്ടറുകൾ അടഞ്ഞുകിടക്കുന്നതിനാൽ ജലാശയങ്ങളിൽ ഇപ്പോൾ ഒഴുക്കുനിലച്ച നിലയിലാണ്. അതിനാൽ ഇവ ഏതെങ്കിലും ഒരു പ്രദേശത്തുതന്നെ തങ്ങിക്കിടക്കുകയാണ്. തോടുകളിൽ ഗതാഗതത്തിനു പുറമെ ശുദ്ധജല ലഭ്യതക്കും ഇടയാക്കുന്നുണ്ട്. ഇടക്കിടെ മഴയുള്ളതിനാൽ ഇവ വളർന്നുകൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിക്കുന്നതിനും ഗതാഗതതടസ്സം കൂടിയേക്കും.
പോളക്കുപുറമെ വലിയ കടകൽ കൂട്ടങ്ങളും ആറ്റിൽ ഒഴുകി നടക്കുന്നത് നാട്ടുകാർക്കു ബുദ്ധിമുട്ടാക്കുന്നു. കാവാലം ആറ്റിലാണ് ഇപ്പോൾ കടകൽ ശല്യം കൂടുതലായി അനുഭവപ്പെടുന്നത്. 75 മീറ്ററോളം വീതിയുള്ള ആറ്റിൽ ഏതാണ്ട് മുക്കാൽ ഭാഗത്തോളം നിറഞ്ഞൊഴുകുന്ന കടകൽകൂട്ടങ്ങൾ വരെയുണ്ട്. ജങ്കാർ കടവിലും പരിസരത്തുമായി ഒഴുകി നടന്ന ഇത്തരം കൂട്ടങ്ങൾ ജലഗതാഗത വകുപ്പിെൻറ സർവിസുകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. യന്ത്രവത്കൃത ചെറുവള്ളങ്ങളും ഏറെ പ്രയാസപ്പെട്ടാണ് സർവിസ് നടത്തിയിരുന്നത്. കുത്തുവലയും മറ്റും ഉപയോഗിച്ചു മീൻ പിടിക്കുന്നതിെൻറ ഭാഗമായാണ് ഇടത്തോടുകളിലും ചതുപ്പുപ്രദേശങ്ങളിലും തങ്ങിക്കിടക്കുന്ന പോളക്കൂട്ടങ്ങൾ പൊതുജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പൊതുജലാശയങ്ങളിലേക്ക് പോള തള്ളിവിടുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.